ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വിഹരിക്കുന്ന ശത കോടി മനുഷ്യർ ഇന്ന് വീടുകളിൽ ഒളിച്ചിരിക്കുകയാണ്. എന്തിനും ഏതിനും അവർ വിട്ടു വീഴ്ചകൾ ചെയ്യുവാൻ തയ്യാറായിരിക്കുന്നു . സമ്പന്നതയുടെ അത്യുന്നതങ്ങളിൽ മതിമറന്നു ജീവിച്ചവരും ദാരിദ്ര്യത്തിന്റെ പടു കൂറ്റൻ കുഴികളിൽ ജന്മം കൊണ്ടോ അറിഞ്ഞോ അറിയാതെയോ ജീവിതം തള്ളി നീക്കുന്നവരും ഇന്ന് സമന്മാരാണ് . അല്പം വ്യത്യാസം മാത്രം. ചിലർ തങ്ങളുടെ രമ്യഹർമങ്ങളിൽ തങ്ങളുടെ സുഖപ്രദമായ മെത്തകളിലും മറ്റു ചിലർ തങ്ങളുടെ രാപ്പകലില്ലാതെയുള്ള അലച്ചിലിന്റെയും അദ്ധ്വാനത്തിന്റെയും വിയർപ്പു ഗന്ധം വമിക്കുന്ന പരു പരുത്ത പായകളിലും ആണെന്ന് മാത്രം. അതെ അംബാനി തന്റെ മുംബയിലെ 27 നിലയിലെ ആന്റില എന്ന സൗധത്തിലും , ബിൽ ഗേറ്റ്സ് വാഷിങ്ടണിലെ തന്റെ സാനഡു 2 .0 എന്ന മാളികയിലും കഴിയുന്നു . മറ്റുചിലർ വേലികെട്ടി മറയ്ക്കപ്പെട്ട ചേരികളിലെ മാലിന്യങ്ങൾക്കുമേൽ അന്തിയുറങ്ങുന്നു.
വീട്ടിലിരുന്നു മുഷിഞ്ഞുവെന്ന് പരിഭവപ്പെടുന്ന ഭാഗ്യ ജന്മങ്ങളോട് ഒരു കാര്യം: അന്തിയുറങ്ങുവാൻ ഇടമില്ലാത്ത കോടിക്കണക്കിനു ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട് . ഇതിൽ നമ്മുടെ ഇന്ത്യയിൽ മാത്രം ‘വെറും’ 1 .7 മില്യൺ ഹതഭാഗ്യരുണ്ട്. എന്താണ് വൈറസെന്നു പോലും അറിയാതെ ഒരു നേരത്തെ ഭക്ഷണം മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന മനുഷ്യക്കോലങ്ങൾ ! അതുപോലെ ദിവസവേതനത്തിലൂടെ മാത്രം ജീവിതം മുന്നോട്ടു തള്ളി നീക്കിയിരുന്ന, കണക്കിൽ പെടാത്ത ലക്ഷക്കണക്കിനു വേറെ മനുഷ്യരും.
തല ചായ്ക്കുവാൻ കെട്ടുറപ്പുള്ള ഒരു വീടും, മുടങ്ങാതെ മൂന്നു നേരം വയറു നിറച്ചു ഭക്ഷണവും കഴിച്ചു വീട്ടിലിരുന്നു ‘ബോറടിച്ച’ നമ്മെ പോലുള്ള ഭാഗ്യവാൻന്മാർ ഇതൊക്കെ അറിയുന്നത് നല്ലതായിരിക്കും. തിരക്ക് പിടിച്ചു ജോലി സംബന്ധമായ യാത്രകളിൽ ഓടിനടക്കുന്ന മാതാ പിതാക്കൾക്കും , ഹോസ്റ്റലുകളിൽ കഴിയുന്ന മക്കൾക്കും ഒരു പക്ഷെ ഒരുമിച്ചു ചിലവഴിക്കുവാൻ ഇത് ഒരു അവസമായിരിക്കും. ടെക്നോളജിയുടെ ആനുകൂല്യമില്ലാതെ മുഖാ മുഖം സംസാരിക്കുവാനും കുശലങ്ങൾ പങ്കിടുവാനുമുള്ള അവസരം . കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനും സ്നേഹബന്ധങ്ങൾ ഊഷ്മളമാക്കുവാനും പറ്റിയ അനുകൂലസന്ദര്ഭം.
