രാത്രി നടത്തം

 ഞങ്ങൾ ഏകദേശം ഒരു പത്തുപേരുണ്ടാവണം  , ചുറ്റിലും ചിതറി കിടക്കുന്ന നിർജീവമായ കാട്ടിലൂടെ  നടക്കുവാൻ തുടങ്ങിയത് . അർദ്ധരാത്രി ആയാലെന്താ, വളരെ ഉത്സാഹത്തോടെ  കുശലങ്ങളൊക്കെ പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. 

ആകെമൊത്തം ഇരുട്ടിന്റെ കനമുണ്ടായിരുന്നുവെങ്കിലും , മഞ്ഞിന്റെ അസഹ്യമായ പ്രകാശം ഭൂമിയിൽ നിന്നും വമിച്ചുകൊണ്ടേയിരുന്നു . എന്നാൽ അപ്പോഴും ഒരു പക്ഷെ എന്റെ മനസ് കൊതിച്ചത് ഹൃദ്യമായ ഒരു കുഞ്ഞു നിലാവെളിച്ചം  ആയിരിക്കണം.  കവിഹൃദയങ്ങളിൽ ഭാവന വിടർത്തുന്ന , ഏവരെയും സ്വപ്നപഥികരാക്കുന്ന  , ഏതു പെണ്ണിനെയും ഒരു പ്രണയിനിയാക്കുന്ന,  കാമുകിയാക്കുന്ന നിലാവിന്റെ മാന്ത്രികശക്തി! 
 

 

 

തൊടിയിലെ മാവിന്റെയോ തെങ്ങിന്റേയോ ഇലകളിൽ നിലാവിനെ വെറുതേ മറച്ചു വയ്ക്കുവാനും ഒരു നാലാം ക്ലാസ്സുകാരിയുടെ  കൗതുകക്കണ്ണുകളുമായി നിലാവുമൊത്തു കള്ളനും പോലീസും കളിക്കുവാനുമായിരിക്കും എനിക്കിഷ്ടം . എന്നാൽ ഇന്നെന്റെ കണ്ണുകളിൽ ഉടക്കിനിൽക്കുന്നത് , ഇലകളെല്ലാം കൊഴിഞ്ഞു , കുഴിഞ്ഞ കണ്ണുകളുമായി ഒരു വൃദ്ധനെപ്പോലെ , നിശബ്ദതയുടെ വീർപ്പുമുട്ടലിൽ എന്നെ തുറിച്ചു നോക്കിക്കൊണ്ടു  നിൽക്കുന്ന മരവിച്ച  വൃക്ഷക്കൂട്ടങ്ങളായിരുന്നു .

നടത്തം മുന്നോട്ടുപോകുന്തോറും കൂടെ കൂടിയിരുന്നവരുടെ ശബ്ദം നിലച്ചുപോയതു പോലെ . ഉള്ളിൽ ഒരാന്തലോടെ  ചുറ്റിലും കണ്ണോടിച്ച ഞാൻ തിരിച്ചറിഞ്ഞു. അതെ ഞാൻ ഒറ്റയ്ക്കായിരിക്കുന്നു.എന്താണവർ ഒരു വാക്കുപോലും പറയാതെഎന്നെ തനിച്ചാക്കി കടന്നുകളഞ്ഞത്  ?ചിലപ്പോൾ ‘പൊതുവഴി’കൾ ഒഴിവാക്കിക്കൊണ്ട് ‘പുതുവഴി’കൾ വെട്ടിത്തെളിക്കുന്നവർ  എവിടെയും  ഒറ്റപ്പെട്ടുപോയേക്കാം! ഓർമകളിൽ ഒരു പൊള്ളലായി കൂടെകൂടിയവർ മാറുമെന്നു അറിഞ്ഞിരുന്നുവെങ്കിൽ ആദ്യമേ തനിച്ചുള്ള  യാത്ര തിരഞ്ഞെടുക്കാമായിരുന്നു!
വലിയ ഇടിമുഴക്കത്തോടെ പെയ്യാനൊരുങ്ങുന്ന ഒരു മഴക്കാറ്  എന്റെ ഉള്ളിൽ രൂപപ്പെടുന്നത്  ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു …. എന്നാൽ മനസിന്റെ അപഥസഞ്ചാരത്തെ നിയന്ത്രിക്കാൻ   തലച്ചോറ് വേഗം കാര്യം ഏറ്റെടുത്തു. ‘എന്താ ഇപ്പോൾ ഒറ്റക്കായാൽ? കൂട്ടം കൂടി നടക്കുന്നതിലും സുഖം ഒറ്റയ്ക്ക് നടക്കുന്നതാണ് കുട്ടി ‘ എനിക്ക് എന്നും പ്രിയപ്പെട്ട  മൂന്നാം ക്ലാസ്സിലെ ത്രേസ്യാമ്മ ടീച്ചറിന്റെ ആധികാരികതയോടെ എന്നെ ആശ്വസിപ്പിക്കുവാൻ കഷി പറഞ്ഞുകൊണ്ടേ ഇരുന്നു. 

