ട്രംപ് പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറിയ വാർത്ത തികഞ്ഞ  വേദനയോടെയാണ് ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികൾ ഏറ്റെടുത്തത് ..എവിടെയും ചർച്ചകൾ ..പ്രസംഗങ്ങൾ ….ആകുലതകൾ …എന്നാൽ നമ്മുടെ വീടുകളിലെ ശീലങ്ങളിൽ അല്പമൊന്നു മാറ്റം വരുത്തിയാൽ,  വളരെ നിസ്സാരമെന്നു തോന്നാമെങ്കിലും ഈ പരിസ്ഥിതിക്ക് വേണ്ടി നമുക്കും എന്തെങ്കിലുംചെറിയ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമായിരിക്കും. 

 

വർഷങ്ങൾക്കുമുമ്പ് ഈ നാട്ടിൽ എത്തിപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ചതും  ഇവരുടെ മാലിന്യനിർമ്മാർജ്ജന  സംസ്കാരം തന്നെ. ആദ്യമൊക്കെ ഈ തരം തിരിക്കൽ വളരെ ബുദ്ധിമുട്ടു തോന്നിയെങ്കിലും ഇതിപ്പോൾ ഞങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായി മാറി. പേപ്പർ, ജൈവ മാലിന്യങ്ങൾ, ഗ്ലാസ്, കാർഡ്ബോർഡ് ,ലോഹങ്ങൾ ,പ്ലാസ്റ്റിക് എന്നിവയെല്ലാം പ്രത്യേകം തരം തിരിച്ചാണ് നമ്മൾ ഗാർബേജ് ബിന്നുകളിൽ ഇടുന്നത്.

സത്യം പറഞ്ഞാൽ ഈ തരം തിരിക്കൽ വളരെ സംതൃപ്‌തി നൽകുന്നുണ്ട് ഇപ്പോൾ .ആഗോള താപനവും പരിസ്ഥിതി സംരക്ഷണവുമൊക്കെ എവിടെയും മുഴങ്ങി കേൾക്കുന്ന ഈ കാലത്തു  അവയെക്കുറിച്ചു വളരെയധികം വാചാലരാകുന്നവരുടെ ഇടയിൽ  നമുക്ക് ചെയ്യുവാൻ സാധിക്കുന്ന ഇതുപോലുള്ള  ‘ഇമ്മിണി’ വലിയ  കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ‘നുറുങ്ങു’ സന്തോഷങ്ങൾ. 

മാലിന്യങ്ങൾ തരം തിരിച്ചു നിർമ്മാർജനം ചെയ്യുവാനുള്ള അവസരങ്ങൾ എല്ലാ നാടുകളിലും ഒരുപോലെ ഉണ്ടാവണമെന്നില്ല. പ്രത്യേകിച്ച് നമ്മുടെ കൊച്ചു  കേരളത്തിലൊക്കെ, ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും  അതിനുള്ള സൗകര്യങ്ങൾ ഇപ്പോൾ അധികമില്ല . എന്നാൽ മാലിന്യസംസ്കരണത്തിന് അവസരവും സൗകര്യവുമുള്ള ഇടങ്ങളിൽ അത് ചെയ്യുന്നതിൽ ,അതിനുവേണ്ടി ഒരല്പം സമയം മാറ്റിവയ്ക്കുന്നതിൽ എന്താണ് തെറ്റ് ?