നമുക്ക് ആകാശത്തൊരു ‘തൃശൂർ പൂരം’ ഉത്തരധ്രുവത്തിലിത്   ‘അറോറ ബൊറിയാലിസ്’

 

 
നിലാവുള്ള നിശബ്ദമായ രാത്രികളിൽ അമ്പിളിമാമനെയും നക്ഷത്രങ്ങളെയും നോക്കിയിരുന്ന് കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ നെയ്യുന്ന ശീലം പലരെയും പോലെ എനിക്കുമുണ്ടായിരുന്നു. ഈ നാട്ടിൽ വന്നതിനു ശേഷമാണ്, അമ്പിളിയും താരകങ്ങളുമല്ലാതെ മാനത്തു വിരിയുന്ന ഇങ്ങനെയൊരു പുതിയ ജ്യോതിയെക്കുറിച്ചു കൂടുതൽ അറിയുവാൻ കഴിഞ്ഞത്. പേര് പറഞ്ഞാൽ നാവ് അല്പം കുഴഞ്ഞേക്കും. ‘അറോറ ബൊറിയാലിസ്’ അതായത് ഉത്തരധ്രുവദീപ്‌തി.

ചുരുക്കി പറഞ്ഞാൽ ഉത്തരധ്രുവത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ആകാശത്തു പ്രത്യക്ഷപ്പെടുന്ന പ്രകൃതിയുടെ നിറക്കൂട്ടാണ്‌ ‘അറോറ ബൊറിയാലിസ്’. എന്നാൽ ഇതൊരു നിത്യകാഴ്ചയൊന്നുമല്ല! ഞങ്ങൾ താമസിക്കുന്ന ഹെൽസിങ്കി ഉൾപ്പെടുന്ന തെക്കൻ ഫിൻലൻഡിൽ വിരളമായേ ഇത് പ്രതൃക്ഷപ്പെടാറുള്ളു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ഫിൻലൻഡിൽ കാഴ്ച വിരുന്നൊരുക്കിയതാണ് ഈ ‘ധ്രുവദീപ്തികഥ’ എഴുതുവാൻ എനിക്ക് പ്രോത്സാഹനമേകിയത്.

ഫിൻലൻഡിൽ കുടിയേറി പാർത്തിട്ടു ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു പ്രതിഭാസമാണത്രെ! അതിനാൽ ഈ രാജ്യത്തു കാലു കുത്തിയ നാൾ മുതൽ ഈ ‘പച്ചവെളിച്ചം’ എപ്പോഴെങ്കിലും കാണണമെന്നുള്ള അത്യാഗ്രഹം മനസ്സിൽ കയറിപ്പറ്റിയിരുന്നു. അങ്ങനെ 2016 ൽ ഒരു സ്വീഡൻ ഹെൽസിങ്കി ക്രൂയിസ് ഷിപ് യാത്രയിൽ, ഒരു തെളിഞ്ഞ രാത്രിയിലാണ്, കടലിന്റെ നടുവിൽ ആദ്യമായി ഈ മായക്കാഴ്ച മതിവരുവോളം ആസ്വദിച്ചത്. അങ്ങനെ ഒരു പതിനഞ്ചു മിനിറ്റെങ്കിലും ഈ വർണ്ണകാഴ്ചകണ്ടു ഞാനും അറോറ ദർശനസാഫല്യത്തിൽ ധന്യയായി! കൂടുതലും ഇളം പച്ചനിറത്തിലാണെങ്കിലും പിങ്ക്, നീല നിറങ്ങളുടെ കലർപ്പിലും ഈ ധ്രുവദീപ്തി സാധാരണയായി കാണാറുണ്ട്.

