മലയാളിയും ഫിന്നിഷ് വിദ്യാഭ്യാസ മോഡലും

(മനോരമഓൺലൈൻ ,മാതൃഭൂമി  ഓൺലൈൻ എന്നിവയിൽ പ്രസിദ്ധീകരിച്ചത്…. )

 
 

 
 

ഫിന്നിഷ് വിദ്യാഭ്യാസം  ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസരീതികളിലൊന്നായി ഇതിനകം പേരെടുത്തിരിക്കുന്നു.  ഇവിടുത്തെ വിദ്യാഭ്യാസ സംസ്കാരത്തെക്കുറിച്ചുള്ള ചർച്ചകൾ എവിടെയും ഉയരുന്ന ഈ വേളയിൽ, മത്സരങ്ങളും വാശിയുമേറിയ നമ്മുടെ ഇന്ത്യൻ വിദ്യാഭ്യാസ രീതികളെ തുടച്ചുമാറ്റി ലളിതമായ ഫിന്നിഷ് വിദ്യാഭ്യാസ സംസ്കാരത്തെ നമ്മുടെ സമൂഹത്തിൽ പ്രായോഗികമാക്കാൻ സാധിക്കുമോ?

ഫിന്നിഷ് ഭാഷാ സ്കൂളുകളിൽ പഠിക്കുന്ന രണ്ടു കുട്ടികളുടെ അമ്മയെന്ന നിലയിൽ ഞാൻ അടുത്തറിഞ്ഞ ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ വിശാദംശങ്ങളിലേക്കു.

 

ഫിന്നിഷ് വിദ്യാഭ്യാസ ഘടന

അടിസ്ഥാനപരമായി ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം പൊതുവായി ചില നിയമങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും ഫിന്നിഷ് വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും എല്ലാ മേഖലകളിലും പ്രാവർത്തികമാക്കുന്നത് ഇവിടുത്തെ ഫിന്നിഷ് ഭാഷാ സ്കൂളുകളിലാണ്.

ഒന്നാം  ക്ലാസ്സുമുതൽ ലുക്കിയോ (നമ്മുടെ നാട്ടിലെ പ്ലസ് ടുവിന് സമാനം) വരെയാണ് നിർബന്ധിത അടിസ്ഥാന വിദ്യാഭ്യാസം. ഏഴ്  വയസിലാണ് ഒന്നാം  ക്ലാസ്സിലെ പ്രവേശനം.ആഴ്ചയിൽ ഇരുപത് മണിക്കൂറുള്ള പ്രീസ്‌കൂൾ  വിദ്യാഭ്യാസം തുടങ്ങുന്നത് ആറാം   വയസിലാണ്. ഒന്നാം  ക്ലാസ്സിലേക്ക് കുട്ടികളെ മാനസികമായി തയ്യാറെടുപ്പിക്കുന്നതിനു പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിനു വലിയ പങ്കുണ്ട്. 

പ്രൈമറി സ്കൂൾ, ഒന്ന് മുതൽ ആറുവരെ ക്ലാസ്സുകളും, സെക്കന്ററി സ്കൂൾ, ഏഴുമുതൽ ഒൻപതു വരെ ക്ലാസ്സുകളും ഉൾപ്പെടുന്നതാണ്.  ഉച്ചഭക്ഷണം , പാഠ്യ പുസ്തകങ്ങൾ ,  മറ്റു സ്കൂൾ സാമഗ്രികൾ  മുതലായവ സൗജന്യമാണ്

നമ്മുടെ നാട്ടിലേതിൽ  നിന്നും വ്യത്യസ്തമായി ഒൻപതാം  ക്ലാസ്സിലെ പരീക്ഷകൾ നടത്തുന്നത് അതാതു സ്കൂളുകൾ തന്നെയാവും .പിന്നീടുള്ള 3 വർഷമാണ് അപ്പർ സെക്കന്ററി സ്കൂളുകൾ അഥവാ ലുക്കിയോകൾ .അതിനു ശേഷമാണു ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ  വരുന്നത് . യൂണിവേഴ്സിറ്റിയിൽ നിന്നോ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ളൈഡ് സയൻസിൽ നിന്നോ ഇത് സാധ്യമാണ് . തൊഴിൽ സംബന്ധമായ  കോഴ്സുകൾക്ക്  ഫീസ് കൊടുക്കുന്ന രീതി ഇവിടെ ഇല്ല.

