പെൺകുട്ടികളായാൽ ……………..ഇല മുള്ളിൽ വന്നു വീണാലും മുള്ള് ഇലയിൽ വന്നു വീണാലും …………….. .ഈ പഴമൊഴികൾ കേട്ടാവും നമ്മുടെ നാട്ടിലെ ഭൂരിഭാഗം പെൺകുട്ടികളുടെയും കുട്ടിക്കാലം. പെണ്മക്കളുള്ള അമ്മമാരെ സൂക്ഷിക്കുവിൻ!!..ഇത് വായിക്കുവിൻ!!..ഇങ്ങനെ സമൂഹ മാധ്യമങ്ങളിൽ കൂടിയും പല നിയമങ്ങളും പ്രചരിപ്പിക്കുന്നുണ്ട്.
സമൂഹം അടിച്ചേൽപ്പിക്കുന്ന ഈ ‘അലിഖിത നിയമങ്ങൾ’ പെൺകുട്ടികളെ മാത്രം അവരുടെ ജീവിത കാലം മുഴുവനും വേട്ടയാടപ്പെടുന്നു. എല്ലാം സഹിച്ചു സർവം സഹയായി ജീവിക്കുവാനും, ഭൂമിയോളം താണു വീണു കിടക്കുവാനും ഒക്കെ ആണത്രേ നമ്മുടെ ‘സംസ്കാരം’ പഠിപ്പിക്കുന്നത് . അത് ശരിയാണ് , പെണ്ണുങ്ങൾ എവിടെയെങ്കിലും ഒന്ന് പ്രതികരിക്കാൻ ശ്രമിച്ചാൽ, സമൂഹത്തിന്റെ ഈ ‘നിയമങ്ങൾ’ തെറ്റിക്കാൻ ശ്രമിച്ചാൽ, പിന്നെ എല്ലാവരുടെയും ‘സംസ്കാര ബോധം’ സടകുടഞ്ഞു എണീക്കും ! ‘അടക്കവും ഒതുക്കവുമുള്ള’ പെൺകുട്ടികളെ വളർത്തിയെടുക്കുവാനുള്ള സമൂഹത്തിന്റെ ഈ ഭാരിച്ച ‘ഉത്തരവാദിത്തം’ എല്ലാവരും ഒന്നുപോലെ ഏറ്റെടുക്കും. അതെ സ്വന്തമായി ‘വലിയ’ തെറ്റുകുറ്റങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തല്ക്കാലം നമുക്ക് പെൺകുട്ടികളെ നന്നാക്കാൻ ശ്രമിക്കാം!
ബസുകളിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ, സ്കൂളുകളിലേക്ക് പോകുന്ന ഇടവഴികളിൽ, ഇപ്പോൾ ഒളിച്ചു മാളത്തിൽ ഇരുന്നുകൊണ്ട് ഇൻ്റർനെറ്റിലൂമൊക്കെ ‘ആണത്തം തുളുമ്പുന്ന’ ഈ ചേട്ടന്മാർ ‘എന്തെങ്കിലും’ കാട്ടി കൂട്ടുമ്പോൾ പെൺകുട്ടികൾ പ്രതികരിച്ചാൽ പിന്നെ വിക്രിയകൾ കാട്ടുന്നവൻ തിരശീലക്കു പുറകിലാകും. ഏതു പെൺകുട്ടിയാണ് പ്രതികരിച്ചെതെന്നും അവളുടെ ഭൂതം, വർത്തമാനം തിരയലാകും പിന്നെ കുറെ കാലം സമൂഹത്തിന്റെ ‘ബാധ്യത ‘. പൊതുസ്ഥലങ്ങളിൽ പെൺകുട്ടികൾ ചെറുതായെങ്കിലും ഒന്ന് ശബ്ദമുയർത്തിയാൽ പിന്നെ ആൺ, പെൺ ഭേദമില്ലാതെ എല്ലാവർക്കും ‘അഹങ്കാരി’യായ , ആ പെൺകുട്ടിയെ കാണണം. ‘ഏതാ കുട്ടി..ആ മഞ്ഞ സാരിയാണോ ..അതോ പച്ച ചുരിദാറോ…നോക്കട്ടെ….പിന്നെ തിരക്കായി അഹങ്കാരിയായ അവളെ ഒരു നോക്ക് കാണുവാൻ. ‘ആൺകുട്ടികളായാൽ അങ്ങനെ ഒക്കെ കാട്ടിയെന്നിരിക്കും നമ്മൾ അതിനൊന്നും പ്രതികരിക്കാൻ നിന്ന് വെറുതെ നാണം കെടേണ്ടെന്ന ‘ ഉപദേശവും കിട്ടും ഓൺ ദി സ്പോട് ആയി ഏതെങ്കിലും ആന്റിമാരിൽ നിന്നും. മകളെ ‘സംസ്കാരം’ പഠിപ്പിക്കുവാൻ ചിലപ്പോൾ വീട്ടുകാർക്കും സൗജന്യമായി ഉപദേശവും കിട്ടിയെന്നിരിക്കും . അതെ, അവിടെയും ആ ‘മാന്യനായ’ വ്യക്തിക്ക് ഒരു പോറലുപോലുമേൽക്കില്ല.
