പാരതന്ത്ര്യത്തിന്റെ കാരിരുമ്പഴികൾക്കുള്ളിൽ കിടന്ന് ഞെളിപിരികൊണ്ട ആർഷ ഭാരതം അടിമത്തത്തിന്റെ ചങ്ങലകൾ ഭേദിച്ചു സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ശ്വസിച്ചിട്ടു 73 വർഷം പിന്നിട്ടിരിക്കുന്നു . ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യത്തെ രക്തസാക്ഷിയായ മംഗൽ പാണ്ഡെ എന്ന ശിപായി മുതൽ എത്രയോ ദേശഭക്തരുടെ രക്തവും കണ്ണീരും ചിതറി വീണതിന്റെ പരിണത ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം . ‘അഹിംസ’ ആയുധമാക്കിയ ഒരു മഹാത്മാവിന്റെ നേതൃത്വത്തിൽ നേടിയ ധീരമായ വിജയം. യുദ്ധവും അധികാരവും കൊടികുത്തിവാഴുന്ന സമൂഹത്തിൽ സഹജീവികളെ ഹിംസിക്കരുത് എന്ന ആദർശത്തിലൂന്നിക്കൊണ്ട് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച അവിശ്വസനീയമായ വിജയം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ളിക്കിന്റെ ഉദയത്തിലേക്കു വഴിതെളിച്ച വിജയം. ‘ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല’ എന്ന് ഐൻസ്റ്റീൻ പറഞ്ഞ മഹാത്മാവിന്റെ ഇന്ത്യ.
മനുഷ്യന്റെ സ്വതന്ത്രവിഹാരത്തിനേറ്റ തിരിച്ചടി
————————————————————————–
മനുഷ്യന്റെ സ്വതന്ത്രവിഹാരത്തിനേറ്റ തിരിച്ചടി ആയിരുന്നു ഇക്കഴിഞ്ഞ 8 മാസക്കാലം. അപ്രതീക്ഷിതമായി നമ്മുടെ മുഖത്തിനേറ്റ പ്രഹരമായിരുന്നു കൊറോണ എന്ന അദൃശ്യജീവി. നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തിൽ ചെറിയ ചില നിയന്ത്രങ്ങൾ വന്നപ്പോൾ തന്നെ നമ്മിൽ പലരും അക്ഷമരായി. ധനികനേയും ദരിദ്രനെയും പണ്ഡിതനെയും പാമരനേയും ഒരുപോലെ കൂച്ചുവിലങ്ങണിയിച്ചു നാലു ചുമരുകളിൽ ഒതുക്കിക്കൊണ്ടു നിസഹായനാക്കി ഈ കുഞ്ഞുജീവി. പ്ളേഗും, സ്പാനിഷ് ഫ്ലുവും ലോകജനതയെ കാർന്നു തിന്ന ചരിത്രമൊക്കെ പഠിച്ചു ആത്മഗതം വിട്ടിരുന്ന നാം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല ശാസ്ത്രവും സയൻസും വിജയിച്ചു നിൽക്കുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നഗ്നനേത്രങ്ങൾ കൊണ്ടുപോലും കാണുവാൻ കഴിയാത്ത വെറും ഒരു സൂക്ഷ്മജീവിയാൽ രാജ്യങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും അതീതമായി ലോകം മുഴുവനും ഈ വിധത്തിൽ കൂട്ടിൽ അടക്കപ്പെടുമെന്ന്. അതെ, സമർത്ഥരെന്ന് സ്വയം മുദ്രകുത്തിയ മനുഷ്യനേറ്റ തിരിച്ചടി.