എന്നാൽ മനസെന്ന കടിഞ്ഞാണില്ലാത്ത കുതിര എന്നെ കുത്തിനോവിപ്പിക്കുവാൻ വീണ്ടും വീണ്ടും  ശ്രമിച്ചുകൊണ്ടേയിരുന്നു . എന്തായാലും ഈ ഒറ്റപ്പെടലിൽ ആകെപ്പാടെ കിട്ടിയ ചങ്ങാതിയല്ലേ?  പുള്ളിക്കാരനെ  പിണക്കണ്ടാന്നു കരുതി ധൈര്യം  അഭിനയിച്ചുകൊണ്ടു പകരം വയ്ക്കാനാവാത്ത തഴക്കമുള്ള ഒരു അഭിനേത്രിയായി ഞാൻ മുൻപോട്ടു ഗമിച്ചുകൊണ്ടേയിരുന്നു . 
ഒരു മിന്നാമിനുങ്ങിന്റെ ഇത്തിരിപ്പോന്ന നീലവെളിച്ചം എവിടെയോ എന്നെ പറ്റിച്ചു കടന്നുകളഞ്ഞപോലെ….ദൂരെ ഇരുട്ടിൽ അവ്യക്തമായി കാണാം,  ആരോ ഒരാൾ വളരെ വേഗത്തിൽ എന്നെ ലക്ഷ്യമാക്കി നടന്നു വരുന്നതുപോലെ .  ഈ കൊല്ലുന്ന ഏകാന്തതയിൽ നിന്നും ഊളിയിട്ടിറങ്ങുവാൻ  അത്യാഗ്രഹത്തോടെ ഞാനും വേഗത്തിൽ അയാളുടെ അടുത്തെത്തുവാൻ ഒന്ന് ശ്രമിച്ചു നോക്കി  . പക്ഷെ എത്ര വേഗത്തിൽ നടന്നിട്ടും ഞങ്ങളുടെ അകലം കൂടിക്കൂടി വന്നതേയുള്ളൂ …………. . 

ഇരുട്ടിലെ അനാഥമായ നടത്തം വീടിന്റെ പടിവാതിൽക്കൽ വരെ എത്തിയപ്പോൾ എന്റെ മോൾ നേഹ പറഞ്ഞു ‘മമ്മ ഞാൻ സ്കൂൾ കഴിഞ്ഞു വന്നതേയുള്ളു ,മമ്മ നടക്കാൻ പോയതാണോ ? ‘ . ഇതെന്തോക്കെയാണീ കുട്ടി പറയുന്നതെന്ന് മനസ്സിലാകാതെ  എന്റെ കയ്യിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന സ്പോർട്സ് ട്രാക്കർ എന്ന ജാഡ ഘടികാരത്തിലേക്കു നോക്കിയ ഞാൻ,  എനിക്ക് സംഭവിച്ചേക്കാമായിരുന്ന  മാനഹാനി മറച്ചുവച്ചുകൊണ്ടു ആ സത്യം തിരിച്ചറിഞ്ഞു. ഇപ്പോൾ വൈകുന്നേരം 3 .30 മണി .  ഇത് ഫിൻലൻഡിലെ ഡിസംബർ മാസത്തിലെ പാതിരാവുപോലെ ഇരുട്ടുമൂടിയ മറ്റൊരു  വൈകുന്നേരം മാത്രം  !