ഫെബ്രുവരി ആദ്യം നിങ്ങൾ ഫിൻലൻഡ് സന്ദർശിക്കുകയാണെങ്കിൽ, രാജ്യം മുഴുവൻ റൂണെബെർഗ് കേക്കുകൾ (ഫിന്നിഷിൽ റൂണെബെർഗിൻ ടോർട്ടു) കഴിച്ച് യോഹാൻ ലുഡ്‌വിഗ് റൂൺബെർഗിന്റെ ജന്മദിനം ആഘോഷിച്ചേക്കും. ആ സമയം അദ്ദേഹമൊരു പേസ്ട്രി ഷെഫ് ആണെന്നു നിങ്ങൾ കരുതുന്നത് തികച്ചും സ്വാഭാവികം .
എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യോഹാൻ ലുഡ്‌വിഗ് റൂണെബെർഗാണ്, നമുക്ക് ടാഗോർ എന്നപോലെ ഫിന്നിഷ് ദേശീയഗാനമായ – ‘ഔർ ലാൻഡി’ന്റെ (Our Land ) രചയിതാവ് . ജെ.എൽ. റൂണെബെർഗ് തന്റെ കൃതികളിൽ ഫിന്നിഷ് ദേശസ്‌നേഹം വിവരിക്കുന്നതിൽ സമർത്ഥനായിരുന്നു.ഫിൻലാൻഡിന്റെ ദേശീയ കവിയായ അദ്ദേഹത്തിന്റെ ജന്മദിനം ഫെബ്രുവരി 5 ആണ് . ഈ ദിവസം ‘റൂണെബെർഗിൻ ദിന’മായി രാജ്യമെമ്പാടും ആഘോഷിക്കുന്നു. അതുമാത്രമല്ല ഇന്നേ ദിവസം ‘റൂണെബെർഗിൻ ടോർട്ടു ‘ എന്ന കേക്കും ഇവർ ആവോളം ആസ്വദിച്ചു കഴിക്കുന്നു .
എല്ലാ മഹാന്മാരായ പുരുഷന്മാർക്കു പിന്നിലും, ഒരു മഹത്തായ സ്ത്രീയുണ്ട് എന്നാണല്ലോ ചൊല്ല് . റൂൺബെർഗിന്റെ ഭാര്യ ഫ്രെഡ്രിക റൂണെബെർഗ് ഒരു എഴുത്തുകാരിയും ഫിന്നിഷ് ചരിത്ര നോവലുകളുടെ തുടക്കക്കാരിയുമായിരുന്നു . ഹെൽസിങ്കിയിൽ നിന്ന് 50 കിലോമീറ്റർ കിഴക്കുള്ള മനോഹരമായ കടൽത്തീര പട്ടണമായ പോർവോയിലെ റൂണെബെർഗ് കുടുംബത്തിന്റെയും അവരുടെ എട്ട് കുട്ടികളുടെയും കാര്യങ്ങൾ നോക്കിനടത്തിയിരുന്നത് ഈ സമർത്ഥയായ സ്ത്രീയായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുടുംബം പലപ്പോഴും കുടുംബത്തിന്റെ മാനേജരായ ഫ്രെഡ്രികയുടെ കയ്യിൽ ഭദ്രമായിരുന്നു . ഭർത്താവിന്റെ മധുരത്തോടുള്ള താല്പര്യമറിയാമായിരുന്ന ഇവർ ബ്രെഡ് നുറുക്കുകളും തന്റെ പൂന്തോട്ടത്തിൽ നിന്നുള്ള പഴങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയതാണ് ‘റൂണെബെർഗിൻ ടോർട്ടു’. മഫിൻ പോലുള്ള ഈ പേസ്ട്രി പിന്നീട് കവിയുടെ ദൈനംദിന പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി. അങ്ങനെ ഈ കുഞ്ഞു കേക്ക് ‘റൂണെബെർഗിൻ ടോർട്ടു’ എന്ന പേരിൽ രാജ്യമെമ്പാടും പ്രചാരത്തിലുമായി .
ഫിൻലാൻഡിന്റെ ദേശീയ കവിയായ റൂണെബെർഗിന്റെ കൃതികളെ പലപ്പോഴും മറ്റു യൂറോപ്യൻ കാല്പനിക കവികളുടേതുമായി താരതമ്യം ചെയ്യാറുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഭാര്യ കണ്ടുപിടിച്ച ഈ കേക്കിന്റെ പേരിലും ഇന്ന് അദ്ദേഹം പ്രശസ്തനാണ്.