വടക്കൻ ഫിൻലൻഡിലെ ലാപ് ലാൻഡ് മേഖലയിൽ വർഷത്തിലെ ഏകദേശം 200 രാത്രികളിലും പ്രകൃതിയുടെ വിസ്മയകരമായ ഈ നിറക്കൂട്ട് മാനത്തു പ്രകാശം പരത്താറുണ്ട്.വലിയ കൂറ്റൻ ക്യാമറകളുമായി രാത്രി മുഴുവൻ കണ്ണിൽ എണ്ണ ഒഴിച്ച് മാനത്തോട്ട് നോക്കി ഇരിക്കുന്ന ചൈനീസ് സഞ്ചാരികൾ ലാപ് ലാൻഡ് മേഖലയിലെ ഒരു സ്ഥിരം കാഴ്ചയാണ്. പലരും നിരാശയോടെ മടങ്ങാറുമുണ്ട്.
നമ്മൾ സ്കൂളിലോക്കെ കേട്ടുമറന്നിട്ടുള്ള ‘ഗലീലിയോ ഗലീലി’ എന്ന ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനാണു 1619 ൽ ഉത്തരധ്രുവദീപ്തിക്കു ആ പേര് നൽകിയത്. എന്നാൽ ദക്ഷിണധ്രുവത്തിൽ ഈ പ്രകാശദീപ്തി ‘അറോറ ഓസ്ട്രാലിസ്’ അഥവാ ‘ദക്ഷിണധ്രുവദീപ്തി’ എന്നാണ് അറിയപ്പെടുന്നത്. 1778-ൽ, ‘ബെഞ്ചമിൻ ഫ്രാങ്ക്ലിനും’, 1900-ൽ , നോർവീജിയൻ ശാസ്ത്രജ്ഞനായ ‘ക്രിസ്റ്റ്യൻ ബിർക്ക്‌ലാൻഡും’ അറോറയ്ക്കു കൂടുതൽ ശാസ്ത്രീയമായ വിശദീകരണങ്ങൾ നൽകി.സൂര്യനിൽ നിന്നുമുള്ള ഊർജ്ജകണങ്ങളിൽ ചിലതു ഭൗമാന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഫോട്ടോണുകളാണ് ഈ പ്രകാശത്തിനു പിന്നിലെന്നാണ് ലളിതമായ ശാസ്ത്രീയമായ വ്യാഖ്യാനം.
ഏതു നാട്ടിലെയും പോലെ പതിവുപോലെ ഇതിനു പിന്നിലും രസകരമായ പല പ്രാദേശിക കെട്ടുകഥകളും ഉണ്ടാവുമല്ലോ? കുറുക്കന്റെ വാലിൽ നിന്നും വരുന്ന കുറുക്കൻ തീയാണീ പ്രകാശമെന്നും അതല്ല പൂർവ്വികർ, കോപാകുലരായ ദൈവങ്ങൾ, മരിച്ച ശത്രുക്കൾ എന്നിവർ പുറപ്പെടുവിക്കുന്ന അഗ്നികളാണിതെന്നുമുള്ള പലവിധത്തിലുള്ള കാല്പനികകഥകൾക്കും ഒരു കുറവുമില്ല!

ഫിൻലൻഡിലെ വിവിധ പ്രദേശങ്ങളിലെ അറോറകൾ കാണുന്നതിനുള്ള സാധ്യത ഇപ്രകാരമാണ്:

 
കിൽപിസ് യാർവി: 75%
ലാപ് ലാൻഡ് (ഉദാ. സ്‌കീ റിസോർട്ടുകൾ Ylläs, Levi, Saariselkä): 50%
ഫിൻലാന്റിന്റെ മധ്യഭാഗത്ത് (ഉദാ. ഔലു, കുസാമോ): 25%
തെക്കൻ ഫിൻലൻഡിൽ (ഉദാ. ഹെൽസിങ്കി, തുർക്കു):
വല്ലപ്പോഴും
 
അറോറ കാണുന്നതിനുള്ള ചില നുറുങ്ങുകൾ
 
ഫിന്നിഷുകാർ പൊതുവെ സമയനിഷ്ഠ പാലിക്കുന്നവരാണെങ്കിലും ഇതിന്റെ വരവ് തികച്ചും പ്രവചനാതീതമാണ്. എന്നിരുന്നാലും സെപ്തംബർ-മാർച്ച് മാസങ്ങളിലാണ് ഈ വെളിച്ചം കൂടുതലായി കണ്ടുവരുന്നത്‌.
• ഈ ധ്രുവദീപ്തി കാണുവാനുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്യുവാൻ ‘Aurora Alerts’ എന്ന പേരിൽ പല ഫേസ്ബുക് ഗ്രൂപ്പുകളും, എന്തിനു പ്രത്യേക ആപ്പുകൾ വരെയുണ്ട്.
• നഗരങ്ങളിലെ കൃത്രിമ പ്രകാശ സ്രോതസ്സുകളിൽ നിന്നകലെ പ്രകാശമലിനീകരണമില്ലാത്ത പ്രദേശങ്ങളിൽ തെളിഞ്ഞ ആകാശത്തു അർദ്ധരാത്രിയോടടുത്താണ് സാധാരണ കാണാറ്.
• വടക്കൻ ആകാശത്ത് അറോറകൾ കൂടുതലായി കാണപ്പെടുന്നതിനാൽ, വടക്കൻ ചക്രവാളത്തിലേക്ക് തടസ്സമില്ലാത്ത കാഴ്ച കണ്ടെത്തുവാൻ ശ്രമിക്കുക.
• ഈ രാജ്യത്തു അധികവും ശൈത്യകാലമായതിനാലും പുറത്തു സുദീര്‍ഘമായ കാത്തുനിൽപ്പുള്ളതിനാലും പനി പിടിച്ചു കിടക്കാതിരിക്കണമെങ്കിൽ നല്ല വേഷവിധാനങ്ങൾ തിരഞ്ഞെടുക്കുക.
ഇനി ഈ തയ്യാറെടുപ്പുകൾ എല്ലാം ചെയ്തു തണുപ്പത്തു ചൂട് കാഞ്ഞു രാത്രി മുഴുവൻ നിദ്രാവിഹീനരായ് ഇരുന്നാലും ‘ഭാഗ്യദേവത’ കടാക്ഷിച്ചാൽ നിങ്ങൾക്കും അറോറ ദർശനം ലഭിച്ചേക്കും!