 

ഏറ്റവും മികച്ച വിദ്യാലയമോ ?

ഇന്ത്യൻ ചിന്താഗതിയിൽ ഈ ചോദ്യവുമായി ഇവിടെ  എത്തിയാൽ  ഉത്തരം കിട്ടാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നേക്കും . സാധാരണയായി നമ്മുടെ നാട്ടിൽ  സ്വകാര്യമേഖലയിൽ നിരവധി വിദ്യാലയങ്ങൾ കാണാറുണ്ട്. എന്നാൽ പൊതുമേഖലയിൽ നിലവാരമുള്ള  വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ അല്പം പോലും വിയർപ്പൊഴുക്കേണ്ട ആവശ്യമില്ല. സമൂഹത്തിൽ  അസമത്വങ്ങളില്ലാതെ ഏതു വിഭാഗത്തിനും ഒരേ നിലവാരത്തിലുള്ള സൗജന്യ വിദ്യാഭ്യാസമാണിവിടെ

പൊതുമേഖലയിലെ മികച്ച വിദ്യാഭ്യാസമാകാം ഈ രാജ്യത്തെ വേറിട്ട് നിർത്തുന്നത്. ചില വിദ്യാലയങ്ങൾ സംഗീതത്തിനും, കായികവിനോദങ്ങൾക്കും പ്രാധാന്യം നല്കുന്നവയാകും. മറ്റു ചില സ്കൂളുകളിൽ വിദേശ ഭാഷകൾ തിരഞ്ഞെടുക്കുന്നതിൽ വൈവിധ്യം കണ്ടേക്കാം. വീടിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകൾ തിരഞ്ഞെടുക്കുന്നത് തികച്ചും ലളിതമാണ്.

 

ആയാസരഹിതമായ ഫിന്നിഷ് സ്കൂളുകളിലെ പ്രവേശനം

ഫിന്നിഷ് ഭാഷാ സ്കൂളുകൾ കൂടാതെ ഇംഗ്ലീഷ് ,ജർമൻ ,ഫ്രഞ്ച്, റഷ്യൻ ഭാഷാ സ്കൂളുകളും,  ഇംഗ്ലീഷ് ,ഫിന്നിഷ് ഭാഷകൾ സംയോജിപ്പിച്ചുകൊണ്ടുള്ള ‘ബൈലിംഗ്വൽ’ സ്കൂളുകളും ഹെൽസിങ്കി പോലുള്ള നഗരങ്ങളിലുണ്ട്.

വളരെ കുറച്ചു  കുട്ടികൾക്ക് മാത്രം പ്രവേശനം ലഭിക്കുന്ന  ഇംഗ്ലീഷ് സ്കൂളുകളിലെ പ്രവേശനം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. എസ്പൂ പോലുള്ള നഗരങ്ങളിൽ 250 കുട്ടികൾ അപേക്ഷിച്ചാൽ ഏകദേശം 50  മുതൽ 75  വരെ കുട്ടികൾക്ക് മാത്രമാണ് ഒന്നാം ക്ലാസ്സിൽ പ്രവേശനം.  ഒൻപതാം ക്ലാസിനു ശേഷം  ഇംഗ്ലീഷ് ലുക്കിയോകളിൽ പ്രവേശനം ലഭിക്കുവാൻ സമാന മത്സരങ്ങൾ പിന്നെയുമുണ്ടാവും. മത്സരങ്ങളും സമ്മർദ്ദങ്ങളും അധികമില്ലാത്ത ഫിന്നിഷ് ഭാഷാ സ്കൂളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കുവാനുള്ള ഞങ്ങളുടെ തീരുമാനം തികച്ചും ലളിതമായിരുന്നു.