വിജനമായ നാടും നഗരവും
————————————————-
ഒരു തടസ്സവുമില്ലാതെ എവിടെയും സഞ്ചരിച്ചിരുന്നു നമ്മൾ. സ്കൂളുകളിൽ,ജോലിസ്ഥലങ്ങളിൽ, മാർക്കറ്റുകളിൽ, ആശുപത്രികളിൽ, ആരാധനാലയങ്ങളിൽ. കുട്ടികൾ ഒരുമിച്ചു കൂടിയിരുന്ന കളിസ്ഥലങ്ങൾ, മൈതാനങ്ങൾ എല്ലാമിന്ന് അവരുടെ കളിചിരികളും ഇണക്കങ്ങളും പിണക്കങ്ങളുമില്ലാതെ ഏകാന്തത നിഴലിച്ച ശൂന്യമാം കളിമുറ്റങ്ങളാണ്. സാമൂഹിക ജീവിതത്തിന്റെ ആദ്യപാഠങ്ങൾ ഒരു പക്ഷെ കുട്ടികൾക്ക് ലഭിക്കുന്നത് കൂട്ടുകാരുമൊത്തുള്ള കളികളിലൂടെയാവാം. വൈകുന്നേരങ്ങളിൽ ഇളം കാറ്റേറ്റ് സുഹൃത്തുക്കളുമൊത്തു തമാശ പറഞ്ഞിരുന്ന ബീച്ചുകളും , ലോകവാർത്തകളുടെ ‘താത്വികമായ’ അവലോകനം നടത്തിയിരുന്ന ഗ്രാമങ്ങളിലെ ചായക്കടകളും, കൂട്ടുകാരുമൊത്തു സ്കൂളുകളിലേക്ക് യാത്ര നടത്തിയിരുന്ന ഇടവഴികളുമെല്ലാം ശൂന്യതകൊണ്ട് വീർപ്പുമുട്ടുന്നുണ്ടാവാം . മനുഷ്യൻ തന്റെ സങ്കടഭാരങ്ങളും ആശങ്കകളും സമർപ്പിക്കുന്ന ആരാധനാലയങ്ങളിൽ പോലും ‘ദൈവങ്ങൾ’ ഏകാന്തത അനുഭവിക്കുന്നുണ്ടാകാം. നാലു ചുമരുകൾക്കുള്ളിൽ അകപ്പെട്ട പലരും മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്നുപോകുന്നുമുണ്ട്. ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ’ എന്ന വള്ളത്തോൾ കവിത ഓർത്തുപോകുന്നു!
കോവിഡ് കണ്ണുനീരിലാഴ്ത്തിയ ജനജീവിതങ്ങൾ
———————————————————————
കോവിഡ് നിശ്ചലമാക്കിയ കോടിക്കണക്കിനു ജീവിതങ്ങൾ. ദിവസ വേതനത്തിലൂടെ ജീവിക്കുന്ന ഭൂരിഭാഗം ജനവിഭാഗങ്ങളും ദുരിതത്തിലായി. വീടിന്റെ വാടകയും സ്കൂൾ ഫീസ് അടക്കുവാനും ചികിത്സക്കുള്ള പണം ഉണ്ടാക്കുവാനും കഴിയാതെ കഷ്ടപ്പെടുന്നവർ. കോവിഡിനെക്കാളും ഒരു നേരത്തെ ആഹാരത്തെപ്പറ്റി ചിന്തിച്ചു വ്യാകുലപ്പെടുന്നവർ. ഇന്ത്യയിലെ മൂന്നിൽ ഒരാൾ തങ്ങളുടെ നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടി എത്തിപ്പെട്ടവരാണെന്നാണ് കണക്ക് . വീട് പണിതും പാലം നിർമിച്ചും ഹോട്ടലുകളിൽ നമുക്ക് ആഹാരം വിളമ്പിയും എച്ചിൽ തുടച്ചുമൊക്കെ നമ്മെ സന്തോഷിപ്പിച്ച ‘അതിഥി’ തൊഴിലാളികൾ എന്ന അദ്ധ്വാനവർഗം തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടത്തിയ മരണയാത്രകൾക്കും നാം സാക്ഷികളായി. ‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നു’ പറഞ്ഞ മഹാത്മാവിന്റെ ആത്മാവ് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് മാപ്പു നൽകട്ടെ.
മാറിയ ജീവിതരീതികൾ
——————————————-
നമ്മുടെ വീടുകൾ ഇന്ന് ജോലിസ്ഥലങ്ങളായി, സ്കൂളുകളായി, ആരാധനാലയവുമായി. എന്തിനേറെ സ്വന്തമായി തൊടികളിൽ കുടുംബവുമൊത്തു പച്ചക്കറികൃഷികൾ ചെയ്യുവാനും പ്രകൃതിയോട് കൂടുതൽ ഇണങ്ങുവാനും ഒരു വിഭാഗം ആളുകൾക്കെങ്കിലും സാധിച്ചു . ലോകത്തിന്റെ പല കോണുകളിലുമുള്ള കുടുംബാംഗങ്ങളുമായി വീഡിയോ ചാറ്റ് നടത്തി കുടുംബ കൂട്ടായ്മകൾക്കും കോവിഡ് കാലം സാക്ഷിയായി . അതുപോലെ ‘തിരക്കിട്ട’ ജീവിതത്തിൽ നിന്നും തങ്ങളുടെ പഴയകാല സുഹൃത്തുക്കളുമായി ഓൺലൈനിൽ നേരിട്ട് കണ്ട് പഴയ സൗഹൃദങ്ങൾ പൊടിതട്ടി എടുക്കുവാനും പലർക്കും സമയമുണ്ടായി. സോഷ്യൽ മീഡിയകൾ കലാവാസനകളുടെ വേദികളായി. പലരും പാട്ടുകാരായും , പാചക പരീക്ഷണങ്ങളുമായും, സ്വന്തമായി യൂട്യൂബ് ചാനലുകൾ ഉണ്ടാക്കിയും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നു .
