ഐതീഹ്യങ്ങളുടെയും നാടോടിക്കഥകളുടെയും ഒരു ഫിന്നിഷ് ദേശീയ ഇതിഹാസ കാവ്യം– കലേവാല

‘കേരളത്തിൽ’ നിന്നല്ല ഫിൻലൻഡിലെ ‘കരേലിയൻ’ പ്രദേശങ്ങളിൽ നിന്നും പിറവിയെടുത്ത കലാസൃഷ്ടി. പഴമയുടെ തിരയിലേറ്റിക്കൊണ്ടു ഈ കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് നൂറ്റാണ്ടുകൾക്കു പിന്നിലേക്കാണ്. 1828 മുതൽ ഏലിയാസ് ലോൺറോട്ട് എന്ന ഭിഷഗ്വരനായ കവി ശേഖരിച്ച ഫിന്നിഷ്-കരേലിയൻ നാടോടി കവിതകളെ അടിസ്ഥാനമാക്കിയുള്ള കവിത. യൂറോപ്പിലെ ക്ഷാമത്തിന്റെയും കോളറയുടെയും ഇരുൾ മൂടിയ കാലഘട്ടത്തിൽ തന്റെ യാത്രകളിൽ അദ്ദേഹം ശേഖരിച്ച കവിതകളെ ആസ്പദമാക്കി ജന്മമെടുത്ത സൃഷ്ടി.
2,000 വർഷങ്ങൾക്ക് മുമ്പ് ‘ബാൾട്ടോ-ഫിന്നിക്’ വാക്കുകളാലുള്ള ഭാഷാ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു കരേലിയൻ പ്രദേശങ്ങൾ. ഇന്നത്തെ ഫിൻലൻഡിന്റെയും റഷ്യയുടെയും അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശം. ഭൂമിയുടെ സൃഷ്ടിയെക്കുറിച്ചുള്ള പൗരാണിക കഥകളെയും കരേലിയ, പൊഹ്യോലാ ദേശങ്ങളിലെ ശക്തരായ മാന്ത്രവാദികളെയും ദേവതകളെയും അടിസ്ഥാനമാക്കി ലോകത്തിനു മുൻപിൽ ഫിന്നിഷ് സാഹിത്യത്തിനൊരു മേൽവിലാസമുണ്ടാക്കിയ കലാസൃഷ്‌ടി. പുരാണകഥകൾ, കെട്ടുകഥകൾ, നാടോടിക്കഥകൾ, പാരമ്പര്യം, ചരിത്രം ഇവയുടെയെല്ലാം അഭൂതപൂർവമായ ഒരു സംഗമം.
ഹോമറിന്റെ ഒഡീസി, പഴയ വെൽഷിൽ നിന്നുള്ള മാബിനോജിയോൺ തുടങ്ങി മറ്റ് സംസ്കാരങ്ങളിൽ നിന്നുമുള്ള ഇതിഹാസങ്ങളുമായി കലേവാലയെ താരതമ്യപ്പെടുത്താറുണ്ട്. നമ്മുടെ പഞ്ചതന്ത്രവുമായി താരതമ്യം ചെയ്യാനും ചരിത്രകാരന്മാർ മറന്നില്ല.ഇലിയഡും ഒഡീസിയും പോലെ , കാലേവാല അതിന്റെ വേരുകൾ, ഒരു കാലത്തും വീര്യം കുറയാത്ത വാമൊഴി പാരമ്പര്യത്തിൽ കണ്ടെത്തുന്നു. ഒരു പ്രത്യേക രാഗത്തിലാണ് ലോൺറോട്ട് തന്റെ കവിതകൾ ആസ്വാദകരിലേക്കെത്തിക്കുന്നത്.
‘കാന്തലെ’ കാലേവാലയുടെ മധുരധ്വനി
ഇതിലെ വൈനോമൈനേൻ എന്ന പ്രധാന കഥാപാത്രത്തിന്റെ നിർമ്മിതിയായി ‘കാന്തലെ’ എന്ന വാദ്യോപകരണം അവതരിപ്പിക്കപ്പെടുന്നു. കലേവാലയിലെ പൈക്കിന്റെ (ഒരു മൽസ്യ ഇനം ) അസ്ഥികളിൽ നിന്ന് രൂപപ്പെട്ട സിതർ പോലൊരു വാദ്യോപകരണമാണ് കാന്തലെ. ഇതിലെ പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും കാന്തേലെയുടെ ഈണങ്ങൾ ഏറെ സ്വാധീനിക്കുന്നുണ്ട്. വടക്കൻ കരേലിയ മേഖലയിൽ ഈ സംഗീത പാരമ്പര്യങ്ങൾ ഇന്നും ഒളിമങ്ങാതെ നിലനിൽക്കുന്നു.
