‘നീ ക്രിസ്തുമസിന്റെ അന്ന് ജനിക്കാഞ്ഞത് നന്നായി അന്നായിരുന്നെങ്കിൽ നിന്റെ പേര് ‘ക്രിസ്തുമസ് ഗോപിനാഥ്’ എന്ന് ആയേനേ’ . എന്റെ കൂടെ പഠിച്ച ഒരു ചെക്കൻ ഒരിക്കൽ ഇത് പറഞ്ഞതു കേട്ടപ്പോൾ ചിരിച്ചുപോയി. അതെങ്ങനാ നവരാത്രിയിലെ മഹാനവമിയുടെ അന്ന് ജനിച്ചതിനാലാണ് ഞാൻ നവമി ആയതെന്നു വെറുതെ കയറി എല്ലാവരോടും പറഞ്ഞുകൊണ്ടിരുന്നാൽ പിന്നെ ഇങ്ങനൊക്കെ ചോദിച്ചുപോകില്ലേ?അതിനുശേഷം അധികം ആരോടും ഈ പേരിന്റെ കഥ പറയാറില്ല .
പൂജ ഹോളിഡേയ്സിന്റെ സമയത്താണ് എല്ലാ വർഷവും സാധാരണ അതുകൊണ്ടു പിറന്നാൾ വരാറ്. എന്നും പത്രം വായിച്ചില്ലെങ്കിൽ ഉറക്കം വരാത്ത എനിക്ക് മിക്കവാറും പിറന്നാളിന്റെ അന്ന് ആ കാര്യത്തിൽ മാത്രം ഒരു ദുഖമാണ്. ‘പഠിക്കുന്ന കുട്ടികൾ പുസ്തകം പൂജ വച്ചാൽ ഒന്നും വായിക്കാൻ പാടില്ല’ എന്നാണ് നിയമം. അന്നൊക്കെ നല്ല അനുസരണ ഉള്ളതിനാൽ വഴിയിൽ കൂടി പോകുമ്പോൾ ഒരു പ്ലക്കാർഡ് പോലും കണ്ടാൽ അങ്ങോട്ട് നോക്കാൻ പേടിയാണ് . അറിയാതെ എങ്ങാനും വായിച്ചു പോയാലോ ?
നമ്മുടെ വീട്ടിൽ പിറന്നാൾ ആണ് സാധാരണ ആഘോഷിക്കുന്നത് . ഇംഗ്ലീഷ് കലണ്ടർ birthday ആരും മൈൻഡ് ആക്കാറില്ല. അതുകൊണ്ടു കുട്ടിക്കാലത്തെ ജന്മദിനഓർമ്മകൾ പിറന്നാളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് . കുറച്ചു വലിയ കുട്ടി ആയപ്പോൾ സ്കൂളിൽ കൂട്ടുകാർ അവരുടെ birthday പറഞ്ഞു തുടങ്ങിയപ്പോൾ എനിക്ക് അങ്ങനെ ഒരു സംഭവം അറിയില്ലല്ലോ എന്ന തിരിച്ചറിവ് പെട്ടെന്നാണ് ഉണ്ടായത് .എപ്പോഴും date of birth പൂരിപ്പിക്കേണ്ട ആവശ്യമൊന്നും കുട്ടികൾക്ക് അന്ന് ഇല്ലാത്തതിനാൽ ഞാൻ ഓർത്തു വച്ചിട്ടുമില്ല . അങ്ങനെ വീട്ടിൽ ചെന്ന് ആദ്യം തന്നെ മമ്മിയിൽ നിന്നും birthday കണ്ടുപിടിച്ചു. അങ്ങനെ ഒക്ടോബര് 7 എന്റെ birthday ആയി . ഞാനും അങ്ങനെ ഗമക്ക് birthday ഒക്കെ പറഞ്ഞു തുടങ്ങി. എന്നാലും എല്ലാ വർഷവും മഹാനവമിയുടെ അന്ന് ജന്മദിനം ആശംസിക്കുന്ന സുഹൃത്തുക്കൾ ഇപ്പോഴുമുണ്ട് .
