മാനവരാശിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചിന്തിച്ചപ്പോൾ മനസ്സിൽ വന്ന കുറച്ചു വാക്കുകൾ കൂട്ടിച്ചേർത്തുവെന്നേയുള്ളു. മമ്മയുടെ വാക്കുകൾക്ക് എന്റെ മോൾ നേഹ ഒരു ചിത്രവും വരച്ചുതന്നു .
അല്ലയോ മൂഢനാം
പ്രിയ സൂക്ഷ്മ ജീവി,
കാലങ്ങളായ് അകന്നൊരാ
ഗർവിഷ്ഠരാം മർത്യരീ ഞങ്ങൾ.
പൊക്കിൾകൊടി കല്പിച്ചൊരാ
രക്ത ബന്ധങ്ങളെ
നിന്ദിച്ചു വേരോടെ
മനുവരാം ഞങ്ങൾ.
ഹൃദ്യമാം സൗഹാർദ്ദ
ഊഷ്മളതയിൽ
നിന്നൂറ്റമായ്
വിമുക്തരായവർ മാന്തർ.
മൊബൈലുകൾ തൻ
മൊഹബ്ബത്തിൽ,
‘മൊബിലിറ്റി’ ഇല്ലാ
ബാല്യകാലം.
അകലങ്ങൾ തൻ
ആദ്യാക്ഷരങ്ങൾ
കനക്കും ശൂന്യമീ
കളിമുറ്റങ്ങളിൽ.
വിരൽ തുമ്പിൽ
സ്ഫുരിക്കുമീ
വശ്യമാം
സോഷ്യൽ മീഡിയകൾ.
കളത്ര, മിത്ര, കാന്ത,
ഉടപ്പിറന്നോരേറയീ
മാന്ത്രികമേറിടും
വാട്സ്ആപിൻ
സരണിയിൽ.
കുടുംബ, സൗഹൃദ ഗണങ്ങൾ,
കൂട്ടങ്ങൾ
ബാഹുല്യമായിടും
മാധ്യമശ്രേണികളിൽ.
‘ലൈക്കു’കൾ ഞങ്ങൾതൻ
കെട്ടുറപ്പിൻ അലങ്കാരങ്ങൾ.
‘ട്രോളുകൾ ‘ ‘ഫോർവേഡുകളീ’
ഫലിതങ്ങൾ കുശലങ്ങൾ.
ചന്തമേറിടും ‘ഹൗ ആർ യൂ’
പൊള്ളയാം രംഗാലങ്കാരങ്ങൾ.
ഇമേജേറിടും ‘ഇമോജികൾ’
ഭാവശൂന്യമാം
ഭാവ ക്ഷോഭ പ്രകടനങ്ങൾ.
‘ആപ്പുകൾ’ ഞങ്ങൾ തൻ
ആപ്പില്ലാത്ത ഖജനാവുകൾ.
ഫേസ്ബുക്കിൻ എഫുപോൽ
വളഞ്ഞിയിടും നമ്മുടെ
സ്നേഹബന്ധങ്ങൾ.
മതങ്ങൾതൻ
സ്വർഗ്ഗനരകത്തിൽ
വാർത്തെടുത്തീ മതിലുകൾ
‘ഹൃദയം’ നശിച്ചൊരീ
ഹൃദയഭിത്തികളിൽ.
പ്രബലമാം നാകത്തിൻ
മഹിമചൊല്ലി ശണ്ഠകൾ
ഞങ്ങളീ മതഭ്രാന്തന്മാർ.
ഭാഷതൻ പോഷണത്തിൽ
ദ്വേഷത്തിൻ സീമ വരച്ചവർ
വിചക്ഷണരാം മനുഷ്യർ.
രാജ്യ, വർഗ, വർണ്ണങ്ങൾ
കല്പിക്കുമീ
അന്തരത്തിൻ
അന്തിമബിന്ദുക്കൾ.
കപട ആഡംബരങ്ങൾ,
വ്യര്ത്ഥമാം നാടകങ്ങൾ
സംസാര സംസർഗങ്ങൾ.
ആർത്തിരമ്പുമീ
കാഹളധ്വനികളിൽ
മൗനമായ്
ദൂരേക്ക് മാഞ്ഞിടും
ഹൃദ്യമാം
ഹൃദയ ബന്ധങ്ങൾ.
അല്ലയോ മൂഢനാം
പ്രിയ സൂക്ഷ്മ ജീവി,
ഇനിയെന്തു അകൽച്ച
മനുജകുലത്തിനു?
വിദൂരമാം സീമന്തരേഖ
ചന്തമായ് അണിഞ്ഞവർ
മനുവിൻ മക്കൾ.
അകലങ്ങൾതൻ കയങ്ങളിൽ,
ഗർവത്തിൻ കിരീടമണിഞ്ഞിതാ,
പ്രവഹിക്കുന്നു അന്ധരായ്
അകലങ്ങളില്ലാ ആറടിമണ്ണിൽ
ഒന്നായ് അലിഞ്ഞിടാൻ.
കാത്തിരിക്കും കീടങ്ങൾതൻ
വിശപ്പടക്കാൻ!!
-നവമി ഷാജഹാൻ