അതിരമ്പുഴ പള്ളി പെരുനാൾ

 
ഏതൊരു അതിരമ്പുഴകാരനും  ഗൃഹാതുരത്വമുണർത്തുന്ന മറ്റൊരു ജനുവരിമാസം.
നാനാ ജാതി മതസ്ഥനും മനസിലേറ്റിയ ഈ നാടിന്റെ  മറ്റൊരു ആഘോഷം.
പരസ്പരം പ്രശംസിച്ചു നിൽക്കുന്ന  വലിയ പള്ളിയും കൊച്ചുപള്ളിയും, അതിനരുകിൽ  തൈത്തോട്ടമുറ്റത്തെ  ഞങ്ങളുടെ  സ്കൂളും.
ഒരു ദശാബ്ദക്കാലം ആടിപ്പാടി നടന്ന പള്ളിക്കൂടം.
ഓർമയിൽ തുടിക്കുന്ന  എന്റെ കുട്ടിക്കാലം.
 
 അന്തരീക്ഷത്തിൽ ‘ വിശുദ്ധനായ സെബസ്ത്യാനൊസ്സേ ….’ഭക്തിഗാന ലഹരി. 
സ്കൂളിലെ കഴുന്നു പ്രദക്ഷിണവും കൂട്ടുകാരുടെ ബാൻഡ് സെറ്റു  മേളങ്ങളും. 
ആയിരം പെൺകുട്ടികളുടെ  പ്രതിനിധിയായി  സ്കൂളിന്റെ കഴുന്നു കയ്യിലേന്തിയ ആ പാവാടക്കാരിയുടെ കൊച്ചു ആഹ്ളാദ  നിമിഷങ്ങൾ.
സഹിഷ്ണുതയുടെ  ആദ്യപാഠങ്ങൾ എന്റെ മനസ്സിൽ ആഴത്തിൽ പാകിയ സ്കൂൾ മുറ്റങ്ങളും  അധ്യാപകരും കന്യാസ്ത്രീകളും.
 
 ഇലകൾ കൊഴിഞ്ഞുവീണ മരച്ചില്ലകൾക്കിടയിലൂടെ, വീട്ടുമുറ്റത്തിരുന്നു വെടിക്കെട്ട് കണ്ടാസ്വദിച്ച ജനുവരിയിലെ ആ പാതിരാത്രികൾ.   ഉറക്കം വന്നു മാടിവിളിച്ച ഇമകൾ പൂട്ടാതെ, ആത്മവിശ്വാസത്തോടെ പാതിരാവരെ കാത്തിരുന്ന ആ കൊച്ചുകുട്ടിയുടെ ആവേശം
 
പെരുനാൾ അവധിക്കുശേഷം സ്കൂൾ തുറക്കുമ്പോൾ ചിന്തിക്കടകളിൽ നിന്നും വാരിക്കൂട്ടിയ പള പളാ മിന്നുന്ന വളകളുടെയും മാലകളുടെയും  വാശിക്കുള്ള പ്രദർശനങ്ങൾ .ഉഴുന്നാടകൾ നൽകി വീണ്ടും കൂട്ടുകെട്ട് ഊട്ടിയുറപ്പിയ്ക്കുന്ന മറ്റു ചില കൂട്ടുകാർ.
 
ഓർമയിലെ  ആ പഴയ പള്ളികളുടെയും പള്ളിക്കൂടങ്ങളുടെയും  മുഖച്ഛായകൾ ഇന്ന് മാറി…… വീണ്ടും ബാല്യങ്ങൾ ആ മണ്ണിലൂടെ ഓടിക്കളിക്കും ..പലരും വിദൂരതയിൽ വിസ്മൃതിയിലുമാകും ..പക്ഷെ  അക്ഷരകൂട്ടുകൾക്കൊപ്പം ഓർമക്കൂട്ടുകൾ ചിക്കി ചികയുമ്പോൾ സുഖകരമായ പ്രസരിപ്പ് സമ്മാനിച്ചുകൊണ്ടേയിരിക്കും , ഈ പള്ളിമുറ്റങ്ങളും പള്ളിക്കൂടങ്ങളും…..