ഇവിടെ ഫിൻലന്റിലെ ജോലിസസ്ഥലത്തു ആദ്യമൊക്കെ birthday യുടെ അന്ന് എംപ്ലോയീസിന് പൂക്കൾ കൊടുക്കുന്ന ഒരു ശീലമുണ്ടായിരുന്നു. പിന്നെ എംപ്ലോയീസ് കൂടി കമ്പനി വലുതായപ്പോൾ അവർ ആ അനാവശ്യ ചടങ്ങു വേണ്ടാന്നു വച്ചു . ഒരു ദിവസം എന്റെ പിറന്നാൾ ദിവസം ഞാനെന്റെ ഫിന്നിഷ് collegue നോട് ഇന്നെന്റെ പിറന്നാൾ ആണെന്ന് പറഞ്ഞു. പക്ഷെ എനിക്ക് റോസാ പൂ കിട്ടിയത് വേറൊരു ദിവസവും. അവർ ആകെ ആശയക്കുഴപ്പത്തിലായി . ഒരാൾക്ക് 2 birthday യോ? അവർ ചോദിച്ചു . പിന്നെ എല്ലാ ജ്യോതിശാസ്ത്രജ്ഞന്മാരെയും മനസ്സിൽ ധ്യാനിച്ച് എന്റെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് ഒട്ടും ആത്മവിശ്വാസം വിടാതെ നമ്മുടെ മലയാളം കലണ്ടറും ജാതകവും ഗ്രഹനിലയുമൊക്കെ കൂട്ടികുഴച്ചു ഒരു ക്ലാസ് അവർക്കു എടുത്തു കൊടുത്തു. ഈ ഗ്രഹനിലയുമായി match ആകുന്ന ആളെ മാത്രമേ നമുക്ക് കല്യാണം കഴിക്കുവാൻ പോലും അനുവാദം ഉള്ളുവെന്നൊക്കെ പറഞ്ഞപ്പോൾ അവരുടെ കണ്ണ് മിഴിഞ്ഞു വന്നു . (ഈ നിയമങ്ങൾ ഒന്നും പാലിക്കാത്ത ആളാണ് ഞാനെന്നുകൂടി വെറുതെ തട്ടിവിട്ടു. അതിന്റെ ഗൗരവമൊന്നും അവർക്കു മനസ്സിലാവാൻ വഴിയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ.) അവർ ഒരു ദീർഘ ശ്വാസം വിട്ടു ,എല്ലാം മനസിലായി എന്ന് പറഞ്ഞു. ശരിക്കും, പാവം അവരുടെ കിളി പോയെന്നു എനിക്ക് മനസിലായി.
എന്റെ കാലക്കേടിനു നമ്മുടെ HR ചേച്ചി ഈ സമയം അതുവഴി പോയിരുന്നു . നമ്മുടെ സംസാരം കേട്ടിരിക്കണം . കുറെ കഴിഞ്ഞു അവരെന്റെ അടുത്ത് വന്നു ഒരു ചോദ്യം ‘നവമിയുടെ birthday ഇവിടുത്തെ റെക്കോർഡിൽ കറക്റ്റ് അല്ലേ’ എന്ന് . Yes Anna ഇത് വരെ വളരെ ശരിയാണെന്നു ഇന്നസെന്റ് ചേട്ടൻ കിലുക്കത്തിൽ പറഞ്ഞപോലെ ഒരു ഭാവ വ്യത്യാസവുമില്ലാതെ ‘ബോൾഡ്’ ആയി പറഞ്ഞിട്ട് വേഗം ഞാൻ തടിതപ്പി . ഇനി ഒരാളെ കൂടി നമ്മുടെ നക്ഷത്രവും ജാതകവും ഗ്രഹനിലയുമൊന്നും പഠിപ്പിക്കാൻ വയ്യാത്തതിനാൽ സംസാരം വേഗം അവസാനിപ്പിച്ചു. . അതിനുശേഷം പിറന്നാളും മലയാളം കലണ്ടറും ഗ്രഹനിലയും രാഹുവും കേതുവുമൊന്നും ഓഫീസിൽ അധികം ആരോടും പറയാറില്ല !
എന്തായാലും സ്നേഹിക്കുവാനും വഴക്കിടാനും(കൂടുതലും) കൂട്ടുകൂടാനും സ്വപ്നം കാണുവാനും ഒറ്റക്കിരുന്നു കരയുവാനും പൊട്ടിച്ചിരിക്കുവാനും ഒരു വര്ഷം കൂടി ജീവിതത്തിന്റെ കണക്കു പുസ്തകത്തിൽ നിന്നും കുറഞ്ഞിരിക്കുന്നു.