രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാനതകളില്ലാത്ത കെടുതികളിൽ ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ട ലക്ഷക്കണക്കിന് നിരപരാധികളോടുള്ള വിധേയത്വമായിട്ടാവണം 1948 ഡിസംബർ 10 നു യൂ എൻ മനുഷ്യാവകാശ ദിനമായി പ്രഖ്യാപിച്ചത് . എന്നാൽ ജാതിയുടെയും നിറത്തിന്റെയും വി വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും ലിംഗവിവേചനത്തിന്റെയും പേരിൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യാവകാശ ധ്വംസനത്തിന്റെ ക്രൂരതകൾ അലയടിക്കുന്നു.
സമ്പന്നർക്കും ദരിദ്രർക്കുമിടയിലെ ജീവിതനിലവാരത്തിലെ വിള്ളൽ തുറന്നു കാണിക്കുന്നതായിരുന്നു ഈ വർഷം പ്രത്യേകിച്ചും. “എനിക്ക് ശ്വാസം കിട്ടുന്നില്ല” എന്നു പറഞ്ഞ ജോർജ് ഫ്ലോയ്ഡ് മുതൽ, കോവിഡ് നിയന്ത്രണങ്ങളിൽ ഉലഞ്ഞു , സ്വന്തം ഗ്രാമങ്ങളിൽ പോയി അന്തി ഉറങ്ങാമെന്ന പ്രതീക്ഷയോടെ കുഞ്ഞുങ്ങളുമായി കൂട്ട പാലായനം ചെയ്ത്, ആ യാത്രയിൽ ജീവൻ പൊലിഞ്ഞുപോയ അതിഥി തൊഴിലാളികൾ വരെ 2020 ന്റെ മനുഷ്യ മനസിനെ പിടിച്ചുലച്ച കാഴ്ചകളായിരുന്നു. 2020 ലെ വ്യത്യസ്തമായ സാഹചര്യങ്ങൾ മുൻനിർത്തി ഇത്തവണത്തെ മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം ‘Recover Better – Stand Up for Human Rights’ എന്നാണ്.
കോവിഡിനെ പിടിച്ചടക്കി കാരിരുമ്പഴികൾക്കുള്ളിലാക്കാൻ ലോകം ഒന്നോടെ അക്ഷീണം യത്നിക്കുന്ന 2020 ന്റെ ഈ അവസാന പാദത്തിൽ, എല്ലാ മനുഷ്യരുടെയും അവകാശങ്ങളിലും, സ്വാതന്ത്ര്യത്തിലും പ്രതീക്ഷയുടെ കുഞ്ഞു പ്രഭാകണികയെങ്കിലും പടരട്ടെ ! കറുത്തവന്റെയും വെളുത്തവന്റെയും, ധനം ഉള്ളവന്റെയും ഇല്ലാത്തവന്റെയും, കണ്ണും കാതും കാലും കയ്യും ഉള്ളവന്റെയും ഇല്ലാത്തവന്റെയും, ‘എന്റെ മാത്രം ഉത്കൃഷ്ടമായ ‘ മത രാഷ്ട്രീയ വിശ്വാസമല്ല, വ്യത്യസ്തമായ വിശ്വാസങ്ങളുള്ള എന്റെ സഹജീവിയുടെയും , ഈ ഭൂമുഖത്തു ജീവിക്കുവാനുള്ള അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കപ്പെടട്ടെ!