ഫിന്നിഷ്,‘ബൈലിംഗ്വൽ’ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ ഈ രാജ്യത്തു കൂടുതൽ അവസരങ്ങളുണ്ട് . എന്നാൽ ഇംഗ്ലീഷ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ, പലപ്പോഴും  ഉയർന്ന ഫീസ് കൊടുത്തു ബിരുദത്തിനും  ബിരുദാനന്തര ബിരുദത്തിനുമൊക്കെ അയൽ രാജ്യങ്ങളെയാണ് ആശ്രയിക്കാറ്.

 

കളിയും അല്പം കാര്യവുമായി പൈവ കോടികൾ  

ഇവിടുത്തെ ‘ഡേ കെയറുകൾ’ അറിയപ്പെടുന്നത് ‘പകൽ വീടുകൾ’ (പൈവ കോടികൾ) എന്നാണ്. ആറു വയസുവരെ കളികളുടെ  ലോകത്തുള്ള ബാല്യകാലം. കൂടുതൽ സമയം കളികൾക്കായി ചിലവഴിച്ചു, ഈ പകൽ വീടുകൾ അവരിലെ സർഗാത്മകതയെ പരിപോഷിപ്പിക്കുന്നു. ചിത്ര പണികൾ,  കരകൗശലവിദ്യകൾ, പ്രകൃതിസംരക്ഷണ പാഠങ്ങൾ എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം.

ചെറുപ്രായത്തിൽ തന്നെ പരാശ്രയം കൂടാതെ ചെറിയ കാര്യങ്ങൾ സ്വന്തമായി ചെയ്യുവാനും ഇവിടെ പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന് സ്വന്തമായി വസ്ത്രങ്ങൾ ധരിക്കാനും  കളിപ്പാട്ടങ്ങൾ യഥാസ്ഥാനത്തു വയ്ക്കാനും സ്വന്തമായി ആഹാരം കഴിക്കുവാനുമൊക്കെ മൂന്നു വയസാകുമ്പോൾ തന്നെ ഇവർ പ്രാപ്‌തരായിരിക്കും .

 

മാതൃഭാഷാപഠനം

മറ്റു ഭാഷകൾ പഠിക്കുന്നതിനോടൊപ്പം തന്നെ  കുട്ടികളുടെ  ശരിയായ വളർച്ചക്കും ബൗദ്ധികവികാസത്തിനും  മാതൃഭാഷയിലൂടെ ആശയവിനിമയം നടത്തുവാൻ ഇവിടുത്തെ സാമൂഹിക വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നു. ആഴ്ചയിൽ ഒന്നര മണിക്കൂറാണ് മാതൃഭാഷാ പഠനം. മാതൃഭാഷക്കു വലിയ പ്രാധാന്യം ഒന്നും കൊടുക്കാത്ത നാഗരിക സംസ്കാരത്തിന് ഒരു തിരിച്ചറിവാണ് ഇവിടുത്തെ ജനങ്ങളുടെ ഭാഷാസ്നേഹം. പ്രീ സ്കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ  മാതൃഭാഷ പഠിക്കുവാനുള്ള  അവസരമുണ്ട്.  മാത്രമല്ല ഫിന്നിഷ്, സ്വീഡിഷ് ഭാഷകൾ കൂടാതെ ഇംഗ്ലീഷും മറ്റു രണ്ടു വിദേശ ഭാഷകളും സ്വായത്തമാക്കുവാനുള്ള അവസരവുണ്ടിവിടെ .

 

നിർബന്ധിത സ്കൂൾ യൂണിഫോം നിരോധിച്ച നാട്

സ്കൂളുകളിൽ നിർബന്ധിച്ചു യൂണിഫോം ധരിപ്പിക്കുന്നതു നിയമപരമായി നിരോധിക്കപ്പെട്ട നാടാണിത്. അതിനാൽ സ്കൂൾ തുറക്കുന്നതിനുമുൻപേ  പലവിധം യൂണിഫോമുകളുടെ പുറകെ ഓടി അവശരാവേണ്ടതില്ല. ഇടുന്ന വേഷത്തിന്റെ പേരിൽ ആരും വിമർശിക്കാനുമുണ്ടാവില്ല.

