ശരത്‌കാലത്തു സർവാഭരണ വിഭൂഷിതയായി നയനസുഭഗമായ മേപ്പിൾ ഇലകൾ….നിന്റെ ഭംഗിയിൽ മതിമറന്ന സർവ ജീവജാലങ്ങളും നിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചില്ലേ?….
പ്രാണികളും കീടങ്ങളും ശലഭങ്ങളും കിളികളും നിന്നെ സ്വന്തമാക്കുവാൻ ആഗ്രഹിച്ചിരുന്നില്ല? നിന്നെ വന്നു ചുംബിച്ചിരുന്ന പ്രണയിതരായ ശലഭങ്ങളെ ഒരു നിമിഷം നീ മോഹിച്ചിരുന്നുവില്ലേ ?
കൊഴിയും മുൻപേ സൗന്ദര്യം കവിഞ്ഞൊഴുകുന്ന നിനക്ക് ഈ ലോകത്തിനോട് എന്തായിരിക്കും ചൊല്ലിത്തരുവാനുള്ളത് ..നിമിഷ നേരം കൊണ്ട് എല്ലാം ഇല്ലാതാവുന്ന പ്രപഞ്ച സത്യമായിരുന്നുവോ അത്?
മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന നീ നിന്നെത്തന്നെ മറന്നിരുന്നുവോ?
നിന്റെ സ്വപ്‌നങ്ങൾ ചില്ലകൾ തോറും പ്രവഹിക്കുമ്പോൾ അതിനു ജീവൻ കൊടുക്കുവാൻ എന്തേ ശ്രമിക്കാഞ്ഞു ?……
എവിടെയോ പറന്നകന്നു മണ്ണോടു മണ്ണാകുമ്പോൾ , ഭൂമിയുടെ നെഞ്ചിൽ അലിഞ്ഞു ഇല്ലാതാകുമ്പോൾ എന്തെങ്കിലും പറയുവാൻ നീ മറന്നിരുന്നുവോ ?..
അവിടെനിന്നും ചിറകടിച്ചുയർന്നുകൊണ്ടു താരകങ്ങളെ പുണരുവാൻ നീ മോഹിച്ചിരുന്നുവോ ….?