ഒരു കുഞ്ഞു അമ്മയുടെ വയറ്റിൽ പിറവി എടുക്കുമ്പോൾ മുതൽ ‘എബിസിഡി’ പരിശീലനം കൊടുത്തു അവരിൽ മത്സരബുദ്ധി ഉണ്ടാക്കുന്ന ‘മമ്മി’മാർ ഇന്ന് കുട്ടികളുടെ ഒരു മാസത്തെ പഠിപ്പു മുടങ്ങുന്നതിൽ യാതൊരു വൈക്ളബ്യവും ഇല്ലാതെ വീടുകളിൽ നിശബ്ദം കഴിഞ്ഞു കൂടുന്നു. ഓണവും ക്രിസ്തുമസും പോലുള്ള കുടുംബ കൂട്ടായ്മകളിൽ കുട്ടികളുടെ ‘എക്സ്ട്രാ ടുഷനുകൾ’ പലപ്പോഴും വില്ലനായി വരാറുണ്ട്. രണ്ടു ദിവസം അവധി എടുത്താൽ ആകാശം ഇടിഞ്ഞു വീഴുമെന്ന ചിന്താഗതിയുള്ള നമ്മുടെ ഈ ‘ ഡാഡി മമ്മി ‘ മാർ ഈ അവസ്ഥ എങ്ങനെ തരണം ചെയ്യുമെന്ന് കണ്ടറിയണം. ഈ വീട്ടിലിരുപ്പു കാലം നമുക്ക് ഒരു പക്ഷെ ,കുട്ടികൾക്ക് ജീവിത ഗുണപാഠങ്ങൾ ചൊല്ലി കൊടുക്കുവാനുള്ള ഒരു അവസരമായി വിനിയോഗിക്കാം.
ഇനിയിപ്പോൾ പ്രകൃതിയിലേക്ക് നോക്കുകയാണെങ്കിൽ അന്തരീക്ഷത്തിലെ വായു മലിനീകരണത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നുവത്രെ! അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ കുറവ് വന്നിട്ടുണ്ടാവാം. മാത്രമല്ല യുദ്ധങ്ങളും, അധിനിവേശങ്ങളും, മൂലമുള്ള വിഷം ചീറ്റൽ അല്പമെങ്കിലും കുറഞ്ഞിട്ടുണ്ടാവാം. വായു മലിനീകരണം കുറക്കുവാൻ വേണ്ടി ഒരു ദിവസം നിർബന്ധമായി വീട്ടിൽ ഇരിക്കുവാൻ പറഞ്ഞാൽ പുച്ഛത്തോടെ മാത്രം വീക്ഷിക്കുന്ന നമുക്ക് ഇതൊരു പാഠമായിരിക്കട്ടെ . ഇതിനെക്കുറിച്ചു ഘോര ഘോരം പ്രസംഗങ്ങൾ മാത്രം നടത്തുകയും പരിസ്ഥിതി ദിനങ്ങൾ ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നവർ ഇന്ന് മാളങ്ങളിൽ ആണല്ലോ ? തിരക്കിട്ട മത്സരം നിറഞ്ഞ ജീവിതത്തിൽ മാലിന്യങ്ങൾ തരം തിരിക്കുവാൻ പോലും നമ്മുടെ സമയം അനുവദിക്കുന്നില്ല. ഇനിയിപ്പോൾ കുറച്ചു കാലത്തേക്ക് എവിടെയും യാത്ര ചെയ്യുവാൻ സാധിക്കാത്ത പക്ഷം ഒരു 5 മിനിറ്റ് അതിനായി മാറ്റിവയ്ക്കുവാൻ സാധിച്ചേക്കുമെല്ലെ?
പാസ്പോർട്ടും വിസയുമില്ലാതെ ലോകം മൊത്തം ചുറ്റിയടിക്കുന്ന ഈ സൂഷ്മജീവിക്ക് എല്ലാ ഭൂഖണ്ഡങ്ങളും രാജ്യങ്ങളും ഒരു പോലെ തന്നെ . അതുപോലെ നിന്റെ തൊലിയുടെ നിറത്തിലോ , നിന്റെ വിശ്വാസങ്ങളിലോ, നിന്റെ വേഷവിധാനത്തിലോ യാതൊരു മമതയുമില്ല.
