തെങ്ങിന്റെ മടൽ ബാറ്റായും ,മൂന്നു കുഞ്ഞൻ കമ്പുകൾ സ്റ്റമ്പായും , റബ്ബർ പാലും തുണികളും അതിവിദഗ്ധമായി കെട്ടിയുണ്ടാക്കിയ ബോളുമായി(റബ്ബർ മരങ്ങൾ ധാരാളമുള്ള കോട്ടയംകാരുടെ വിദ്യകൾ) ഓരോ തൊടിയിലും കളിക്കുന്ന ചേട്ടന്മാരുടെ കൂട്ടം…ഇടയ്ക്കു മതിൽ കടന്നു അനന്തമായി പോകുന്ന ബോൾ എടുത്തുകൊടുക്കാൻ വല്ലപ്പോഴും നമുക്കും ‘അവസരങ്ങൾ ‘ കിട്ടാറുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകൾ കൂടുതൽ ക്രിക്കറ്റ് എന്ന കളിയുമായി ചുറ്റിപ്പറ്റിയായിരുന്നു …
എന്നാൽ എത്ര കണ്ട് ക്രിക്കറ്റ് പ്രേമികളായാലും നാലു വർഷം കൂടുമ്പോഴുള്ള ഈ കാൽപ്പന്തു മാമാങ്കത്തെ നെഞ്ചോടു ചേർക്കുന്ന മലയാളികളെയാണ് നാം എവിടെയും കാണുന്നത് . തൊണ്ണൂറുകളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് കെൽട്രോൺ ടിവിയുടെ മുൻപിൽ കട്ടൻ കാപ്പി കുടിച്ചു ഉറക്കമൊഴിച്ചിരുന്നുള്ള ഫുട്ബോൾ ആവേശം, ഇന്നീ ആധുനിക ബിഗ് സ്ക്രീൻ ടെലിവിഷനുകളിലും അനുസ്യുതം തുടരുന്നു .കൊച്ചു കുട്ടികൾ മുതൽ നാലാൾ കൂടുന്നിടത്തെല്ലാം നമ്മുടെ ഇന്നത്തെ വിഷയം ഫുട്ബോൾ തന്നെ. ഒരു പക്ഷെ ലോകത്തിന്റെ മറ്റേ അറ്റത്തുള്ള ഈ സാധാരണ മനുഷ്യരാവും നമ്മൾ മലയാളികളെ ഈ കായികമാമാങ്കത്തിലോട്ടു വീണ്ടും വീണ്ടും കൈപിടിച്ച് കൊണ്ടുപോകുന്നത് .കോട്ടയത്താലും ദുബായിൽ ആയാലും ഇവിടെയീ യൂറോപ്പിലായാലും ഒട്ടുമിക്ക മലയാളിയുടെയും പ്രണയം അന്നും ഇന്നും മന്ത്രജാലം കാലിൽ ആവാഹിച്ച ഈ തെക്കേ അമേരിക്കക്കാരോടുതന്നെ!
ഇന്ത്യൻ ഫുട്ബോളിനും ഒരു സുവർണ്ണ കാലഘട്ടം ഉണ്ടായിരുന്നു. 1948 മുതൽ 1960 വരെ, ഇന്ത്യ സ്ഥിരമായി ഒളിമ്പിക്സിന് യോഗ്യത നേടി. 1951 , 1962 കാലഘട്ടങ്ങളിലെ ഏഷ്യൻ ഗെയിംസ് ജേതാക്കൾ .1956 ലെ മെൽബൺ ഒളിംപിക്സിൽ സമർ ബാനർജിയുടെ നേതൃത്വത്തിൽ ഫുട്ബോളിൽ നാലാം സ്ഥാനം വരെ നേടിയ ചരിത്രമുള്ള നമുക്ക്, ഒരിക്കൽ ഇന്ത്യയ്ക്കുവേണ്ടിയും ഫിഫ യിൽ ആർപ്പുവിളിക്കാൻ സാധിച്ചിരുന്നെങ്കിൽ… ഒരു മാസക്കാലത്തെ കാല്പന്തുത്സവം സമ്മാനിച്ച, പലപ്പോഴും ഹൃദയസ്പന്ദനം നിലച്ചുപോയേക്കാമെന്ന ആവേശ നിമിഷങ്ങൾ പകർന്നു നൽകിയ എല്ലാ ലോകരാജ്യങ്ങൾക്കും, പ്രത്യേകിച്ച് മെസ്സിയുടെ അർജന്റീനയ്ക്കും നന്ദി