പലപ്പോഴും പ്രതികരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നമ്മുടെ ചുറ്റുമുള്ളവരുടെ മനോഭാവം കാണുമ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കാരണം വാദിയെ പ്രതിയാക്കുന്ന സമൂഹത്തിന്റെ രൂക്ഷ വിമർശനങ്ങളിൽ പലരും തളർന്നു പോകുമത്രേ. അഹങ്കാരി,സംസ്കാരമില്ലാത്തവൾ അങ്ങനെ പല പേരുകളും സൗജന്യമായി ലഭിക്കുകയും ചെയ്യും.
ഇപ്പോൾ പിന്നെ എല്ലാ അഭിപ്രായ പ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ കൂടിയാണല്ലോ. പെൺകുട്ടികളോ സ്ത്രീകളോ അവിടെയും വലിയ അഭിപ്രായങ്ങളൊന്നും പറയുന്നത് സമൂഹമെന്ന കോടതിക്ക് വലിയ താല്പര്യമൊന്നുമില്ല. എന്നാൽ അവസാനം മെഴുകുതിരി കത്തിക്കുവാൻ എല്ലാവരും ഒന്നായി ഉണ്ടാവും !
നിങ്ങൾക്ക് പ്രതികരിക്കാം. വീട്ടിലെ ഏതെങ്കിലും ആണത്തമുള്ള പട്ടിയേയോ പൂച്ചയേയോ എങ്കിലും മുൻപിൽ നിർത്തി പ്രതികരിക്കൂ.. സർവം സഹയാകൂ.. നല്ല ഭക്ഷണം ഉണ്ടാക്കുവാൻ പഠിക്കുവിൻ. ഇരുട്ട് വീണാൽ വേഗം ഓടി ഒളിക്കുവിൻ (അത് പഴയകഥ , ഇന്നിപ്പോൾ പകൽ വെളിച്ചത്തിൽ നിന്നുപോലും )..സമൂഹം കൽപ്പിക്കുന്ന വസ്ത്രം ധരിക്കുവിൻ.നമ്മുടെ സംസ്‍കാരം ഉയർത്തിപ്പിടിക്കുവിൻ.നിന്റെ സ്വപ്‌നങ്ങൾ ഹൃദയത്തിന്റെ ഏതെങ്കിലും കോണിൽ കുഴിച്ചുമൂടുവിൻ …സമൂഹത്തിന്റെ പൂച്ചെണ്ടുകൾ ഏറ്റുവാങ്ങൂവിൻ.അതിലൂടെ നിന്റെ സ്ത്രീത്വം സായൂജ്യമടയട്ടെ !സമൂഹത്തെ സന്തോഷിപ്പിച്ചു അവസാനം അവശയായി തളർന്നു വീഴുമ്പോൾ നമുക്ക് താങ്ങായി ഈ പൂച്ചെണ്ട് തന്നവർ കാണണമെന്നില്ല എന്ന ജീവിത സത്യം അറിഞ്ഞുകൊണ്ടുതന്നെ!
പെൺസുരക്ഷ ,അമ്മസുരക്ഷ, അമ്മായിസുരക്ഷ, അമ്മൂമ്മ സുരക്ഷ…….അങ്ങനെ പല പല സർക്കാരുകൾ തരുന്ന ധാരാളം സുരക്ഷാ നിയമങ്ങളും ഉണ്ടല്ലോ? പിന്നെന്തേ ഈ പെൺകുട്ടികൾക്ക് ?അതുകൊണ്ടു ഇനിയും വൈകിയിട്ടില്ല , വേഗം ചൊല്ലി പഠിച്ചോളൂ പെൺകുട്ടികളായാൽ …….