

ഫിൻലൻഡ് വേനൽക്കാലം എപ്പോഴും ഉത്സാഹത്തിന്റെ കാലമാണ്. തണുപ്പിനെയും ഇരുട്ടിനെയും പടി ഇറക്കി വിട്ട് സൂര്യനെ പൂർണമായി ആവാഹിക്കുവാനുള്ള ഒരു ആർത്തിയാണെന്നു വേണമെങ്കിൽ പറയാം. കാരണം തണുപ്പിൽ നിന്നും രക്ഷനേടുവാനുള്ള ജാക്കറ്റും, ഐസിൽ കാൽ വഴുതി വീഴാതിരിക്കുവാനുള്ള ‘സ്പൈക്കി’ഷൂസും , കണ്ണുകൾ മാത്രം കഷ്ടിച്ച് കാണുവാൻ സാധിക്കുന്ന തൊപ്പിയും, കൈയുറയുമൊക്കെ ധരിച്ചു ‘എസ്കിമോകളുടെ’ അവസ്ഥയാണ് ബാക്കിയുള്ള ആറു മാസക്കാലം ഇവിടുത്തെ ജീവിതം . അതിനാൽ ഫിന്നിഷ് വേനൽക്കാലം, ഹരിതാഭമായ പ്രകൃതിയുടെ, പ്രകാശത്തിന്റെ സ്വാതന്ത്ര്യം ഇവിടുത്തെ ഓരോ ജീവജാലങ്ങൾക്കും അകമഴിഞ്ഞ് പകർന്നു നൽകുന്നു. അതിന്റെ ചിറകടി സ്പന്ദനം ഇവിടുത്തെ ഓരോ ജീവനിലും തുടിക്കുന്ന വിസ്മയകാലമാണിത് .
അതുകൊണ്ടുതന്നെ വേനൽക്കാലത്തു നാട്ടിൽ പോയി ഫിൻലണ്ടിൻന്റെ വേനൽക്കാല ഭംഗി കെടുത്തുവാൻ നമ്മൾ ഒരിക്കലും ശ്രമിക്കാറില്ല .
സാധാരണ സൈക്ലിങും സമ്മർ കോട്ടജുമൊക്കെയാണ് നമ്മുടെ വേനൽക്കാല വിനോദങ്ങൾ . എന്നാൽ ഇത്തവണ കൊറോണ മൂലം കൂടുതൽ നേരവും കൂട്ടിൽ അടക്കപ്പെട്ട കിളികളെ പോലെ ആയതിനാൽ ഒരു ശരാശരി മലയാളിയെപോലെ നമ്മളും വീടിനോടും പരിസരത്തിനോടും കൂടുതൽ ‘ഇണങ്ങു’വാൻ തീരുമാനിച്ചു. കോവിടിന്റെ ഇരുൾ മൂടാതെ പുതുമയുടെ പ്രകാശം തേടിയുള്ള യാത്രയിൽ ആണല്ലോ മനുഷ്യ മനസുകൾ!

ഇവിടെ കൂടിപ്പോയാൽ ഒരു അഞ്ചോ ആറോ മാസത്തേക്ക് മാത്രമേ നമുക്ക് കൃഷി പരീക്ഷണങ്ങൾ നടത്തുവാൻ സാധിക്കുകയുള്ളു . മറ്റു സമയങ്ങളിൽ ഇരുട്ടും തണുപ്പുമൊക്കെയാണ് ആർട്ടിക് സർക്കിളിനോട് അടുത്ത് കിടക്കുന്ന ഈ കൊച്ചുരാജ്യത്ത് . അങ്ങനെ കർഷകശ്രീ ആകുവാനുള്ള ആവേശത്തിൽ മെയ് മാസത്തിൽ തന്നെ പോയി വിത്തുകൾ വാങ്ങി. സൂര്യകാന്തി, സ്ട്രൊ ബെറി , കാപ്സികം, തക്കാളി വിത്തുകൾ എല്ലാം വാങ്ങി, പാകി. അതുകൂടാതെ കുട്ടികൾക്ക് അവർ കഴിച്ചുകൊണ്ടിരുന്ന ആപ്പിളിന്റെ അരിയും പാകണമെന്നു വാശിപിടിച്ചു . ‘ഇതൊന്നും മുളക്കാൻ പോകുന്നില്ല കുട്ടികളെ’ എന്ന് പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അതും പാകുവാൻ ഞാൻ സമ്മതം മൂളി .