കുട്ടികളെ കുത്തിനിറച്ചുള്ള ഓട്ടപ്പാച്ചിലുകൾ നടത്തുന്ന സ്കൂൾ ബസ് സംവിധാനം  തീരെയില്ല. അഞ്ചു കി.മി. നു പുറത്തുള്ള സ്കൂളിലാണ് പ്രവേശനം ലഭിച്ചതെങ്കിൽ യാത്രാകൂലിയോ അല്ലെങ്കിൽ സൗജന്യ ടാക്സി സേവനമോ ലഭിക്കുന്നതാവും . എന്നാൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി സർക്കാർ സൗജന്യമായി യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താറുണ്ട്.

 

സഹപാഠിയുടെ  മാർക്കെത്ര?

ഓരോ  കുട്ടിയുടെയും ഗ്രേഡും മാർക്കും അവരുമായി മാത്രമാണ് അധ്യാപകർ പങ്കുവയ്ക്കുന്നത് .കൂട്ടുകാരന്റെ മാർക്കും ഗ്രേഡുമൊന്നും മറ്റു കുട്ടികളോ അവരുടെ  മാതാപിതാക്കളോ അന്വേഷിക്കാറുമില്ല, അറിയാൻ താല്പര്യപ്പെടാറുമില്ല.

മാതാപിതാക്കളും അധ്യാപകരും അനാവശ്യ താരതമ്യങ്ങൾ ചെയ്തു കുട്ടികളുടെ ആത്മവിശ്വാസം തകർക്കാത്ത ഇവിടുത്തെ വിദ്യാഭ്യാസ സംസ്കാരം, നമ്മുടെ സമൂഹത്തെ കൂടുതൽ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു. 

 

വൈവിധ്യമുള്ള വിഷയങ്ങൾ 

സയൻസും കണക്കും എഴുത്തും വായനയും മാത്രമല്ല ഇവിടെ  കാതലായ വിഷയങ്ങൾ. സാമൂഹിക ശാസ്ത്രവും കായികവിനോദങ്ങളും  സംഗീതവും ചിത്രരചനയും മറ്റു കലാസൃഷ്ടി ഉണർത്തുന്ന  വിഷയങ്ങളും, മരപ്പണിപോലുള്ള കരകൗശലവിദ്യകളും തുല്യ പ്രാധാന്യത്തോടെ  പഠിക്കേണ്ടതുണ്ട്.സ്കൂൾ അവസാനം കുട്ടികൾ സ്വന്തമായി നിർമിച്ച കരകൗശലവസ്തുക്കളും, തുന്നിയ തുണിത്തരങ്ങളും അഭിമാനത്തോടെ അവതരിപ്പിക്കാറുണ്ട് കാലാവസ്ഥ അനുസരിച്ചു വ്യത്യസ്ത കായികവിനോദങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു . ഉദാഹരണത്തിന്  മഞ്ഞുകാലത്തു സ്കീയിങ്ങും വേനൽക്കാലത്തു സൈക്ലിങും സ്കൂളുകളിൽ സംഘടിപ്പിക്കാറുണ്ട്.

പ്രൈമറി സ്കൂൾ   ടീച്ചിങ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ പഠനത്തിൽ  മാത്രമല്ല , സംഗീതം , നൃത്തം, ചിത്രരചന, ഫുട്ബോൾ പോലുള്ള കായിക വിനോദങ്ങൾ അല്ലെങ്കിൽ മറ്റു പാഠ്യേതര മേഖലകളിൽ പ്രാവിണ്യം തെളിയിച്ചവരാണെങ്കിൽ മുൻഗണന ലഭിക്കാറുണ്ട്.  .

