ചായക്കപ്പിലെ ഭൂതകാലം


ഇന്ന് ഞാൻ ജനലിലൂടെ കാണുന്ന മഞ്ഞുമഴ..മനസിന്റെ ഓർമചെപ്പിലെ വേനൽ മഴയോടൊരു മൽപ്പിടുത്തമായിരുന്നു….കയ്യിലെ ചായക്കപ്പിൽനിന്നും ആർത്തിയോടെ പുറത്തുവരുന്ന ആവി, വേഗത്തിൽ തണുത്തുമരവിക്കുവാനുള്ള ആവേശത്തിലായിരുന്നു . ചായയുടെ ഗന്ധം എന്റെ നാസികകളെ അലോസരപ്പെടുത്തിയോ അതോ ഇഞ്ചിയുടെ ഗന്ധം വമിക്കുന്ന ആ ചായക്കപ്പിനെ ഞാൻ പ്രണയിച്ചോ? അറിയില്ല
രക്തം ഉറയുന്ന പുറത്തെ മഞ്ഞു മഴയിലും, ഉള്ളിലെ മീനമാസ ചൂടിൽ ആത്മാവിലെ ആഴങ്ങളിൽ ഒരു ഭൂതത്തെപോലെ ഭൂതകാലം ഉന്മാദ നൃത്തം ആടുമ്പോൾ ഇന്നിന്റെ മഞ്ഞുമഴയാണോ , അതോ ഇന്നലകളിലെ പുതുമണ്ണിന്റെ ഗന്ധം പരത്തുന്ന ഇടവപ്പാതിയാണോ എനിക്ക് പ്രിയപ്പെട്ടത് ?..
നീലപ്പാവാടയിൽ നനഞ്ഞു കുതിർത്ത വൈകുന്നേരങ്ങളിൽ , സ്കൂൾ വിട്ടു വരുമ്പോൾ പാതയോരങ്ങളിലെ ചെളിക്കുണ്ടുകളിൽ കൂട്ടുകാരുമൊത്തു കളിച്ചു തിമിർത്ത ബാല്യകാലം . ചേറുകളാൽ പലവിധ ചിത്രപണികൾ വരച്ച കുഞ്ഞു പാവാടയിലെ ബാല്യകാലമാണോ , അതോ ശീതകാല ജാക്കറ്റുകളിൽ കൊടും തണുപ്പിനെ പടിഇറക്കിവിടുന്ന ഇന്നിന്റെ യൗവ്വനകാലമാണോ എനിക്ക് പ്രിയപ്പെട്ടത് ?..