നിയയും റിക്കുവും ഷാജഹാനും പൂർവാധികം പിന്തുണയോടു കൂടി മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു . റിക്കുവിന്റെ തക്കാളിക്ക് ‘സ്പൈഡർ മാനെ’ന്നു അവൻ തന്നെ പേരിട്ടു . ഫിന്നിഷ് സ്കൂളുകൾ എപ്പോഴും കുട്ടികളെ പ്രകൃതിയോട് കൂടുതലായി കൂട്ട് കൂടുവാൻ പ്രോത്സാഹിപ്പിക്കാറുണ്ട് . അതിന്ടെ ഭാഗമായി നിയയുടെ സ്കൂളിൽ നിന്നും എല്ലാ കുട്ടികൾക്കും തക്കാളി തൈ കൊടുത്തുവിട്ടിരുന്നു. നിയ അതിനു ‘പുങ്കു ‘ എന്നു പേരിട്ടു. പേര് കേട്ട് എനിക്കൊന്നും മനസിലായില്ലെങ്കിലും ഏതെങ്കിലും കാർട്ടൂൺ കഥാപാത്രം വല്ലതും ആവുമെന്ന് കരുതി . ഏതായാലും മിഥുനത്തിലെ ലാലേട്ടനെ പോലെ ‘ദാക്ഷായണി ബിസ്ക്കറ്റ്’ എന്നൊന്നുമല്ലല്ലോ കുട്ടി പേരിട്ടത് എന്ന് കരുതി ആത്മഗതം കൊണ്ടു.
എല്ലാം ശുഭം . ദാസനും വിജയനും പശുവിന്റെ പാൽ വിറ്റു കോടീശ്വരനാകുന്നത് സ്വപ്നം കണ്ടതുപോലെ , ഞാനും ഷാജഹാനും പരസ്പരം പ്രശംസിച്ചു. എന്താണ് നമ്മൾ ഇങ്ങനൊന്നും നേരത്തെ ചിന്തിക്കാതിരുന്നതെന്നു പരസ്പരം ചോദിച്ചു . ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്റെ ദാസാ’ എന്ന സ്ഥിരം ഡയലോഗ് ഇവിടെയും പ്രയോഗിക്കാൻ മറന്നില്ല . നിയ കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുമ്പോളൊക്കെ തങ്ങളുടെ തക്കാളി ചെടിയുടെ കഥയൊക്കെ സംസാരിക്കുന്നതു കേൾക്കുമ്പോൾ സന്തോഷം തോന്നി.
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. എന്നും വെള്ളം ഒഴിക്കാമെന്നു ഭീക്ഷ്മ പ്രതിജ്ഞ ചെയ്ത റിക്കുവിന്റെയും നിയയുടെയും ഉത്സാഹം പതുക്കെ കുറഞ്ഞു വന്നു. ‘ഇയാള് വെള്ളം ഒഴിക്കെന്ന്’ ഷാജഹാനും പറഞ്ഞു തുടങ്ങി. അങ്ങനെ എല്ലാംസഹിക്കുന്ന വീട്ടമ്മയായി ഞാൻ വെള്ളം ഒഴിച്ച് തുടങ്ങി. (അതിനു പകരമായി മറ്റുള്ളവർ കേൾക്കുന്ന ചീത്തവിളി ബോധപൂർവം ഒഴിവാക്കുന്നു ) . അവരുടെ അത്യുത്സാഹം പതിയെ കുറഞ്ഞുവെങ്കിലും ഇടയ്ക്കു ആവേശഭരിതരായി വെള്ളം ഒഴിക്കാറുണ്ട് എന്ന് പറഞ്ഞില്ലെങ്കിൽ അത് തെറ്റായി പോകും. അവസാനം, മുളച്ചുവന്ന സ്ട്രൊ ബെറികൾ എല്ലാം കേടായി പോയി. കുട്ടികളുടെ ആപ്പിളും തക്കാളിയും കാപ്സികവും സൂര്യകാന്തിയും പതുക്കെ പതുക്കെ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് തലപൊക്കി വന്നു .എന്തായാലും സ്ട്രൊബെറി പോയ ദുഃഖത്തിനു തൽക്കാല ആശ്വാസമായി!