 

കുറെയേറെ കളിക്കാം, പിന്നെ പഠിക്കാം

കുട്ടികളുടെ പഠന സമയം കുറവാണിവിടെ. ആഴ്ചയിൽ പരമാവധി 30 മണിക്കൂർ വരെ മാത്രമായിരിക്കും ക്ലാസുകൾ. ചെറിയ ക്ലാസ്സുകളിൽ പഠന സമയം പിന്നെയും കുറയും. ഉദാഹരണത്തിന് അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് സാധാരണ 9 മണി മുതൽ ഒരുമണി വരെയാണ് സ്കൂൾ സമയം. ഓരോ വിഷയങ്ങൾക്ക്  ശേഷം ചെറിയ ഇടവേളകൾ ഉണ്ടാകും. കായിക വിനോദങ്ങൾക്കും കളികൾക്കും ദിവസേന പ്രത്യേകം സമയമുണ്ടാകാറുണ്ട്.

ഇടവേളകളിൽ പുറത്തുപോയി സ്വതന്ത്രരായി  കളിക്കുമ്പോൾ, കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കുന്നു. സമ്മർദ്ദങ്ങളില്ലാതിരിക്കുമ്പോൾ  നന്നായി പഠിക്കുവാൻ കഴിയുന്നു എന്നതാണത്രെ ഈ ആശയത്തിന് പിന്നിൽ.

 

‘വായന’ പ്രധാനം

സ്കൂളിനോട് അനുബന്ധിച്ചു  സാധാരണ ലൈബ്രറികൾ കാണാറുണ്ട്. പൊതുവെ പുസ്തകങ്ങളുടെ  കലവറയാണ് ഫിന്നിഷ് ലൈബ്രറികൾ. ഒന്നാം  ക്ലാസ്സുമുതൽ ഇവിടെ നിന്നും  പുസ്തകങ്ങൾ എടുത്തു വായിപ്പിക്കുവാനും അവരിൽ വായനാ ശീലം വളർത്തുവാനും അധ്യാപകർ ശ്രദ്ധിക്കാറുണ്ട്.  ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് സ്കൂൾ അവസാനം പ്രത്യേക അനുമോദനങ്ങൾ നൽകാറുണ്ട്.

 

ഗൃഹപാഠങ്ങൾ, പരീക്ഷകൾ

കുട്ടികളുടെ നിലവാരം അളക്കുവാൻ പരീക്ഷകൾ നടത്തി വർഷാവസാനം അധ്യാപകർ മാതാപിതാക്കൾക്ക് റിപ്പോർട്ട് നൽകാറുണ്ട്. അവധി ദിവസങ്ങളിലൊന്നും ഒരു ലോഡ് ഗൃഹപാഠങ്ങൾ  കൊടുക്കുന്ന രീതിയൊന്നും ഇവിടെയില്ല. പ്രത്യേകിച്ച്  ചെറിയ ക്ലാസ്സുകളിൽ വാരാന്ത്യങ്ങളിൽ ഗൃഹപാഠങ്ങൾ തീരെയില്ല. ദിവസേനയുള്ള ഗൃഹപാഠങ്ങൾ അധികവും സ്വന്തമായി പരീക്ഷങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി കണ്ടെത്തേണ്ടവയാണ്. ചെറിയ ക്ലാസുകളിൽ പൊതുവെ  ഗ്രേഡിങ്ങ്  സംവിധാനമില്ല . ഹൈസ്‌കൂളിൽ ഗ്രേഡിങ്ങ് നടത്തുന്നത് ക്ലാസ്സിലെ അധ്യാപകരായിരിക്കും.

