മതം

ലോകത്തിന്റെ ഒരറ്റത്തു മതമെന്താണെന്നു പോലും അറിയാത്ത  വിവരമില്ലാത്ത കുറേ  വിഡ്ഢികൂഷ്മാണ്ഡങ്ങളായ മനുഷ്യർ   കാലാവസ്ഥ വ്യതിയാനങ്ങളെകുറിച്ചും പ്രകൃതി സ്മരക്ഷണത്തെക്കുറിച്ചും ചർച്ചകൾ നടത്തിയും പ്രാവർത്തികമാക്കിയും സമയം കൊല്ലുമ്പോൾ മറ്റൊരു മൂലയിൽ  കുറെ അഭ്യസ്തവിദ്യർ എന്റെ മതമോ നിന്റെ മതമോ ഭേഷെന്നു ചൊല്ലി  അഭിമാനപുളകിതരാവുന്നു.


മതം….പൊക്കിൾ കൊടി ഭേദിച്ചു  വാ കീറി  കരയുമ്പോൾ ലോകത്തിലെ ഒരു വിഭാഗം ജനവിഭാഗത്തിനു  തൂലികയായി കിട്ടുന്ന സമ്മാനം. പിന്നീട് ആറടി മണ്ണിൽ പുഴുക്കൾക്ക് വീതം വയ്ക്കുവാൻ കൊടുക്കുന്നത് വരെ  ശരീരം കൊണ്ട് നടക്കുന്ന ആഭരണം . തങ്ങൾക്കുണ്ടെന്നു ‘മേനി’ പറയുവാനും മറ്റുള്ളവർക്ക് ഇല്ലെന്നു പറഞ്ഞു പുശ്ചിക്കുവാനും പറ്റിയ കൈമുതൽ. തങ്ങളുടെ ‘യഥാർത്ഥ മതത്തിന്റെ’ ശ്രേഷ്ഠതയോർത്തു മനസ്സിൽ അഭിമാനപുളകിതരാകുമ്പോൾ അന്യന്റെ തീരെ വിശ്വാസയോഗ്യമല്ലാത്ത  മതത്തിനോടുള്ള പുച്ഛം  മനസിൽ ഏറിവരുന്ന, അവസ്ഥാന്തരങ്ങൾ! 


ഇതിന്റെ പടു കുഴിയിൽ പെട്ട് പോയാൽ പിന്നെ ഒരു തിരിച്ചു വരവ് സാധ്യമല്ല.  എത്ര മതസൗഹാർദ്ദ പ്രസംഗങ്ങൾ നടത്തിയാലും,  ‘എന്റെ’  മതത്തിനു മാത്രമുള്ള ‘സവിശേഷ ഗുണങ്ങൾ’ അവന്റെ ഉള്ളിന്റെ ഉള്ളിൽ കെടാതെ ജ്വലിക്കും . അത് അവൻ പോലും അറിയാതെ അവന്റെ ജീനുകളുടെ സ്ഥായി ആയ ഭാവമാകും. തെറ്റ് പറയാൻ പറ്റില്ലല്ലോ . മനുഷ്യരല്ലേ. തലമുറകൾ കൈ മാറിവന്ന അവസ്ഥകൾ അവൻ്റെ ജീവിതത്തിന്റെ ഭാഗമായി മാറുക തന്നെ ചെയ്യും.സ്വർഗ്ഗവാതിൽ തേടിയുള്ള ഈ മത കർമങ്ങളിൽ ഒരു കാര്യം മറക്കരുതേ, ‘മനുഷ്യത്വവും സമാധാനവും ‘ ആകട്ടെ നിങ്ങളുടെ മതത്തിന്റെ ലക്‌ഷ്യം. അതായിരിക്കും ഈ പ്രപഞ്ചം സൃഷ്‌ടിച്ച ആ ‘കുഞ്ഞു ദൈവ’ത്തിനു ഇഷ്ടം.  

ജീവിച്ചിരിക്കുന്ന തുച്ഛ കാലം ഈ ഭൂമിയിൽ ഒരു കുഞ്ഞു സ്വർഗം ഉണ്ടാക്കുവാൻ സാധിക്കാത്ത മനുഷ്യാ, നീ എന്തിനീ മൂഡ്ഡ സ്വർഗത്തിൽ നോക്കി വാ പൊളിച്ചിരിപ്പു. ദേഹം ദേഹിയാകുമ്പോൾ ബാക്കിവയ്ക്കുന്നതു ഈ ഭൂമിയിൽ  ചെയ്തുകൂട്ടിയ  സത്കർമ്മങ്ങൾ    മാത്രം! ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ ജൈനനോ ബുദ്ധനോ പാർസിയോ അതോ ഇനിയും ലോകത്തു വേറെയുമുള്ള നാലായിരത്തി അഞ്ഞൂറോളം മതങ്ങളോ,  എന്തുമായാലും ശരീരത്തിൽ ഒഴുകുന്ന രക്തവും ശ്വസിക്കുന്ന ഓക്സിജനും ജീവൻ പിടിച്ചുനിർത്തുന്ന ഹൃദയതാളവും  ‘പ്രത്യേക മതം’ കലരാത്തതാണെന്ന്  ഞാൻ മാത്രമാണോ വിശ്വസിക്കുന്നത് ?  അറിയില്ല എന്നെപ്പോലുള്ള വിഡ്ഢികൾ ചിലപ്പോൾ അങ്ങനെയാവും കരുതുന്നത്!