നമ്മുടെ കേരളത്തിൽ ദീപാവലി അത്ര കണ്ടു ആഘോഷിക്കുന്ന പതിവില്ലല്ലോ. കേരളം വിട്ടു ബോംബയിൽ എത്തിയപ്പോഴാണ് ശരിക്കും ദീപാവലി ആഘോഷങ്ങൾ ആദ്യമായി നേരിൽ കണ്ടത് .കടകളും മാളുകളും ദീപാവലി ‘ഓഫറു’കൾ കൊണ്ടു നിറഞ്ഞു നിൽക്കും. മധുരപലഹാരങ്ങളും പുതിയ വസ്ത്രങ്ങളുമൊക്കെയായി ആഘോഷ തിമർപ്പിലാണ് ഇവിടെ സർവ മതസ്ഥരും .
നാലു വശത്തു നിന്നും വരുന്ന പടക്കങ്ങളുടെ മുഴക്കം മൂലം വീട്ടിലിരുന്നു സംസാരിച്ചാൽ പോലും കേൾക്കാൻ പറ്റാത്ത അവസ്ഥ. അതും കൂടാതെ, അടുത്ത ദിവസം, കത്തി തീർന്ന പടക്ക കൂട്ടങ്ങളിൽ നിന്നും പിന്നെയും പൊട്ടി തീരാത്ത പടക്കങ്ങൾ തേടിപിടിച്ചു ‘വീണ്ടും’ ആഘോഷ തിമർപ്പിലാടുന്ന, മൂക്കിൽ നിന്നും ധാരയായി ഒഴുകുന്ന മൂക്കള തുടയ്ക്കുവാൻ പോലും സമയമില്ലാതെ തങ്ങളുടെ കൊച്ചു സന്തോഷങ്ങളിൽ ഉറക്കെ ചിരിച്ചുകൊണ്ട് ആഹ്ളാദം കണ്ടെത്തുന്ന പാവപ്പെട്ട ചേരികളിലെ കുട്ടികളെയും കാണാം . ആ സമയം വഴിയിലൂടെ നടന്നു പോകുന്നത് ഒരു ഉൾഭയത്തോടു കൂടിയാണ് . എപ്പോഴാണ് പടക്കം നമ്മുടെ കാലിന്റെ തുമ്പിൽ പൊട്ടുക എന്ന ഭയമാണ് ഉള്ളിൽ. കാരണം അതിരമ്പുഴ പള്ളി പെരുന്നാളിന്റെ കരിമരുന്നു പ്രയോഗങ്ങളല്ലാതെ, കോട്ടയം എന്ന ‘വൻകര’ വിട്ടു അധികം പോകാത്ത നമുക്കിതൊന്നും കണ്ടു ശീലമില്ലല്ലോ.
എണ്ണി തിട്ടപ്പെടുത്തുവാൻ പറ്റാത്ത അരിമണികൾ വാരി വിതറിയ പോലെ ജനസമുച്ചയം ഒഴുകുന്ന, തങ്ങളുടെ ജീവിത സമവാക്യങ്ങൾ കൂട്ടി യോജിപ്പിക്കുവാൻ അക്ഷീണം യത്നിക്കുന്ന ‘മിനി ഇന്ത്യ ‘ ആയ ബോംബയിൽ തന്നെ ആവണം ആഘോഷങ്ങൾ അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്നതെന്ന് 5 വർഷത്തെ എന്റെ മുംബൈ ജീവിത അനുഭവങ്ങളിൽ നിന്നും പലപ്പോഴും തോന്നിയിട്ടുണ്ട്.
അഹങ്കാരത്തോടെ തല ഉയർത്തി നിൽക്കുന്ന സമ്പന്നരുടെ ബഹുനില മന്ദിരങ്ങളും, ഇരുട്ട് പരന്ന , ഒരു ചെറു തിരി നാളം പോലും പ്രകാശം ചൊരിയാത്ത, ശൂന്യത പടർന്ന ഭാവിയിലേക്ക്, ഒരു നോക്കുകുത്തികളെപോലെ ഉറ്റുനോക്കുന്ന ദരിദ്രരുടെ ചേരികളും, മുഖാമുഖം നിൽക്കുന്ന ഈ നഗരത്തിൽ ഓരോരുത്തരും അവരവരുടെതായ ലോകത്തിൽ സന്തോഷത്തിമർപ്പിലാറാടുന്ന കാഴ്ച കാണാം.