 

 

പേരുചൊല്ലി വിളിക്കപ്പെടുന്ന  അധ്യാപകർ

‘സാറും മാഡവും മിസ്സുമൊന്നും’ ഈ നാട്ടുകാരുടെ നിഘണ്ടുവിലില്ല. അധ്യാപകരെ അവരുടെ പേരുചൊല്ലിയാണ് കുട്ടികൾ വിളിക്കുന്നത്. വിദ്യാലങ്ങളിൽ മാത്രം കാണപ്പെടുന്ന  പ്രവണതയല്ലിത്. ഈ രാജ്യത്തു എവിടെയും ഉപയോഗിക്കാത്ത വാക്കുകളാണിവയെല്ലാം. അതിന്റെ പ്രതിഫലനം വിദ്യാലങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്നുവെന്നു മാത്രം

പരമാവധി ഇരുപത്തിയഞ്ചു കുട്ടികൾ മാത്രമാണ് സാധാരണ പ്രൈമറി സ്കൂളുകളിൽ ഒരു ക്ലാസ്സിലുള്ളത്. ഒന്ന് മുതൽ ആറു വരെ ക്ലാസ്സുകളിൽ, ക്ലാസ് അദ്ധ്യാപിക ഒരേ വ്യക്തി ആയിരിക്കും. അതുവഴി ഓരോ കുട്ടിയേയും കൂടുതൽ മനസിലാക്കി അവരുടെ കഴിവുകളും പോരായ്മകളും അറിയുവാനുള്ള സാഹചര്യം ലഭിക്കുന്നു. പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക് സപ്പോർട് ടീച്ചേഴ്സും ഉണ്ടാകാറുണ്ട്.

 

സ്വാതന്ത്യമുള്ള അധ്യാപകർ

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ഘടന ഒരുപോലെ ആണെങ്കിലും ഓരോ ക്ലാസ് മുറികളും അദ്ധ്യാപകർ തങ്ങളുടെ ഭാവനക്ക് അനുസൃതമായി കുട്ടികളുടെ  കഴിവുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായി  രൂപകല്‌പന ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ദുർബലരായവർക്കു വേണ്ടി  അദ്ധ്യാപകർ  സമയം കൂടുതൽ  ചിലവഴിക്കുന്നു. ഇതുവഴി  ഏറ്റവും സമർത്ഥനായ കുട്ടിയും ദുർബലനായ കുട്ടിയും തമ്മിലുള്ള അന്തരം ഒരു പരിധിവരെ കുറഞ്ഞിരിക്കും.

കുട്ടികളെ പരീക്ഷക്ക് വേണ്ടി മാത്രം പഠിപ്പിക്കുന്ന രീതിയല്ല ഇവിടെ പിന്തുടരുന്നത്. മറിച്  കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള മാനസിക വളർച്ചക്കാണ് ചെറിയ ക്ലാസ്സുകളിൽ മുൻ‌തൂക്കം കൊടുക്കുന്നത്. ഉയര്‍ന്ന സ്വാതന്ത്ര്യവും അത്രതന്നെ ഉത്തരവാദിത്തവും ഈ അധ്യാപകർക്കുണ്ട്.

 

ഫിനോമനോൻ ബേസ്‌ഡ് ലേർണിംഗ്

വിഷയാധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം തന്നെ  ‘ഫിനോമനോൻ ബേസ്‌ഡ് ലേർണിംഗ്അഥവാ പ്രത്യേക ആശയങ്ങളെ കേന്ദ്രീകരിച്ചുള്ള പഠന രീതി എടുത്തു പ്രതിപാദിക്കേണ്ടതുണ്ട്. അതായത് പ്രത്യേക വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഒരു ആശയത്തെ കേന്ദ്രീകരിച്ചുള്ള പഠനമാണ് ഉദ്ദേശിക്കുന്നത്. പുറം ലോകത്തിലെ സാഹചര്യങ്ങളും വ്യതിയാനങ്ങളുമായി ഇടപഴകുവാൻ  കുട്ടികളെ തയ്യാറെടുപ്പിക്കുകയാണ് ലക്‌ഷ്യം. ഉദാഹരണത്തിന് കാലാവസ്ഥ വ്യതിയാനം എന്ന ആശയത്തെകുറിച്ചുള്ള പ്രൊജക്റ്റ് ചെയ്യുമ്പോൾ ശാസ്‌ത്രപഠനത്തിന്റെ വിവിധ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ചോദ്യങ്ങൾ ചോദിച്ച്, ചോദ്യങ്ങൾ വഴി വിഷയങ്ങൾ പഠിപ്പിക്കുക എന്ന രീതിയാണ് ഇവിടുത്തെ സ്കൂളുകൾ തിരഞ്ഞെടുത്തിരിക്കുന്നത്.

