അടുത്തിരുന്നിട്ടും അകന്നുകഴിയുന്നവർ  

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഞാൻ അവരെ പരിചയപ്പെട്ടത്. പൊതുവെ മുഖത്തു നോക്കി ഒരു ‘മോയ്'(ഹായ് )പറയുന്നതിലപ്പുറമൊന്നും ഫിന്നിഷ് അയൽക്കാരിൽ നിന്നും നമുക്ക് അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അങ്ങേയറ്റം കൂലംകഷമായി ആലോചിച്ചു മാത്രം സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് ഈ നാട്ടുകാർ .ബസ് സ്റ്റോപ്പിൽ വച്ചും പലപ്പോഴായുള്ള എന്റെ ഏകാന്ത ഓഫീസ് യാത്രകളിലും ഞങ്ങളുടെ അയൽക്കാരിയായ ഇവരും എന്നോടൊപ്പം ഉണ്ടായിരുന്നു.
പൊതുവെ ബസിന്റെ ജനാലകളിൽ കൂടി അനന്തതയിലേക്ക് നോക്കി സ്വപ്നം കാണുന്നത് എനിക്ക് ഒരു ഹരമായിരുന്നു. മേഘങ്ങളിൽ നോക്കി കാല്പനിക ചിത്രങ്ങൾ വരയ്ക്കുവാനും , പുറത്തെ മഴത്തുള്ളിച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിക്കുവാനും , അവ ജനൽ പാളികളിൽ തീർത്ത, വേഗം മാഞ്ഞു പോകുന്ന ജലരേഖകളിൽ നോക്കിയിരിക്കുവാനുമൊക്കെയാണ് എനിക്കും താല്പര്യം. അതോ ഈ ‌നാട്ടിലെ കൊല്ലുന്ന നിശബ്ദതയും ആളുകളുടെ ഉൾവലിഞ്ഞ സ്വഭാവവും എന്നെയും ഒരു ഏകാകി ആക്കിയോ ? അറിയില്ല .

‘എന്താണിങ്ങനെ എപ്പോഴും മെലിഞ്ഞിരിക്കുന്നെ കൊച്ചെ ? ആഹാരം ഒന്നും കഴിക്കാറില്ലേ , പഠിത്തം ഒക്കെ കഴിയാറായില്ലേ?’ തുടങ്ങിയ ഞാൻ കേൾക്കാറുള്ള സ്ഥിരം ചോദ്യങ്ങളൊന്നും , ബസിൽ വച്ച് യാദൃശ്ചികമായി കണ്ടു ചോദിക്കുവാൻ , പരിചയത്തിലുള്ള നാട്ടുകാരാരും ഇവിടെ വരുവാനില്ലല്ലോ എന്നത് വേറെ സത്യം! അവരുടേതായ ലോകത്തു തികച്ചും ഒറ്റപ്പെട്ടു ജീവിക്കുന്ന കുറെ മനുഷ്യർ. ഒറ്റക്കൊരു സീറ്റിന്റെ മൂലയിൽ ഇരിക്കുവാനുള്ള അവരുടെ ആവേശം കാണുമ്പോൾ, നമ്മുടെ ഒരു നോട്ടം പോലും അവരിൽ അരക്ഷിതാവസ്ഥ ജനിപ്പിച്ചേക്കാമെന്നു തോന്നിപ്പോകാറുണ്ട് . ബസുകളിൽ അവരുമായി ഒരു സീറ്റ് പങ്കുവയ്‌ക്കേണ്ടിവരുമ്പോൾ ഇന്ത്യ ചൈന അതിർത്തിലംഘനം നടത്തുന്ന പോലെ, ഒരു നിഷിദ്ധ മേഖലയിലേക്ക് പ്രവേശിക്കുന്നതുപൊലത്തെ ഒരു ചെറിയ ഉൾഭയം എനിക്കുണ്ടാകാറുണ്ട്. അപ്പോൾ ചിലർ തരുന്ന ചെറു പുഞ്ചിരികൾ, തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും അപ്രതീക്ഷിതമായി വിജയിച്ച യുദ്ധത്തിലെ ഒരു വീരനായികയുടെ പരിവേഷം എന്റെ ഉള്ളിൽ ജനിപ്പിക്കാറുണ്ട് .