ശുദ്ധവായു ശ്വസിച്ചു പ്രകൃതി
—————————————————-
കൊറോണ മനുഷ്യനെ ശ്വാസം മുട്ടിച്ചപ്പോൾ പ്രകൃതിയും ജീവജാലങ്ങളും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം അറിഞ്ഞ കാലയളവുകളായിരുന്നു ഇക്കഴിഞ്ഞത്. ലോകത്തിലെ മലിനമായ തലസ്ഥാന നഗരങ്ങളിൽ ഒന്നായ ഡൽഹി ഇപ്പോൾ ശുദ്ധവായു ശ്വസിക്കുന്ന പാതയിലാണ്. കെനിയയിലെ നയ്റോബിക്ക് ശേഷം ഏറ്റവും അധികം പക്ഷിവൈവിധ്യമുള്ള നഗരമായ ഡൽഹിയിൽ ഇപ്പോൾ മാലിന്യം മൂലം കാണാമറയത്തായിരുന്ന പക്ഷികളെ കാണാമത്രെ . മലിനീകരണം കുറഞ്ഞപ്പോൾ നമ്മുടെ തലസ്ഥാന നഗരിയിൽ കൂടുതൽ നക്ഷത്രങ്ങളും തെളിഞ്ഞത്രെ. അതുപോലെ ഗംഗയിലെയും മറ്റു പല നദികളിലെയും മാലിന്യം കുറഞ്ഞിരിക്കുന്നു. ലോകത്തിലെ പല രാജ്യങ്ങളിലായുള്ള ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളിലെ കണക്കുകൾ പ്രകാരം മനുഷ്യൻ ഭൂമിയിൽ ഉണ്ടാക്കുന്ന കമ്പനങ്ങളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷത്തിലെ കാർബൺ വികിരണത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നു .ഓസോൺ പാളിയിലെ വിള്ളൽ കുറഞ്ഞിരിക്കുന്നു. അങ്ങനെ ഈ കാലയളവിൽ ലോകത്താകമാനം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞിരുന്നു.
വിരിയട്ടെ പുതിയ ആകാശവും ഭൂമിയും
——————————————————————-
കാടും നാടും തിന്നു മുടിച്ച മനുഷ്യന്റെ അഹന്തക്ക് പ്രകൃതി നൽകിയ തിരിച്ചടി ആയിരിക്കാം ഒരു പക്ഷെ ഈ സൂക്ഷ്മജീവിയുടെ രൂപത്തിൽ ആടി തിമിർക്കുന്നത്. നമ്മുടെ ‘അതിരു’കളില്ലാത്ത സ്വാതന്ത്ര്യം മൂലം നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാൽ കൊറോണ കാലത്തിനുശേഷവും മനുഷ്യർ പ്രകൃതിയോടുള്ള തങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തുമോ? തെളിഞ്ഞ ആകാശത്തു വിരിയുന്ന നക്ഷത്രങ്ങളും , സ്വാതന്ത്രരായി പറക്കുന്ന പക്ഷികളും, തെളിനീരൊഴുക്കുന്ന നദികളുമുള്ള പുതിയ ആകാശവും, ഭൂമിയും നമുക്ക് പടുത്തുയർത്താനാകുമോ? കാത്തിരുന്ന് കാണാം. ഓരോ സ്വാതന്ത്ര്യദിനവും കടന്നുപോകുമ്പോൾ, മൂവർണ്ണക്കൊടി വാനിൽ പറക്കുമ്പോൾ ഓരോ ഭാരതീയനും സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയട്ടെ. നമ്മുടെ അമിതമായ സ്വാതന്ത്ര്യം പ്രകൃതിയുടെ സ്വാഭാവിക നിലനിൽപിന് മേലുള്ള കടന്നുകയറ്റം ആവാതിരിക്കട്ടെ!
നവമി