 

അതിജീവന പാഠങ്ങൾ

ആയിരം തടാകങ്ങളുടെ നാട്ടിൽ നീന്തൽ പരിശീലനം നേടേണ്ടത് ഒരു അതിജീവന മാർഗം തന്നെയാണ് ! സ്കൂളുകളിൽ അതിനും സമയം കണ്ടെത്താറുണ്ട്. ഏറ്റവും  അടുത്തുള്ള നീന്തൽ പരിശീലന കേന്ദ്രങ്ങളിൽ കുട്ടികൾക്ക് അടിസ്ഥാന  പരിശീലനം നൽകാറുണ്ട് .

വീടുകളിലോ പുറത്തോ ഒറ്റക്കാകുമ്പോൾ, അത്യാഹിത സന്ദർഭങ്ങളെ  കൈകാര്യം ചെയ്യുവാനുള്ള പ്രായോഗിക പാഠങ്ങളും വിദ്യാലങ്ങളി ചർച്ച ആകാറുണ്ട്.

സെക്കന്ററി സ്കൂളുകളിൽ തൊഴിൽ പരിശീലനങ്ങളുടെ ഭാഗമായി ചെറിയ രീതിയിൽജോലി ചെയ്യുവാനും  പ്രോത്സാഹിപ്പിക്കാറുണ്ട്.

 

സന്തോഷക്കുട്ടികൾ

ലോകരാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ദാരിദ്ര്യം. ദാരിദ്ര്യത്തിലമർന്ന ബാല്യകാലം, വിദ്യാഭ്യാസത്തിന്റെ വാതിൽപ്പടിയിൽ കാലിടറി വീണേക്കാം . ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്‌ഷ്യം . ഓരോ സ്കൂളിലെയും  സ്കൂൾ നേഴ്സ് എല്ലാ വർഷവും കുട്ടികളും മാതാപിതാക്കളുമായി ചർച്ചകൾ നടത്തുകയും അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു. ഗുണമേന്മയുള്ള ഭക്ഷണവും മാനസികവും ശാരീരികവുമായ ആരോഗ്യവും ആഹ്‌ളാദപൂർണമാർന്ന ബാല്യകാലം സമ്മാനിക്കുന്നു. അങ്ങനെയുള്ള  സന്തോഷ കുട്ടികളെ വിദ്യയുടെ അനന്തമായ  ലോകത്തേക്ക് അനായാസം കൈപിടിച്ചുയർത്തുവാൻ സാധിച്ചേക്കും. 

 

മാറ്റം വേണം നമ്മുടെ മനോഭാവത്തിൽ

ഫിന്നിഷ് വിദ്യാഭ്യാസത്തെകുറിച്ച് വാനോളം പുകഴ്ത്തുമ്പോളും പ്രായോഗികതലത്തിൽ പൂർണമായും പ്രയോജനപ്പെടുത്താൻ താല്പര്യം കാണിക്കാത്ത വിദേശികൾ, പ്രത്യേകിച്ച് ഇന്ത്യക്കാർ വിരളമല്ലിവിടെ. ഈ രാജ്യത്തു പൂർണ്ണമായും സ്ഥിരതാമസമാക്കിയ ഇന്ത്യൻ മാതാപിതാക്കൾപോലും,  ഒന്നാം ക്ലാസ്സുമുതൽ ഇംഗ്ലീഷ് ഭാഷയും  പഠിപ്പിക്കുന്ന  ഫിന്നിഷ് സ്കൂളുകളേക്കാൾ പൊതുവെ  ഐ ബി സിലബസിനെ ആശ്രയിച്ചുള്ള  ഇംഗ്ലീഷ് സ്കൂളുകൾക്കാണ് പ്രാധാന്യം നൽകുന്നത്.

