ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം .
അതെ കൈകഴുകൽ ഓർമപ്പെടുത്തുവാനും ഇങ്ങനൊരു ദിനമുണ്ട് . 2008 മുതലാണ് ഗ്ലോബൽ ഹാൻഡ്‌വാഷിങ് കൂട്ടായ്മ ഈ ദിനം ആചരിച്ചു തുടങ്ങിയത് . പല സന്ദർഭങ്ങളിലും പലപ്പോഴായി ‘കൈകഴുകി’യിട്ടുണ്ടെങ്കിലും, ഇതാദ്യമായാവും ലോകമൊന്നാകെ അനുസ്യൂതം കൈകഴുകൽ മഹാമഹം ഏറ്റെടുത്തത് . 1800 കളിൽ യൂറോപ്പിന്റെ പല ഭാഗങ്ങളിലും പ്രസവിക്കുന്ന അമ്മമാർ ഗർഭാശയത്തിൽ അണുബാധയേറ്റു മരിക്കുന്ന സംഭവം സാധാരണയായിരുന്നു. ആരോഗ്യവിദഗ്ദ്ധരെ ആശയകുഴപ്പത്തിലാക്കിയ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത് ഹങ്കേറിയൻ ഡോക്ടറായ ഇഗ്നസ് സെമ്മൽവൈസാണ്. ഡോക്ടർമാരുടെ കൈകൾ നന്നായി അണുവിമുക്തമാവാത്തതാണ് കാരണമെന്നു അദ്ദേഹം കണ്ടെത്തിയത് ആരോഗ്യരംഗത്തെ വേറിട്ട കണ്ടെത്തലായിരുന്നു, അതുവഴി മരണനിരക്കുകൾ ഗണ്യമായി കുറയ്ക്കുവാൻ പിന്നീട് സാധിച്ചു.
എന്തായാലും 2020 ലാവും മാനവരാശി ഏറ്റവും കൂടുതൽ കൈകഴുകിയിട്ടുള്ളത് . കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ കൈകഴുകൽ ദിനം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. ഇന്നിപ്പോൾ എവിടെയും കൈകഴുകൽ കേന്ദ്രങ്ങൾ സജീവമായി, സന്നദ്ധ സംഘടനകളും മുൻപോട്ടു വന്നു . എന്തിന് നമ്മുടെ കേരള പോലീസുവരെ കൈകഴുകി നൃത്തമാടിയതു ലോകപ്രശസ്തി നേടി. അതുകൊണ്ട് തെല്ലും അലംഭാവമില്ലാതെ നമുക്കും ഈ കൈകഴുകൽ യജ്ഞത്തിൽ പങ്കുചേരാം ..പ്രതിരോധിക്കാം…ഒരു നല്ല നാളേക്കായി!