കുട്ടിക്കാലത്തെ ആഗ്രഹങ്ങൾക്ക് അന്തവും കുന്തവുമൊന്നുമില്ലല്ലോ ? പലപ്പോഴും ഈ ആഗ്രഹങ്ങൾ മാറി മറിഞ്ഞുകൊണ്ടുമിരിക്കും.
ഒരു ന്യൂസ് റീഡറോ ആങ്കറോ ഒക്കെ ആകണമെന്നായിരുന്നു കുട്ടിക്കാലത്തെ എപ്പോഴോഒക്കെ എന്റെ ആഗ്രഹം . ആ സമയത്തു ഞാൻ കണ്ട ഏറ്റവും നല്ല കാലാകാരികളുടെ കൂട്ടത്തിൽ ദൂരദർശനിലെ ഇന്ദുവും ഹേമലതയും കലാദേവിയുമൊക്കെ ഉണ്ടായിരുന്നു . അവരായിരുന്നു കുറേക്കാലം എന്റെ റോൾ മോഡലുകൾ. അവരുടെ ന്യൂസ് വായനയും അവതരണ ശൈലിയുമായിരുന്നു ആ പാവാടക്കാരി പെൺകുട്ടിയുടെ കുഞ്ഞു ലോകത്തിലെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ . 4 വർഷക്കാലം അതിരമ്പുഴ സ്കൂളിന്റെ സ്കൂൾ ലീഡർ ആയതിനാൽ പ്രസംഗിക്കുവാനുള്ള വേദികൾ എനിക്ക് ധാരാളം കൈവന്നിരുന്നു. ഇതിനിടെ സ്കൂളിന്റെ ജൂബിലി ആഘോഷവേളകളിൽ, കേരള സ്‌പീക്കറും മറ്റു നേതാക്കളുമൊക്കെയായി പലപ്പോഴായി വേദി പങ്കിട്ടു പ്രസംഗിക്കുവാനുള്ള ഭാഗ്യവും വന്നു ചേർന്നിരുന്നു. പിന്നീട് ചെറുപ്പത്തിന്റെ പല ഘട്ടങ്ങളിലും ആഗ്രഹങ്ങൾ മാറി മറിഞ്ഞു. ‘ഡോക്ടറോ എൻജിനീയറോ’ ആകണമെന്ന ആ കാലഘട്ടത്തെ സമൂഹത്തിന്റെ അലിഖിത നിയമങ്ങൾ ഒരു പക്ഷെ എന്റെ ആഗ്രഹങ്ങളെയും സ്വാധീനിച്ചിരിക്കാം. എന്നാൽ ഇന്നത്തെ തലമുറ കുറച്ചുകൂടി ക്രിയാത്മകമായി തങ്ങളുടെ അഭിരുചികളെ പിന്തുടരുന്നുണ്ടെന്നു തോന്നാറുണ്ട് .
അങ്ങനെ ജീവിതത്തിന്റെ അപ്രതീക്ഷിത പ്രയാണങ്ങളിൽ ഭൂഗോളത്തിന്റെ അങ്ങേ മൂലയ്ക്കൽ, ‘ആയിരം തടാകങ്ങളുടെ നാടെന്നും നോക്കിയയുടെ ജന്മദേശമെന്നും മാത്രം കേട്ടുകേൾവിയുള്ള ‘, രാവും പകലും പോലും നേരേചൊവ്വെ ഇല്ലാത്ത, സൂര്യനും ചന്ദ്രനും തോന്നിയപോലെ വരികയും , പോകുകയും ചെയ്യുന്ന ഈ നാട്ടിൽ എത്തിയത് .സ്കൂൾ ചങ്ങാതി ജോസിയുടെ പ്രോത്സാഹനത്താൽ ഇടയ്ക്കൊക്കെ ഓൺലൈൻ പത്രങ്ങളിൽ ഫിൻലൻഡ് എന്ന രാജ്യത്തിൻറെ അറിയാ കഥകൾ ഒക്കെ എഴുതി നാട്ടുകാരെയെല്ലാം ‘പ്രബുദ്ധരാക്കികൊണ്ട് ‘ ജീവിതം മുൻപോട്ടു പോകുമ്പോളാണ് കൊറോണ എന്ന മുൾക്കിരീടം ചൂടിയ കുഞ്ഞൻ നമ്മളെ കടന്നാക്രമിച്ചുകൊണ്ടു വീടുകളിൽ തളച്ചിട്ടത് . ബന്ദിനും പിന്നീട് ബന്ദിൻറെ ‘പേര് മാറി’ ഹർത്താലുമൊക്കെ വന്നപ്പോൾ പോലും നമ്മൾ മലയാളികളെ വീട്ടിലൊതുക്കാൻ സാധിക്കാത്തിടത്താണ് ഈ കുഞ്ഞു ജീവി കുറച്ചുകാലത്തേക്കെങ്കിലും നിർബന്ധപൂർവം നമ്മെ കൂട്ടിലടച്ചത് .