ഇവിടുത്തെ പാർപ്പിൻവാര, വില്ല റൂസുല ഗ്രാമങ്ങളിൽ ചരിത്രമുറങ്ങി കിടക്കുന്നു. ഈ ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ ഒരു ചരിത്ര കുതുകിയെ ഉന്മത്തനാക്കിയേക്കും. ഭാവനയുടെ ചിറകിലേറി കാന്തെലെയുടെ ഈണങ്ങളിൽ അവന് അഭിരമിക്കാം. ദേശീയ വാദ്യോപകരണമായ കാന്തേലെ പഠിക്കുവാൻ ഇന്ന് യൂണിവേഴ്സിറ്റികളിൽ പോലും അവസരമുണ്ട്.
സൃഷ്ടിയുടെയും പ്രേമത്തിന്റെയും വഞ്ചനയുടെയും കഥ
കലേവാലയുടെ തുടക്കത്തിൽ ലോകവും സൂര്യനും ചന്ദ്രനും രൂപം കൊണ്ടതിന്റെ സൃഷ്ടിയുടെ കഥയുണ്ട്. ധീരരായ വനിതകൾ, മന്ത്രവാദികൾ അവരുടെ യുദ്ധങ്ങൾ, പ്രതികാരം, പ്രണയം, വിരഹം, തുടങ്ങി വിവിധങ്ങളായ ജീവിത മുഹൂർത്തങ്ങളിലൂടെ കവിതാസ്വാദകൻ കടന്നു പോകുന്നു.
പൂക്കളെയും പുഴകളെയും വനങ്ങളെയും പ്രകൃതിയെയും ആഴത്തിൽ അനുഭവിച്ചറിഞ്ഞ ഐനോ എന്ന പെൺകുട്ടിയുടെ കഥയുണ്ട്. മാന്ത്രികമായ ആലാപന മാധുര്യമുള്ള ബുദ്ധിമാനായ ഒരു വൃദ്ധനാണു വൈനോമൈനേൻ . വൈനോമൈനനെ വിവാഹം കഴിക്കാൻ സഹോദരൻ പ്രേരിപ്പിച്ചതിൽ മനം നൊന്തു ദുഃഖ കടലിൽ അകാല മരണത്തിലേക്ക് മുങ്ങിത്താഴ്ന്നവൾ. ആർക്കും സ്വാതന്ത്ര്യം കവർന്നെടുക്കാൻ കഴിയാത്ത ഒരു മത്സ്യകന്യകയായി മാറിയ ധീരയായ വനിതയുടെ പ്രതീകം.
തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട മർയാത്ത എന്ന അമ്മയിലൂടെ മാതൃത്വത്തിന്റെ തീക്ഷ്ണ ഭാവങ്ങൾ അസാമാന്യമായി പകർത്തിയിട്ടുണ്ട്.
ഉടമസ്ഥന് ധനവും സമ്പത്തും സൗഭാഗ്യങ്ങളും നിർലോഭം ദാനം ചെയ്യുന്ന സാംപോ എന്ന മാന്ത്രിക വസ്തുവിന്റെ കഥയുണ്ട്. ഇൽമറിനൻ എന്ന ഇരുമ്പ് പണിക്കാരൻ നിർമ്മിച്ച വ്യത്യസ്തങ്ങളായ വിവരണമുള്ള ഒരു മാന്ത്രിക ഉപകരണമാണ് സാംപോ, സാംപോയുടെ നിർമ്മാണത്തിന്റെയും കവർച്ചയുടെയും കഥയുണ്ട്.
