പ്രതീക്ഷാഭരിതമായിരുന്നു 2020ന്റെ പുലരിയും . പുത്തൻ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് 2020 നെയും നാം വരവേറ്റത് .പുത്തൻ പ്രതിജ്ഞകളുമായി ഒരു നല്ല നാളേക്കുവേണ്ടി ഉല്സുകരായിരുന്നു കഴിഞ്ഞ വർഷത്തിന്റെ ആദ്യം നാമേവരും. 2020 ൽ പോകേണ്ട സ്ഥലങ്ങളുടെയും പൂർത്തീകരിക്കേണ്ട ഉദ്യമങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി ആകാശക്കോട്ട കെട്ടിയ നമ്മൾ ഒരു നിമിഷം പകച്ചു പോയി. ചരിത്ര താളുകളിൽ മാത്രം കേട്ടിട്ടുള്ള മഹാമാരി കഥകൾ നമ്മുടെ വീട്ടു മുറ്റത്തുമെത്തി . ലക്ഷക്കണക്കിന് നിരപരാധികൾ ഭൂമുഖത്തു നിന്നും തുടച്ചുനീക്കപ്പെട്ടു. വായും മൂക്കും മൂടി കെട്ടുവാനും  അനുസ്യൂതം കൈ കഴുകുവാനും  ലോകം മുഴുവനും  നിർബന്ധിതരായി. പല കാര്യങ്ങളിലും കണിശത കല്പിച്ചിരുന്നു നമ്മൾ; എന്നാൽ വേണ്ടിവന്നാൽ  എന്തിനും വിട്ടുവീഴ്ചകൾ  ചെയ്യാമെന്ന് നമ്മളും പഠിച്ചു: അല്ല പഠിപ്പിച്ചു. 



കഴിഞ്ഞ വർഷത്തെ വീരയോദ്ധാക്കൾ അമ്പലവും പള്ളിയും മോസ്‌കും പണിതു കയ്യടി നേടിയവരല്ല. മത വംശീയ വിദ്വേഷംഎന്ന മാരക വിഷം   മനുഷ്യ മനസുകളിൽ ചെറിയ ഡോസായി കുത്തി നിറയ്ക്കുന്ന മഹത്തായനേതാക്കളല്ല, അവനവൻ ജനിച്ച കുലത്തിലും ജാതിയിലും അഭിമാനപുളകിതരാകുവാൻ പ്രേരിപ്പിക്കുന്ന മതനേതാക്കളല്ല, ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ ചിന്തിപ്പിക്കുന്ന രാഷ്ട്രീയനേതൃത്വമല്ല  മറിച്ചു,  ഈ സൂക്ഷ്മ ജീവിക്കെതിരെയുള്ള യുദ്ധത്തിൽ നമ്മുടെ ജീവൻ കാക്കുവാൻ അക്ഷീണം യഞ്ജിച്ച ആരോഗ്യപ്രവർത്തകർ തന്നെ !



ജാതി, മത, വംശ, വർണ്ണ വ്യത്യാസമില്ലാതെ ഒരു ജീവൻ പോലും പൊലിയാതിരിക്കുവാൻ ദേഹമാസകലം മൂടിക്കെട്ടി ദാഹജലം പോലും കുടിക്കുവാൻ കഷ്ടപ്പെട്ട് കുടുംബങ്ങളിൽ നിന്നും കുട്ടികളിൽ നിന്നും അകലെ  ആശുപത്രികളിൽ അക്ഷീണം ജോലി ചെയ്യുന്ന ഡോക്ടർമാർ,നേഴ്സ്മാർ മറ്റു ആരോഗ്യപ്രവർത്തകർ, ഈ കുഞ്ഞു ജീവിയെ പടിയിറക്കി വിടാനായി  വാക്‌സിനേഷനുവേണ്ടി കഠിനജോലി ചെയ്യുന്ന ലബോറട്ടറി വിദഗ്ധർ എന്നിവർ തന്നെ ഈ മൂന്നാം ലോക യുദ്ധത്തിലെ നമ്മുടെ കഥാനായകർ. നമ്മുടെ വീടുകളിലെ ചാരുകസേരകളിൽ ഇരുന്നു എനിക്കും നിങ്ങൾക്കും വെറും താത്വികമായ   അവലോകനംനടത്തുവാൻ അവസരം ഒരുക്കിത്തരുന്ന എല്ലാ നല്ലവരായ നേതാക്കൾക്കും ആരോഗ്യപ്രവർത്തകർക്കും നന്ദി.

പ്രതീക്ഷാഭരിതമാവട്ടെ 2021 ന്റെ പുലരിയും. ഈ വർഷവും നമ്മൾ പൊരുതി നേടുക തന്നെ ചെയ്യും. പ്രകൃതിയിലെ ഓരോ ജീവന്റെ തുടിപ്പും പ്രതീക്ഷാ  കിരണങ്ങൾ പ്രധാനം ചെയ്യട്ടെ . സുരക്ഷിതമായ ഒരു 2021 ന്റെ കവചം മാനവരാശിയെ  മുഴുവൻ ആലിംഗനം ചെയ്യട്ടെ !