സ്വീഡനിൽ നിന്നും സൂഹൃത്തുക്കളായ ലിൻഡയും റോജിയും വഴിയാണ് മനോരമ ന്യൂസ് ചാനലിൽ അവസരം കൈവന്നത് .പിന്നെ ഫിമയുടെ, ഞങ്ങളുടെ ശുദ്ധനായ നേതാവ് ഡെന്നിസും, നമ്മുടെ ചങ്കു ബ്രോ ആയ അരവിന്ദും ഒക്കെ പറഞ്ഞപ്പോൾ ഫിൻലണ്ടിന്റെ കോവിഡ് അപ്ഡേറ്റ് ഞാൻ ഏറ്റെടുത്തു. കോവിഡ് അപ്ഡേറ്റ് 1 .5 മിനിറ്റിൽ ചെറിയ രീതിയിൽ പറഞ്ഞു തുടങ്ങിയാണ് ഈ റിപ്പോർട്ടിങ്ങ് സംരംഭം ആരംഭിച്ചത് . അങ്ങനെ അപ്രതീക്ഷിതമായി മനോരമ ന്യൂസിൽ കൈവന്ന ഈ അവസരം എന്നെ ‘കോവിഡ് കാല ലോക’മെന്ന പരിപാടിയിൽ കൊണ്ടെത്തിച്ചു . ഇപ്പോൾ പല ഫിൻലൻഡ് കാണാകഥകളും ലോക മലയാളികളോട് പറയുവാൻ സാധിച്ചു. ലോക് ഡൗണും , കൊറോണ ഭീതിയും , വർക്ക് ഫ്രം ഹോമും, 2 ചെറിയകുട്ടികളുമായുള്ള ഈ തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ , എന്റെ ജീവിതത്തിന്റെ ‘തിരക്കഥ’ അപ്രതീക്ഷിതമായി തിരുത്തി എഴുതി ഈ കോവിഡ് കാലലോകം! ഇടക്ക് എന്റെ തിരക്ക് കണ്ടു വട്ടാകുമെങ്കിലും എന്നാൽ മനോരമയിൽ നിന്നും സുഹൃത്ത് മഹേഷ് വിളിക്കുമ്പോൾ നല്ല ലൊക്കേഷൻ നോക്കി ക്യാമറയുമായി എനിക്കും മുൻപേ ആദ്യം ഇറങ്ങുന്ന ഷാജഹാനും, മമ്മയുടെ ‘പത്രപ്രേമ’ത്തിൽ ഇടക്ക് ‘കണ്ട്രോൾ’ വിടുമെങ്കിലും, ടീവി യിൽ വരുമ്പോൾ സന്തോഷിക്കുന്ന നിയയും റിക്കുവും തന്നെയാണ് എന്റെ പ്രചോദനം . അങ്ങനെ സംവിധായകന്റെ തൊപ്പി അണിഞ്ഞ ഷാജഹാൻ , എന്തായാലും ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിച്ചേട്ടൻ പറഞ്ഞതുപോലെ ‘ ക്യാമറയുമായി ഞാനും ഇനി ഒപ്പം വെള്ളത്തിലേക്ക് ചാടട്ടെ’ എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല😀
ന്യൂസ് ഡിസ്കഷനിൽ ലൈവ് ആയി വരെ എന്നെ കൊണ്ടിരുത്തിയ മഹേഷിന്റെ ധൈര്യത്തെ അഭിനന്ദിച്ചേ മതിയാവൂ. അത് തികച്ചും ഒരു വ്യത്യസ്ത അനുഭവം തന്നെ എനിക്ക് സമ്മാനിച്ചു . ‘ നവമിയുടെ ലൈവ് പ്രസന്റേഷൻ, ന്യൂസ് ഡെസ്കിൽ എല്ലാവര്ക്കും ഇഷ്ടമായി’ എന്ന് മഹേഷ് പറഞ്ഞപ്പോൾ, കുട്ടിക്കാലത്തു സാരിയും ചുറ്റി കണ്ണാടിയുടെ മുൻപിൽ നിന്നും സംസാരിച്ചിരുന്ന ആ കൊച്ചു പെൺകുട്ടി എന്റെ കണ്മുന്നിലൂടെ ഒരു നിമിഷം മിന്നിമാഞ്ഞു. അപ്പോൾ എന്റെ കണ്ണുകളിൽ പൊടിഞ്ഞ ആ നനവിനു ഒരുപാട് അർത്ഥങ്ങളുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു!
ഓരോ സ്റ്റോറി പറയുമ്പോളും അതിനു പിന്നിൽ ഒരു കൂട്ടം നല്ല സുഹൃത്തുക്കളുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളുമുണ്ടായിട്ടുണ്ട്. അപ്രതീക്ഷിതമായി നല്ല സൗഹൃദങ്ങളെയും എനിക്ക് സമ്മാനിച്ചു ഈ യാത്ര. പുതിയ കഥകളുടെ ആശയങ്ങൾ പകർന്നു നൽകുവാൻ നല്ലവരായ ഫിൻലൻഡ് മലയാളികളിൽ പലരും മുൻപോട്ടു വന്നു. അന്നത്തെ പാവാടക്കാരി കണ്ട ആ കുഞ്ഞു സ്വപ്‌നങ്ങൾ ഇന്നീ അഭ്രപാളികളിലൂടെ യാഥാർഥ്യമാകുമ്പോൾ ഈ പാതയിൽ എന്നെ സഹായിച്ച കുറെ നല്ല ചങ്ങാതിമാരോട് കടപ്പാടുണ്ട് !
കടലോളം സ്വപ്‌നങ്ങൾ കാണാനും ആ സ്വപ്നങ്ങളെ വാരിപ്പുണരുവാനും, അവയെ യാഥാർഥ്യമാക്കുവാനും, ‘ഇയാള് ധൈര്യമായി ചെയ്യടെ ‘ എന്ന് പറയുവാനും, നമുക്ക് തണലായി കാക്കത്തൊള്ളായിരം പേരില്ലെങ്കിലും , ഒരാളെങ്കിലും അരികെ ഉണ്ടെങ്കിൽ, നമ്മുടെ കുഞ്ഞു ആകാശത്തു , ചന്നം പിന്നം പൊഴിയുന്ന മഴത്തുള്ളികളിൽ, ചുംബിക്കുന്ന സൂര്യ കിരണങ്ങളാൽ, ഒരു കുഞ്ഞു മഴവില്ലു വിരിയിക്കുവാനെങ്കിലും നമുക്ക് സാധിക്കും!