1945 ആഗസ്ത് മാസം 6 നും 9 നും ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും സംഹാരതാണ്ഡവമാടിയ അണുബോംബുകളുടെ വിളിപ്പേരുകളാണ് ‘ലിറ്റിൽ ബോയിയും ഫാറ്റ്മാനും ‘ .മനുഷ്യന്റെ കണ്ടുപിടുത്തങ്ങളിൽ ഏറ്റവും വിനാശകാരികളായ ഈ അണുബോംബിന്റെ അവതാരങ്ങൾക്ക് ഇന്ന് 75 വർഷം . ആഗസ്ത് മാസം 6 നു ഹിരോഷിമയിലും 9 നു നാഗസാക്കിയിലും, നിഷ്കളങ്കരായ ഒരു ജനവിഭാഗത്തെ ഈ ഭൂമുഖത്തു നിന്നും പാടെ തുടച്ചു മാറ്റിയ ദുർദിനം . നിമിഷനേരം കൊണ്ട് ചാരം മൂടിയ നഗരത്തിൽ പതിനായിരങ്ങൾ തൽക്ഷണം വെന്തു മരിച്ചു. 90 ശതമാനം ഡോക്ടർമാരും നഴ്‌സുമാരും കൊല്ലപ്പെട്ടു. അവശേഷിച്ച ജനങ്ങൾ ചികിത്സ കിട്ടാതെ ഓടിയും ഇഴഞ്ഞും നടക്കുന്ന കാഴ്ചയായിരുന്നു അവിടെയത്രെ . അണുവികിരണത്തിന്റെ കെടുതികൾ പതിറ്റാണ്ടുകൾക്ക് ശേഷവും ഈ ജനതയെ കണ്ണുനീരിലാഴ്ത്തി.
ഈ സംഭവങ്ങൾ നടക്കുമ്പോൾ സഡാക്കോ സസാക്കി എന്ന ജാപ്പനീസ് പെൺകുട്ടിക്ക് 2 വയസായിരുന്നു .അണുവികിരണം മൂലം അർബുദം ബാധിച്ച ഈ പെൺകുട്ടി, 1000 കടലാസ്സു കൊക്കുകൾ ഉണ്ടാക്കി പ്രാർത്ഥിച്ചാൽ രക്ഷപെടാമെന്ന ജാപ്പനീസ് വിശ്വാസത്തിൽ, ആശുപത്രി കിടക്കയിൽ വച്ച് കടലാസ്സു കൊക്കുകൾ ഉണ്ടാക്കുവാൻ തുടങ്ങിയത്രേ. എങ്കിലും 644 എണ്ണം ഉണ്ടാക്കിയപ്പോൾ അവൾ മരണത്തിനു കീഴ്‌പ്പെട്ടിരുന്നു . അവളുടെ കൂട്ടുകാരാണ് ബാക്കിയുള്ള കൊക്കുകൾ ഉണ്ടാക്കിയതത്രെ. സഡാക്കോയുടെ സഹോദരൻ എഴുതിയ ‘The complete story of sadako sasaki’ എന്ന ബുക്കിൽ ഇതുമായി ബന്ധപ്പെട്ട കഥകൾ എഴുതിയിട്ടുണ്ട്.
സഡാക്കോ എന്ന പെൺകുട്ടി മണ്മറഞ്ഞു. അനേകം വസന്തവും ഗ്രീഷ്മവും വർഷവുമെല്ലാം പിന്നിട്ട് നാം ഇന്ന് 21 ആം നൂറ്റാണ്ടിൽ എത്തിയിരിക്കുന്നു . യുദ്ധക്കെടുതികൾ മൂലം അനേകം കുഞ്ഞുങ്ങൾ ഇപ്പോഴും വിടരും മുൻപേ ഈ ഭൂമുഖത്തുനിന്നും കൊഴിയുന്നു .ഇന്ന് ശാസ്ത്രവും സയൻസും മനഃശാസ്ത്രവും മതവിശ്വാസങ്ങളുമെല്ലാം അടിക്കടി കുതിച്ചുയരുന്നു. ഈ അറിവുകൾ ആത്യന്തികമായി ലോകസമാധാനത്തിന്റെ കാവലാളുകളാവട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം !
സഡാക്കോ എന്ന ഈ കൊച്ചു പെൺകുട്ടിയുടെ നിഷ്കളങ്കമായ ആ കടലാസു കൊക്കുകൾ യുദ്ധത്തിനെതിരെ ഈ ലോകത്തെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കട്ടെ .ഇനിയും ഈ ലോകത്തു മറ്റൊരു സഡാക്കോ പെൺകുട്ടിയുടെയും സ്വപ്‌നങ്ങൾ അസ്തമിക്കാതിരിക്കട്ടെ . ചിറകടിച്ചു മുന്നേറുവാൻ ശ്രമിക്കുന്ന കൊക്കുകളെപോലെ പ്രതീക്ഷയുടെ ചിറകിലേറി പറന്നുയരാൻ എല്ലാ സഡാക്കോ െൺകുട്ടികൾക്കും സാധിക്കട്ടെ !