സാജനും ധന്യയും നമ്മുടെ വീട്ടിൽ വന്നു ചെടികൾ പുറത്തു മാറ്റി നടുന്നതിനുള്ള എല്ലാ സഹായവും ചെയ്തു തന്നു . ഇതിനിടക്ക് വേനൽക്കാല യാത്രകൾ നടത്തിയപ്പോൾ നമ്മുടെ സുഹൃത്ത് ഗണേഷ് വന്നു വെള്ളം ഒഴിച്ച് സഹായിച്ചു. മിക്കവാറും ദിവസങ്ങളിൽ സന്ധ്യ ആകുമ്പോൾ ‘കുടുംബ സമേതം’ കള്ളന്മാരെപോലെ സന്ദർശനം നടത്തുന്ന മുയൽക്കുട്ടന്മാർ ഇടയ്ക്കിടെ ചെടികളുടെ ഇലകൾ കഴിക്കാറുണ്ടെങ്കിലും നമ്മൾ അത് കണ്ടില്ലെന്നു ഭാവിക്കുകതന്നെ ചെയ്തു. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി . എന്നും രാവിലെ, ചെടികളുടെ തൽക്കാല സ്ഥിതി അറിയുവാൻ ആകാംക്ഷയോടു കൂടി പോയി നോക്കികൊണ്ടിരുന്നു. എന്താണ് ചെടികൾ പൂവിടാത്തത് എന്നതിനെ പറ്റി ഓരോരുത്തരും അവരവരുടേതായ ‘അവലോകനങ്ങൾ’ തട്ടി വിട്ടുകൊണ്ടിരുന്നു . ഞങ്ങളുടെ നോട്ടം സഹിക്ക വയ്യാതാവും സൂര്യകാന്തി പൂക്കൾ തൊടിയിൽ വിടർന്നു. തക്കാളിയും ക്യാപ്സിക്കവും പൂവിട്ടു, കായ്ച്ചു . ധന്യ നാട്ടിൽ നിന്നും കൊണ്ടുവന്ന ചീരയും മുളച്ചുവന്നു. ‘സ്പൈഡർ മാന്റെ’യും ‘പുങ്കു’വിന്റെയും തക്കാളികൾ നിയയെയും റിക്കുവിനെയും അഭിമാന പുളകിതരാക്കി. എല്ലാവരും ആഹ്ളാദഭരിതരായി .
ലാലേട്ടനും ശ്രീനിച്ചേട്ടനും പശുകൃഷിയിൽ പരാജിതരായെങ്കിലും ,ഞങ്ങൾ കർഷക ശ്രീ ആയില്ലെങ്കിലും ,എല്ലാ ചെടികളും പൂവിട്ടില്ലെങ്കിലും ,വിടർന്നു നിൽക്കുന്ന സൂര്യകാന്തിപൂവും തക്കാളിയും കാപ്സികവും നാടൻ ചീരയും, ഇനിയും കുറെ വർഷങ്ങൾക്കുശേഷം നിയയുടെയും റിക്കുവിന്റെയും കുട്ടികൾ ആകുമ്പോഴെങ്കിലും ആപ്പിൾ താരമെന്ന ഭാവത്തോടെ നിൽക്കുന്ന ആപ്പിൾ ചെടിയും കാണുമ്പോൾ മനസിന്റെ കോണിൽ എവിടെയോ ഒരു കുളിർമഴ പെയ്യുന്നു. ഇപ്പോൾ വേനലിനും, സൂര്യനും തൽക്കാലത്തേക്ക് വിട! ചെടികളെല്ലാം അവശരായിരിക്കുന്നു. ഇനി ആറുമാസത്തെ സൂര്യന് വേണ്ടിയുള്ള കാത്തിരിപ്പ്! അതിനു ശേഷം വീണ്ടും മണ്ണിൽ ഇറങ്ങാമെന്നും വീണ്ടും ഹരിതാഭ പടർത്താമെന്നുമുള്ള അത്യാഗ്രഹമോ, പ്രതീക്ഷയോ അറിയില്ല ! എന്തായാലും പ്രതീക്ഷയുടെ പുതുനാമ്പുകൾ പ്രകൃതിയിൽ തളിർക്കുമ്പോൾ എല്ലാ ജീവജാലങ്ങളെയും പോലെ മനുഷ്യമനസിനും പരമാനന്ദം!
സൂര്യനെത്താ നാട്ടിലെ സൂര്യകാന്തി
സുഓമി വീട്ടിലെ സൂര്യകാന്തി
സുമുഖയാം സുന്ദരിയാം സൂര്യകാന്തി
സുസ്മേര വദനയാം സൂര്യകാന്തി
സുഗന്ധം പരത്തി സുഖിപ്പിക്കുമീ സൂര്യകാന്തി
സുപ്രഭാതത്തിൻ നൈർമല്യമീ സൂര്യകാന്തി