ചൂരൽ വടിക്കു പിന്നിലെ ഗുരുഹൃദയത്തിന്റെ സ്നേഹപുതപ്പ്


വിദ്യാർത്ഥികളെ ഹൃദയം കൊണ്ട് കേട്ട അനേകം നന്മമരങ്ങളായ അദ്ധ്യാപകരുടെ വാഗ്ധാനങ്ങളാണ് ഓരോ തലമുറയും.അതുപോലെ എന്റെ ജീവിതത്തിലും എന്നെ സ്പർശിച്ച ചില അദ്ധ്യാപകരുണ്ടെങ്കിലും മൂന്നാം ക്ലാസ്സിലെ ത്രേസ്യമ്മ ടീച്ചറിനെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട് .
ഒന്നാം ക്ലാസ്സുമുതലെ എന്നിലെ ആ കൊച്ചു പാവാടക്കാരിയുടെ ഒരേയൊരു പ്രാർത്ഥന മൂന്നാം ക്ലാസ് സി ഡിവിഷനിൽ എത്തിപ്പെടരുതേ എന്നു മാത്രം ആയിരുന്നു . കാരണം അവിടെയാണ് ചൂരൽ കഷായമുള്ള, ‘ക്രൂരകൃത്യം’ ചെയ്യുന്ന കണിശക്കാരിയായ ത്രേസ്യാമ്മ ടീച്ചർ . നിർഭാഗ്യവശാലോ അതോ ഭാഗ്യവശാലോ ഞാൻ എത്തിപ്പെട്ടതും അവിടെ തന്നെ. ആദ്യമൊക്കെ ഭയത്തോടു കൂടി ദൂരെ നിന്ന് മാത്രം ടീച്ചറെ വീക്ഷിച്ചിരുന്ന എനിക്ക് പക്ഷെ ഓരോ ദിവസവും കടന്നു പോയതോടു കൂടി എന്നിലുള്ള ഭയത്തിന്റെ കാർമേഘം പതുക്കെ അലിഞ്ഞു ഇല്ലാതായി.

 പഠിപ്പിസ്റ് പരിവേഷം ഉള്ളതിനാലാണോ അതോ അന്നൊക്കെ നല്ല അനുസരണയുള്ളതിനാലാണോ എന്നറിയില്ല ഞാൻ ഭയന്ന ആ ചൂരൽ വടികൾ എന്നെ തൊട്ടു തലോടപെട്ടിട്ടില്ല . പാഠ്യ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങി കൂടുമായിരുന്നു എന്നെ മറ്റെല്ലാ മേഖലകളിലേക്കും കൈ പിടിച്ചു ആനയിച്ചത് ടീച്ചർ ആയിരുന്നു. പ്രസംഗം, ക്വിസ് ,ഉപന്യാസം, സയൻസ് എക്സിബിഷൻ എന്നു വേണ്ട സാധ്യമായവയിലെല്ലാം നമ്മൾ കുട്ടികളെ പങ്കെടുപ്പിക്കും.
കരകൗശല മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ മെഴുകുതിരികൾ ഉരുക്കി തേങ്ങാ മുറികൾ ഉണ്ടാക്കുവാൻ പല വൈകുന്നേരങ്ങളിലും എന്റെ വീട്ടിൽ വന്നു ടീച്ചർ പഠിപ്പിക്കുമായിരുന്നു . അങ്ങനെ തേങ്ങാമുറി ഉണ്ടാക്കുവാൻ പഠിപ്പിച്ച ടീച്ചർ, വീട്ടിൽ എല്ലാവർക്കും ‘തേങ്ങാമുറി ടീച്ചർ’ ആയി. പിന്നീട് വലിയ ക്ലാസുകളിലേക്ക് പോയപ്പോഴും ടീച്ചറിനെ ഇടക്ക് സന്ദർശിക്കുവാൻ ശ്രമിക്കുമായിരുന്നു. വിശേഷ ദിവസങ്ങളിൽ പ്രത്യേകം പായസം ഉണ്ടാക്കി ടീച്ചറിന് കൊണ്ടുപോയി കൊടുക്കുവാൻ വീട്ടിലും എല്ലാവർക്കും ഉത്സാഹമായിരുന്നു. പിന്നീട് ടീച്ചറിന്റെ അവസാന നാളുകളിൽ എനിക്ക് സന്ദർശിക്കുവാൻ സാധിച്ചിട്ടില്ല.

ഇന്നിന്റെ ആത്മവിശ്വാസത്തിൽ ഈ അക്ഷരങ്ങൾ എഴുതിപ്പിടിപ്പിക്കുവാൻ എന്നെ അല്പമെങ്കിലും പ്രാപ്തയാക്കിയെങ്കിൽ, പെരുമഴ വരുമ്പോൾ തിരിഞ്ഞോടാതെ ധൈര്യപൂർവം ‘നനഞ്ഞോടാൻ’ പ്രേരിപ്പിച്ച എന്റെ അദ്ധ്യാപകരിൽ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപിക.
എന്റെ കൂട്ടുകാരനെയും കൂട്ടി ടീച്ചറിനെ ഒരിക്കൽ കൂടി കണ്ടു അനുഗ്രഹം വാങ്ങണമെന്ന നടക്കാതെ പോയ ആ ആഗ്രഹം ഒരു വേദനയായി ഇന്നും അവശേഷിക്കുന്നുവെങ്കിലും കാലത്തെ ഓർമയുടെ ഉളി കൊണ്ട് കൊത്തിവയ്ക്കുവാൻ ശ്രമിക്കുമ്പോൾ, ഈറനണിഞ്ഞ കണ്ണുകളിൽ ജലം കൊണ്ട് അറിയാതെ മുറിവേൽക്കുമ്പോൾ, ഈ ടീച്ചറമ്മയുടെ ഓർമ്മകൾ ഇന്നും എന്നും സുഖമുള്ള ഓർമ്മകൾ സമ്മാനിക്കുന്നു .
എന്റെ ജീവിത താളുകളിൽ ഒരിക്കലും മായിക്കാനാവാത്ത ഹൃദ്യമായ വരികൾ എഴുതി, എന്നെ തലോടി കടന്നുപോയ എന്റെ പ്രിയപ്പെട്ട തേങ്ങാമുറി ടീച്ചറിന് സ്വർഗത്തിലേക്ക്, അദ്ധ്യാപകദിനത്തിൽ ഈ വിദ്യാർത്ഥിനിയുടെ ഒരായിരം സ്നേഹ പൂച്ചെണ്ടുകൾ
!