ലൂഹി പൊഹ്യോലയിലെ ഒരു മന്ത്രവാദിയും രാജ്ഞിയും കലേവാലയിലെ മുഖ്യദുഷ്ടകഥാപാത്രവുമാണ്. ഇൽമറിനെൻ ലൂഹിയുടെ മകളായ വടക്കൻ കന്യകയുമായി പ്രണയത്തിലാകുന്നു. എന്നാൽ സാംപോ നിർമിച്ചാൽ മാത്രം തന്റെ മകളെ വിവാഹം കഴിക്കാമെന്ന നിബന്ധനയുമായി ലൂഹി വരുന്നു . ഇൽമറിനെൻ സാംപോ നിർമിച്ചു നൽകുകയും അവരുടെ മകളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ വിവാഹത്തിന് തൊട്ടുപിന്നാലെ വധു മരിക്കുന്നു. ദുഃഖിതനായ ഇൽമറിനനെ സാംപോ തിരിച്ചുപിടിക്കാൻ ലൂഹിക്കെതിരെ പോരാടാൻ വൈനോമൈനേൻ പ്രേരിപ്പിക്കുന്നു
യുദ്ധത്തിൽ വിജയിക്കുകയും വൈനോമൈനേൻ ഒരു കാന്തലെ നിർമ്മിക്കുകയും അതിൽ നിന്നും ഒഴുകിയെത്തിയ സംഗീതം കലേവാലയിലെ ജനങ്ങളെ നിത്യമായ ആനന്ദത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നു.
ദേശീയതയുടെ അടയാളങ്ങൾ പേറുന്ന കൃതി
നാടോടിക്കഥകൾക്കതീതമായി കാലത്തികവിൽ ഈ സാഹിത്യ സൃഷ്‌ടി ഒരു ദേശീയ ബിംബമായി നിലകൊള്ളുന്നു.
സ്വീഡന്റെ അധീശത്തിൽ നിന്നും 1809 മുതൽ റഷ്യൻ ഭരണത്തിലായിരുന്ന ഈ ജനത 1917 ലാണ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചത് . ഇവരെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച, വർദ്ധിച്ചുവന്ന ദേശീയബോധത്തിൽ കലേവാല ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഫിന്നിഷ് ദേശീയ സംസ്കാരത്തിന്റെ രൂപീകരണത്തിൽ കലേവാലയുടെ പങ്ക് സമാനതകളില്ലാത്തതാണ്. ഇവിടുത്തെ കലകളിലും ശാസ്ത്രങ്ങളിലും കാലേവാലയുടെ സ്വാധീനം പ്രകടമാണ്. അക്സെലി ഗാലെൻ-കല്ലേല, കാലേവാലയുടെ ചിത്രീകരണം വഴി പ്രശസ്തിനേടിയ ഒരു ചിത്രകാരനായിരുന്നു.
1835-ൽ ലോൺറോട്ട് കലേവാലയുടെ ആദ്യ പതിപ്പും 1849-ൽ തന്റെ വിപുലീകരിച്ച പതിപ്പും പ്രസിദ്ധീകരിച്ചു. 1835 ഫെബ്രുവരി ഇരുപത്തിയെട്ടാണ് ആദ്യ പതിപ്പിന്റെ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയതി . അതിനോടുള്ള ആദരസൂചകമായി എല്ലാവർഷവും ഫെബ്രുവരി ഇരുപത്തിയെട്ടിനു കാലേവാല ദിനമായി കൊണ്ടാടുന്നു. ഇന്ന് ഏറ്റവും സാധാരണയായി അറിയപ്പെടുന്നത് രണ്ടാം പതിപ്പാണ് . 22795 വാക്യങ്ങളും അമ്പത് പാട്ടുകളും ഉൾക്കൊള്ളുന്നതാണിത്. 1888- ൽ ജോൺ മാർട്ടിൻ ക്രോഫോർഡാണ് കലേവാല ആദ്യമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
നൂറ്റാണ്ടുകൾ പിന്നിട്ടാലും, ശാസ്ത്രവും കലയും ലോകവും സമാനതകളില്ലാതെ പുരോഗമിച്ചാലും, ഒരു തലമുറയിലും ഒളിമങ്ങാതെ കലേവാലയിലെ മാന്ത്രികതകൾ ഈ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും , മനസ്സിൽ ഒരു വികാരമായി കുടികൊള്ളും.
You May Also Like
Recent Posts
-
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം!!
July 28, 2023 -
സന്തോഷ രാജ്യങ്ങളിലേക്കു വണ്ടി കയറുമ്പോൾ
June 10, 2023