യുദ്ധവും  അക്രമവും അടിച്ചമർത്തലുമില്ലാത്ത  വിജയകഥകളുണ്ടോ ? അഹിംസയിലും ധർമത്തിലും അടിയുറച്ച  ഒരു ജീവിതമുണ്ടോ ? അതെ ഐൻസ്റ്റീൻ അഭിപ്രായപ്പെട്ടപോലെ    ഭൂമിയിൽ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാൾ ജീവിച്ചിരുന്നതായി വരും തലമുറ അധഃഭുതപ്പെട്ടേക്കാം  . ലോകം നമിക്കുന്ന ആ ശാന്തിദൂതന്റെ  നാട്ടിൽ ജനിക്കുവാൻ ഭാഗ്യം ചെയ്തവർ  നാം ഭാരതീയർ. അദ്ദേഹത്തിന്റെ മാർഗങ്ങ്ളിലേക്കുള്ള  നമ്മുടെ ദൂരം അനന്തമാണെങ്കിലും….. 

ഇന്ത്യൻ ജനതയ്ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് മുഴുവൻ അവിശ്വസനീയമായ ജീവിതം . ഒരു മുളവടിയും കയ്യിലേന്തി തന്റെ ആശ്രമത്തിലെ ചർക്കയിൽ നിർമിച്ച  ലളിതമായ വസ്ത്രവും ധരിച്ചു അദ്ദേഹം ഇന്ത്യയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്കു ഇറങ്ങി ചെന്നു . ബഹുസ്വരതയാണ് മാനവ സംസ്കാരത്തിന്റെ സ്ഥായിഭാവമെന്നു വിശ്വസിച്ച അദ്ദേഹം വിവിധ മതത്തിലും വംശത്തിലും സംസ്കാരത്തിലും ജീവിക്കുന്ന മാനവരാശിക്ക് അനുരഞ്ജനത്തിലൂടെ മാത്രമേ മുന്നോട്ടുപോകുവാൻ സാധിക്കുകയുള്ളൂവെന്നും സമർത്ഥിച്ചു. ഗാന്ധിയൻ തത്വചിന്തകൾ നമ്മെ പഠിപ്പിക്കുന്നതും അതു തന്നെ. ഐക്യരാഷ്ട  സംഘടനയുടെ കണക്കുകൾ അനുസരിച്ചു 2 .5  കോടി ജനങ്ങളാണ് ലോകത്താകമാനം  സാമൂഹിക വംശീയ സംഘർഷങ്ങൾക്ക് അടിമപ്പെടുന്നത്. 

രണ്ടാം ലോക മഹായുദ്ധകാലത്തു 1940 കളിൽ  ഹിറ്റ്ലറിന് പോലും തുറന്ന കത്ത് എഴുതിയ ഗാന്ധിജിയുടെ പദാവലിയിൽ  ‘ശത്രു’ എന്ന പദം  ഇല്ലായിരുന്നു .  തന്റെ ജീവിതകാലത്തു അനേകം കത്തുകൾ  എഴുതിയ അദ്ദേഹത്തിന്റെ ലിസ്റ്റിൽ  കൊച്ചു കുട്ടികൾ , ദാർശനികർ തുടങ്ങി ഗ്രാമങ്ങളിലെ ദരിദ്രർ  വരെ ഉണ്ടായിരുന്നു. ഇന്ന് നമുക്ക് കത്തുകളുടെ കാത്തിരുപ്പു വേണ്ട, വിരൽ തുമ്പിൽ ലോകത്തെ തൊടുന്ന നമ്മൾ പക്ഷെ ഇന്ന് എത്രയോ  അകന്നു കഴിഞ്ഞിരിക്കുന്നു .’സത്യമാണ് ദൈവം’ എന്ന് ചൊല്ലിത്തന്ന മഹാത്മാവേ, ഇല്ല മൂന്ന്  പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ അങ്ങ് അസ്തമിക്കുന്നില്ല. അങ്ങയുടെ ആദർശങ്ങളും ജീവിത വീക്ഷണവും ലോകത്തിനു മുഴുവൻ മാർഗദർശിയായി   വീണ്ടും വീണ്ടും പുനർജനിക്കുകയാണ്!  

അസമത്വത്തിനെതിരെ , വംശീയ വിദ്വേഷങ്ങൾക്കെതിരെ , എല്ലാ മതങ്ങളുടെയും അവകാശസംരക്ഷണങ്ങൾക്കു വേണ്ടി, മതഭ്രാന്തിനെതിരെ,സ്ത്രീ പുരുഷ സമത്വത്തിനുവേണ്ടി വെറും  പ്രസംഗങ്ങൾ നടത്തി കയ്യടി നേടുകയല്ല മറിച്ചു , തന്റെ ജീവിതമാണ് സന്ദേശം എന്ന് കാട്ടിത്തന്ന മഹാത്മാവേ , ‘സ്ത്രീകൾക്ക് ഏതു അർദ്ധ രാത്രിയിലും ഇറങ്ങി  നടക്കുവാൻ കഴിയുന്ന ഇന്ത്യയാണ് എന്റെ സ്വപ്നം’ എന്ന് പറഞ്ഞ മഹാത്മാവേ, അങ്ങയിലേക്കുള്ള ദൂരം ഞങ്ങളിൽ  നിന്നും വീണ്ടും വീണ്ടും അകന്നുകൊണ്ടേയിരിക്കുന്നു………….