നീ ഈ ലോകത്തിലെ ഏറ്റവും വലിയ ആണവശക്തി ആയാലും, സമ്പന്നതയുടെ ഉത്തുംഗശൃംഗത്തില് നിലയുറപ്പിച്ചവരായാലും , ആകാശ ഗോളങ്ങൾ കീഴടക്കിയവനായാലും, മൂന്നാം ലോക രാജ്യമായാലും ഈ കുഞ്ഞു ജീവിക്കു ഒരു പക്ഷഭേദവുമില്ലത്രെ! അപ്പോൾ യുദ്ധങ്ങളിലൂടെയും തന്ത്രപരമായ അടവുകളിലൂടെയും നീ ആർജിച്ച ശക്തിക്കും സ്ഥാനമാനങ്ങൾക്കും യാതൊരു വിലയുമില്ലെന്നോ? അതെ നിർഭാഗ്യവശാൽ നീ കൈവരിച്ച എല്ലാ നേട്ടങ്ങളോടുമുള്ള പരിഹാസംനിറഞ്ഞ വെല്ലുവിളിയാണ് ഇതെന്നാണ് വാസ്തവം .
മതപരമായ ചടങ്ങുകൾ എല്ലാം തല്ക്കാലം നിർത്തി വയ്ക്കുവാൻ എല്ലാ മതവിഭാഗങ്ങളിലെയും ‘ഭക്തന്മാർ’ ഒരുപോലെ യോജിച്ചിരിക്കുന്നുവത്രേ ! അപ്പോൾ ഈ വൈറസ് മറ്റേതെങ്കിലും പുതിയ മതത്തിന്റെ ചാരനോ മറ്റോ ആണൊ ? സംശയിക്കേണ്ടിയിരിക്കുന്നു . എന്തായാലും തല്ക്കാലം അതിന്റെ പേരിൽ വടിവാൾ എടുക്കുവാനും വെട്ടിക്കൊല്ലുവാനും ഹർത്താൽ നടത്തുവാനുമൊന്നും ആരും തയ്യാറാല്ലത്രേ! സ്വന്തം ജീവനാണത്രെ ഇപ്പോൾ പ്രധാനം ! അപ്പോൾ മതവും രാഷ്ട്രീയവും കൂട്ടി കുഴച്ചു രാഷ്ട്രീയ മുതലെടുപ്പുകൾ നടത്തുന്ന മറ്റു ചില കൂട്ടർ ഇപ്പോൾ എവിടെയാണ് ? ഇതെല്ലം കഴിഞ്ഞിട്ട് മറ്റു മതങ്ങളുമായി ഒരു താരതമ്യ പഠനം നടത്തി ‘ഒരു താത്വികമായ അവലോകനം ‘ നടത്തുവാൻ കാത്തിരിക്കുകയാവും . ഇനി ഒരു പക്ഷെ അവനവന്റെ മനസിലുള്ള ‘നന്മ’ എന്ന കുഞ്ഞു ദൈവത്തെ തിരിച്ചറിയുവാൻ ഇതൊരു അവസരമായെങ്കിലോ? അങ്ങനെ ആയാൽ അവനും അവന്റെ കുടുംബത്തിനും അതുവഴി സമൂഹത്തിനും രാഷ്ട്രത്തിനും നന്ന് !
ഹേ മനുഷ്യാ , ഞാനും നീയും ഉൾപ്പെടുന്ന ഈ മനുഷ്യ സമൂഹം വെറും ഇത്രമാത്രം. ആ സത്യം തിരിച്ചറിയുവാൻ നമുക്കു വൈകിവന്ന അവസരം . ജീവിതത്തിൽ എന്തൊക്കെയോ വെട്ടിപ്പിടിച്ചുവെന്നു നാം അഹങ്കരിക്കുമ്പോഴും പ്രാണവായു വലിക്കുവാനുള്ള തത്രപ്പാടിൽ നാം വെറും നിസാരനാണെന്ന പ്രപഞ്ചസത്യം തിരിച്ചറിയുന്നു . നിന്നെ സംരക്ഷിക്കുന്ന നിന്റെ പ്രകൃതിയെ ഇനിയും ബലാത്സംഗം ചെയ്തു മതിയായില്ലേ ? നിനക്ക് ജീവ ശ്വാസം സൗജന്യമായി പ്രധാനം ചെയ്യുന്ന മരങ്ങളെ ഇനിയും നീ സംരക്ഷിക്കില്ലേ . നീ അലക്ഷ്യമായി പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചറിയുന്നതു മൂലം ചത്തൊടുങ്ങുന്ന സമുദ്രത്തിലെ കോടിക്കണക്കിനു ജീവജാലങ്ങളെപറ്റി ഒരു നിമിഷം ചിന്തിക്കില്ലേ ?