പറഞ്ഞുവന്നത് നാൽപതു മിനിറ്റോളം വരുന്ന എന്റെ അനാഥമായ ബസ് യാത്രകളിൽ ഒരു ‘ഹായ് ‘ ൽ തുടങ്ങി പിന്നീട് എന്റെ സുഹൃത്തായി മാറിയ ഒരു ഫിന്നിഷ് സുഹൃത്തിനെക്കുറിച്ചാണ്‌ . ഏകദേശം 60 വയസു പ്രായമുള്ള അവരെ ഞാൻ പേര് വിളിച്ചാണ് അഭിസംബോധന ചെയ്യുന്നത് . അതാണ് ഇവിടുത്തെ നാട്ടു നടപ്പ്! അതുകൊണ്ടുതന്നെ ‘ചേച്ചി ‘ ‘ആന്റി’ എന്നൊക്കെ വിളിച്ചു അധികം കൺഫ്യൂഷൻ ആകേണ്ട കഷ്ടപ്പാട് തീരെയില്ല ഇവിടെ . ഒരേ ബിൽഡിങ്ങിൽ താമസക്കാരായ നമ്മൾ ഒരു രണ്ടു വർഷം കൊണ്ട് ,ഒറ്റ വാക്കിൽ നിന്നും ഒരു മൂന്നോ നാലോ വാചകങ്ങൾ സംസാരിക്കുന്ന തലത്തിലേക്കുള്ള സുഹൃദ് ബന്ധത്തിലേക്ക് എത്തിയിരുന്നു . ആമകൾ തന്റെ ചട്ടക്കൂടിനുള്ളിൽ ഒളിച്ചിരിക്കുന്നതുപോലെ തങ്ങളുടെ സ്വകാര്യ ലോകത്തെ സുരക്ഷിത വലയത്തിൽ ഒതുങ്ങിക്കൂടുന്ന ഈ നാട്ടുകാരിൽ നിന്നും ഇത്രയൊക്കെ തന്നെ ധാരാളമായിരുന്നു.
മക്കൾ ഇല്ലാത്ത അവർ വീട്ടിൽ വയ്യാതെ കിടക്കുന്ന തൻ്റെ ഭർത്താവിനെപ്പറ്റി പലപ്പോഴായി പറഞ്ഞിട്ടുണ്ട് . ആർമിയിലെ വലിയ ഉദ്യോഗസ്ഥനായ അദ്ദേഹവുമൊത്തു പല രാജ്യങ്ങൾ സന്ദർശിച്ചതിന്റെ കഥകൾപറയുമ്പോൾ അവരിൽ ആ പഴയ യൗവനത്തിന്റെ പ്രസരിപ്പും ഉത്സാഹവും തീക്ഷ്ണതയുമുണ്ടായിരുന്നു.
2015 ൽ ആണെന്ന് തോന്നുന്നു . എന്റെ മോൻ ആരോൺ ഉണ്ടായതിന്റെ ക്ഷീണത്തിലും തിരക്കിലും മറ്റുമായി അധികം പുറം ലോകം കാണാതിരുന്ന ഞാൻ കുറച്ചു മാസങ്ങൾ അവരെ കണ്ടിരുന്നില്ല. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരായതിനാൽ അവരിൽ നിന്നും ഒരു ഫോൺ നമ്പർ പോലും ചോദിക്കുവാൻ ഞാൻ ഭയപ്പെട്ടിരുന്നോ അതോ മടി കാണിച്ചോ എന്നറിയില്ല . ഒരു ദിവസം യാദൃശ്ചികമായി ഞാൻ അവരെ കാണുവാൻ ഇടയായി . അവർ വളരെ ക്ഷീണിതയായിരുന്നു . നിരാശയുടെ പാടുകൾ അവരുടെ മുഖമാകെ പടർന്നപോലെ….എന്നെ കണ്ട ഉടനെ കെട്ടിപ്പിടിച്ചു കരഞ്ഞു പറഞ്ഞു ‘അദ്ദേഹം കഴിഞ്ഞ മാസം എന്നെ തനിച്ചാക്കി പോയി നവമീ’ . അവരുടെ ആ വികാര പ്രകടനം തികച്ചും അപ്രതീക്ഷിതമായിരുന്നു .ഒന്ന് ഞെട്ടുവാൻ പോലും സമയം കിട്ടാതെ നൊടിയിടകൊണ്ടു ഞാൻ പോലും അറിയാതെ എന്റെ കണ്ണുകളിൽ നിന്നും ഒരു മഴ വെള്ള പാച്ചിൽ ഒഴുകിവന്നു . കുറേനേരത്തെ മൗനം ഞങ്ങളുടെ ഇടയിൽ ചിലന്തിവല കെട്ടുവാൻ തുടങ്ങിയിരുന്നു. ഈ വിവരം ഞാൻ അറിയാതെ പോയതിന്റെ ദുഖത്തിന്റെയും കുറ്റബോധത്തിന്റെയും കയ്പ്പ് എന്നെ അവരുടെ മുൻപിൽ കൂടുതൽ കൂടുതൽ ചെറുതാക്കി.

ഒരേ ബിൽഡിങ്ങിൽ ആയിരുന്നാൽ പോലും അയൽവാസികളുടെ കല്യാണവും മരണവുമൊന്നും ഈ നാട്ടിൽ അധികമാരും അറിയാറില്ല. പണ്ടത്തെ ‌പോലെയൊന്നും ഇന്നില്ലായെങ്കിലും നമ്മുടെ നാട്ടിൽ, അടുക്കളയിൽ തീർന്ന ഉപ്പും പഞ്ചസാരയും കടം വാങ്ങുവാനും ,സന്തോഷവും സങ്കടങ്ങളും പങ്കിടുവാനും, അല്ലെങ്കിൽ അതിർത്തി തർക്കങ്ങളിൽ പരസ്പരം കലഹിക്കുവാനെങ്കിലും അയൽവാസികൾ ഒരു പരിധിവരെ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് . ലോകത്തു എവിടെ ആയാലും അത് അമരാവതി ആയാലും അമേരിക്ക ആയാലും മനുഷ്യ ഹൃദയങ്ങൾ എപ്പോഴും സഹ ജീവികളുടെ സാന്ത്വന സ്പർശം ആഗ്രഹിക്കുന്നുണ്ടാവും. അതിർവരമ്പുകൾ നിർബന്ധപൂർവം ഉണ്ടാക്കി, മനസിന്റെ വാതിൽ കൊട്ടി അടച്ചു മുഖംമൂടി അണിഞ്ഞിരിക്കുന്ന ഇവരും ആ സ്നേഹപുതപ്പിന്റെ സുരക്ഷിത വലയം കുറച്ചൊക്കെ മോഹിക്കുന്നുണ്ടാവാം .