 

ഏഴുവയസുവരെ  അക്ഷരങ്ങൾ പഠിക്കാതെ വെറുതെ കളിച്ചു നടക്കുന്നകുട്ടികളെപ്പറ്റി പലപ്പോഴും ആവലാതിപ്പെടുന്ന, മാതൃഭാഷാ പഠനത്തിലൊന്നും വലിയ താല്പര്യമില്ലാത്ത മാതാപിതാക്കളെ കണ്ടിട്ടുണ്ടിവിടെ.

നമ്മുടെ പതിവ് ശീലങ്ങളിലിൽ നിന്നും വ്യത്യസ്തമായി,  മത്സരങ്ങളില്ലാത്ത, ഗൃഹപാഠങ്ങൾ അധികമില്ലാത്ത സ്‌കൂളുകളോട് അധികം താല്പര്യം കാണിക്കാത്ത വിദേശികളുമുണ്ട്.

കുട്ടികളുടെ സ്വന്തം ഇഷ്ടങ്ങളേക്കാൾ ഉപരി, അവരുടെ തൊഴിൽ സംബന്ധമായ ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന നമ്മുടെ നാട്ടിലെ മാതാപിതാക്കൾക്ക് ഒരു പക്ഷെ ഇവിടുത്തെ വിദ്യാഭ്യാസ സങ്കല്പങ്ങളോട് വേഗം പൊരുത്തപ്പെടാൻ സാധിക്കില്ലായിരിക്കാം.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്ന സമർത്ഥനായ കുട്ടിയും ഒരു ചെറിയ വെള്ളക്കെട്ടിൽ  അകപ്പെട്ടാൽ മുങ്ങിമരിക്കുന്നത് നമ്മുടെ നാട്ടിലെ  അതിജീവന പാഠങ്ങളോടുള്ള വിമുഖതയുടെ ഉദാഹരണങ്ങളാണ് .

ഏതെങ്കിലും തൊഴിൽ നേടുന്നതിനുവേണ്ടിയുള്ള പരാക്രമമല്ല, മറിച്ചു സ്വഭാവ രൂപീകരണവും കായിക ക്ഷമത വളർത്തുവാനും, അത്യാഹിത സന്ദർഭങ്ങളെ അതി ജീവിക്കുവാനുള്ള ചെപ്പടി വിദ്യകൾ കൈവശമാക്കുന്നതിലും  അതിലുപരി സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന പൗരന്മാരായി രൂപപ്പെടുവാനും  നമ്മുടെ വിദ്യാഭ്യാസം നമ്മെ പ്രാപ്തരാക്കണം.

 

മത്സരങ്ങൾ കുത്തിനിറച്ച , ഏതെങ്കിലും തൊഴിൽ മേഖലയെ മാത്രം കേന്ദ്രീകരിച്ചുള്ള , മാതാപിതാക്കൾ അമിതമായി കൈകടത്തുന്ന  നമ്മുടെ കാലാ കാലങ്ങളായുള്ള ‘വിദ്യാഭ്യാസ  ശരികളിൽനൊടിയിടയിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ  ഒരു സർക്കാർ മാത്രം തീരുമാനിച്ചാൽ സാധിക്കില്ലായിരിക്കാം.

മാതാപിതാക്കളുടെ ,അധ്യാപകരുടെ, വിദ്യാർത്ഥികളുടെ മാത്രമല്ല ഒരു സമൂഹത്തിന്റെ മൊത്തമായ  കാഴ്ചപ്പാടിലുള്ള മാറ്റത്തിലൂടെയേ ഫിന്നിഷ് വിദ്യാഭ്യാസത്തിന്റെ ചില നല്ല വശങ്ങളെങ്കിലും നമ്മുടെ സമൂഹത്തിൽ കൊണ്ടുവരുവാൻ സാധിക്കുകയുള്ളു.

 

ManoramaOnlineLink

MathrubhumiLink