ഒരു പക്ഷെ ഇന്നിനെ കുറിച്ച് മാത്രം ആലോചിക്കുന്ന ആ ചേരികളിലെ ദരിദ്ര നാരായണന്മാരുടെ മുഖങ്ങളിലാണ് ഞാൻ കൂടുതൽ സന്തോഷം കണ്ടിട്ടുള്ളത്. അവരുടെ ആഘോഷങ്ങൾക്കായിരിക്കണം കൂടുതൽ ജീവനുള്ളത് . ദാരിദ്ര്യത്തിന്റെ പടുകുഴിയിലും, ഏതൊരു കുടിലിലും ഒരു ടീവിയും ടേപ്പ് റെക്കോഡർഡറും ഉണ്ടാവും. പരിസരം മുഴുവൻ മുഴങ്ങുന്ന ഹിന്ദി സിനിമ ഗാനങ്ങളുടെ ‘കോലാഹല’ങ്ങൾ അവരെ എപ്പോഴും ഉല്ലാസവാൻമാരാക്കുന്നു. തിളക്കമാർന്ന വസ്ത്രങ്ങളും ശരീരം മുഴുവൻ ആഭരണങ്ങളുമായി അവരും, തങ്ങളുടെ ചോർന്നൊലിക്കുന്ന വീടുകളും, വിസർജ്യങ്ങൾ കുമിഞ്ഞു കൂടിയ പരിസരവുമായി ഇഴുകി ചേർന്നുകൊണ്ട് ആഘോഷങ്ങളിൽ സന്തോഷം കണ്ടെത്തുന്നു. റാപ് മ്യൂസിക്കുകൾ ഒഴുകിയെത്തുന്ന ആഡംബരത്തിന്റെ നാടകീയമായ ആഘോഷങ്ങൾ മറ്റൊരു വശത്തും .
മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ദീപാവലി അവധി ദിവസങ്ങൾ , മധുരം കഴിച്ചു തലയ്ക്കു മത്തു പിടിച്ചു ഇരിക്കലാണ് നമ്മുടെ പതിവ് ചടങ്ങ് . എന്നും വീട്ടിൽ വന്നു ‘റൊട്ടി’ ഉണ്ടാക്കിത്തരുന്ന ‘ഭായി’ മാരും അവധിഎടുത്തു ചിലപ്പോൾ അവരുടെ ‘ഗാവു’കളിൽ പോകുന്ന പതിവുണ്ട് ഈ അവസരത്തിൽ. റൊട്ടിയും സബ്ജിയും കഴിച്ചു മരവിച്ചു നിൽക്കുന്ന മലയാളിയുടെ രസമുകുളങ്ങളെ വല്ലപ്പോഴുമൊക്കെ സന്തോഷിപ്പിക്കുവാൻ നടൻ ചോറും ,പുളിയിട്ട ഇന്നലത്തെ മീൻ കറിയും ഉണ്ടാക്കി ഒരു പിടി പിടിപ്പിച്ചുകൊണ്ടു , എത്ര കണ്ടാലും മതി വരാത്ത ഏതെങ്കിലും ഒരു മലയാള സിനിമയും കണ്ടു ഈ അവസരത്തിൽ നമ്മളും ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരുന്നു .
ശബ്ദ കോലാഹലങ്ങളുടെ മുംബൈ നഗരത്തിൽ നിന്നും, അസഹനീയമായ നിശ്ശബ്ദതയുള്ള ഈ ഫിൻലാൻഡ് വീട്ടിൽ ഇരിക്കുമ്പോൾ, ജീവനുള്ള ആ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും അഭാവം ഒരു നിമിഷമെങ്കിലും എന്തോ ഒരു നഷ്ടബോധം ജനിപ്പിക്കുന്നു എന്നതിൽ സംശയമില്ല!
‘അന്ധകാരത്തിനു മേൽ പ്രകാശത്തിന്റെ വിജയം, തിന്മയുടെമേൽ നന്മയുടെ വിജയം, അജ്ഞതയുടെ മേൽ അറിവിന്റെ വിജയം’ ! ലോക ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ജനവിഭാഗം കൊണ്ടാടുന്ന ഏറ്റവും വലിയ ആഘോഷമായ ദീപാവലിയുടെ സന്ദേശം! ഇതിൽ അജ്ഞതയുടെ മേൽ അറിവിന്റെ വിജയം ഈ കാലഘട്ടത്തിൽ കൂടുതൽ പ്രസക്തി അർഹിക്കുന്നു എന്നെനിക്കു തോന്നുന്നു . കാരണം അറിവില്ലായ്മകൾ തിന്മയിലേക്കും അത് അന്ധകാരത്തിലും കൊണ്ടെത്തിക്കുന്നു.
Happy and safe Diwali to all!