വൈറസ് വന്നത്രെ ശീഘ്രമായ് പോയിടാം , എന്നച്ഛൻ ചൊല്ലിയതോർമയുണ്ടിപ്പോഴും. ഓടി തളർന്നു നാവു വരണ്ടു കുഞ്ഞികാലും കുഴഞ്ഞു.

നിദ്ര ചതിച്ചതാണെൻ പ്രിയ താതനെ. ക്ഷീണിച്ചവശനാം ജനകനെ തേടി ഞാൻ, എവിടെയും ജല്പനം വൈറസാം അതിഥി!

അമ്മ തൻ രോദനം ആർത്തനാദങ്ങൾ ഉറക്കത്തിൽ കുഞ്ഞോടെ ദു:സ്വപ്നമിപ്പോഴും.

കണ്ടില്ല താതനെ പിന്നീടൊരിക്കലും വന്നില്ല പൊന്നച്ഛൻ പൊന്നുമ്മ നല്കിടാൻ.

അമ്മ ഉണരുമെൻ വിശപ്പടക്കീടുവാൻ കുഞ്ഞു കൈകളിൽ അപ്പമേകീടുവാൻ. കുഞ്ഞു വയറിതു വിശപ്പേറെ പൊന്നമ്മേ വേഗം ഉണരുകീ കുഞ്ഞോളേ നോക്കിടാൻ.

ചുറ്റും തിക്കി തിരക്കിടും കൂട്ടങ്ങൾ , നോക്കിടുമെന്നെ തുറിച്ച നേത്രങ്ങളാൽ .

കണ്ടിട്ടില്ലിതുവരെ നാളിതുവരേയ്ക്കും അച്ഛൻ ചൊല്ലിയ വൈറസാം അതിഥിയെ !

മനസ് മന്ത്രിക്കുന്നു ചുറ്റും ‘വൈറസു’കൾ , ഭയം ജനിക്കുന്നു , കുഞ്ഞു ഹൃദയത്തിൽ. കണ്ണ് തുറക്കെന്റെ പ്രാണനാം പൊന്നമ്മേ വൈറസുകൾ വളഞ്ഞിടും കുഞ്ഞോളെ പുണർന്നിടാൻ !