ഇല്ലെങ്കിൽ ഇനിയും വൈകിയിട്ടില്ല! എപ്പോഴും മറ്റുള്ളവരാണ് നന്നാകേണ്ടതെന്നുള്ള നമ്മുടെ മനോഭാവത്തിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ എന്തെല്ലാം അത്ഭുതങ്ങൾ ഒരു പക്ഷെ ഈ സമൂഹത്തിൽ ഉണ്ടായേക്കാം.
നാം രോഗിയായി കിടന്നാലും നമ്മുടെ തൊഴിൽ സ്ഥാപനങ്ങൾ മുൻപോട്ടു തന്നെ പോകുമെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ? .
ഒരു ദിവസം അവധി എടുത്തു നമ്മുടെ കുടുംബവുമൊത്തു സമയം ചെലവഴിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന തിരിച്ചറിവ് നല്ലതാണ്.
അതെ , സ്വന്തം വീടുകളുടെ ജനാലക്കപ്പുറത്തേക്കുള്ള ലോകം വീക്ഷിക്കുവിൻ . പ്രകൃതിയുടെ നിര്മ്മലതയും, ആകാശത്തിന്റെ നീലിമയും, സൂര്യന്റെ വെളിച്ചവും ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കുവിൻ.
വെറും 20 സെക്കൻഡ് സോപ്പിട്ടു കഴുകിയാൽ ഒരു പക്ഷെ ഈ അദൃശ്യ ജീവിയെ തുരത്തുവാൻ സാധിച്ചേക്കും. എന്നാൽ നമ്മുടെ മനസിനെ ബാധിച്ച അഹന്തയും ,അസൂയയും , മത്സരബുദ്ധിയും ,മതഭ്രാന്തും തേച്ചു മായ്കുവാൻ ഇനിയും എത്ര ആയുസുകൾ നാം തേച്ചുകുളിക്കേണ്ടി വരും? ഓരോ തവണ കൈ കഴുകുമ്പോഴും ഈ വൈറസിനൊപ്പം നമ്മിലുള്ള ഈ ദുഷ്ചിന്തകളും അലിഞ്ഞു ഇല്ലാതാവട്ടെ. ഇനിയും നമ്മെ ഒരു പാഠം പഠിപ്പിക്കുവാൻ വേറൊരു വൈറസ് ഈ ഭൂലോകത്തു അവതരിക്കുവാൻ ഇടവരുത്താതിരിക്കട്ടെ .
ലോകമഹായുദ്ധങ്ങളെയും, പകർച്ചവ്യാധികളെയും അതിജീവിച്ച മനുഷ്യകുലം ഈ ദുരവസ്ഥയിൽ നിന്നും ഉയിർത്തെഴുനേൽക്കുമെന്നാണ് ചരിത്രം നമുക്ക് ചൊല്ലിത്തരുന്നത്. എന്നാൽ പ്രകൃതിക്കു മുൻപിൽ നാം വെറും നിസ്സഹായരാണെന്ന ഒരു മുന്നറിയിപ്പാണ് ഓരോ ദുരന്തങ്ങളും നമ്മെ പഠിപ്പിക്കുന്നത് . പ്രതീക്ഷകൾ ഇനിയും അസ്തമിച്ചിട്ടില്ല. ഈ ലോകത്തിലേക്ക് പിറന്നു വീഴുന്ന ഓരോ നിഷ്കളങ്ക ബാല്യങ്ങളും , വിരിയുന്ന ഓരോ പുഷ്പങ്ങളും പുത്തൻ പ്രതീക്ഷകളുടെ പുതിയ ലോകത്തിലേക്ക് നമുക്ക് പുതു ജീവൻ പകർന്നു നൽകുന്നു.
ലോകജനതയെ ഒന്നാകെ നടുക്കിയ ഈ മഹാമാരിയുമായി പട പൊരുതുന്നവർക്കും ഈ വിപത്തിനെ പിടിച്ചുകെട്ടാൻ അഹോരാത്രം നിശബ്ദ്ധയുദ്ധം നടത്തുന്ന എല്ലാ ആരോഗ്യപ്രവത്തകർക്കും ഭരണാധികാരികൾക്കും മനഃശക്തിയും ഊർജവും ആരോഗ്യവും വർഷിക്കുമാറാകട്ടെ!
-നവമി