ഈ വർഷത്തെ ആദ്യ മഞ്ഞുമഴയുടെ സന്തോഷത്തിലാണ് ഇന്ന് ഫിൻലന്റിൽ എല്ലാവരും . കഴിഞ്ഞ വർഷങ്ങളിൽ ഒന്നും തന്നെ പ്രതീക്ഷിച്ചപോലെ മഞ്ഞു വീഴ്ച ഇല്ലായിരുന്നു ഇവിടെ. വ്യാകുലതകളുടെ 2020 ൻറെ ഈ അവസാന പാദത്തിൽ , പ്രത്യാശയുടെ കണിക പോലെ തുഷാരം പെയ്തിറങ്ങിയപ്പോൾ എല്ലാവരും സന്തോഷഭരിതരാണ്.
നവംബർ ,ഡിസംബർ,ജനുവരി മാസങ്ങൾ ഇങ്ങോട്ട് വരാതെ സാധാരണ പിണക്കത്തിലാണ് സൂര്യൻ. അതിനാൽ ഇരുട്ടുമൂടിയ ഈ നവംബർ മാസത്തിൽ , ഒരു സൂക്ഷ്‌മ ജീവി വരുത്തി വച്ച വിനാശത്തിൽ, പഠിപ്പിച്ച ജീവിത പാഠങ്ങളിൽ , കാറുനിഞ്ഞ മനസുമായി , സംഭ്രമത്തോടെ ഭാവിയിലേക്ക് തുറിച്ചുനോക്കുന്ന ഈ അവസരത്തിൽ, സ്‌നിഗ്‌ദ്ധമായ മഞ്ഞു കണികകളുടെ വെണ്മ അനിവാര്യം തന്നെയാണ് ഈ നാട്ടിൽ.