മലയാള മനസ്സിനെ ഗൃഹാതുരത്വത്തിന്റെ ആലസ്യത്തിൽ ആഴ്ത്തിക്കൊണ്ടു വീണ്ടുമൊരു പൊന്നോണക്കാലം കൂടി പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ഇത്തവണ പതിവിലും വിപരീതമായി നമുക്ക് ‘കൊറോണം’ ആണല്ലോ. കഴിഞ്ഞ കുറെ വര്ഷങ്ങളായി പ്രളയവും പേമാരിയും മഹാമാരിയുമായി ഓണക്കാലം ആകുലതകളുടെ കാലമായിരുന്നു മലയാളിക്ക്. എന്നിരുന്നാലും ഒരുമയുടെ, പ്രതീക്ഷയുടെ ചിങ്ങ നിലാവ് മലയാളിക്ക് എന്നും ആനന്ദം പ്രധാനം ചെയ്യുന്നു. കാലാന്തരങ്ങൾ എത്ര പിന്നിട്ടാലും നമ്മുടെ സ്വകാര്യ അഹങ്കാരമായ മഹാബലി തമ്പുരാൻ വാണിരുന്ന സുന്ദരമായ മാമലനാടും , പൂക്കളവും, ഓണക്കോടിയും, വള്ളംകളികളും ,ഓണ സദ്യയുമെല്ലാം മലയാളി ഉള്ളിടത്തോളം കാലം നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കും.
എല്ലാ വർഷത്തെയും പോലെ മലയാളക്കരക്കു പ്രതീക്ഷ നൽകി ഇത്തവണയും സമഭാവനയുടെ ഓണപ്പൂക്കൾ വിരിയും, ഓണനിലാവും, ഓണ വെയിലും തെളിയും,ഐശ്വര്യത്തിന്റെ തുമ്പയും തുളസിയും നമ്മുടെ മുറ്റത്തെ പൂക്കളങ്ങൾക്കു കാന്തി പകരും . പഴമൊഴി പോലെ മലയാളി കാണം വിറ്റും ഓണമുണ്ണും. ആധിയും വ്യാധിയുമില്ലാതിരുന്ന, കള്ളവും ചതിയും ഇല്ലാത്ത ആ സമത്വ സുന്ദര കാലഘട്ടത്തിന്റെ ഓർമ നാം മലയാളികൾക്ക് എന്നും ആശ്വാസമേകുന്നതായിരിക്കും.
ഒരുമയുടെയും സാഹോദര്യത്തിന്റെയും ഓർമ്മപ്പെടുത്തലായ ഓണക്കാലത്തിന്റെ യഥാർത്ഥ അർത്ഥവും വ്യാപ്തിയും നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കട്ടെ.പഞ്ഞകർക്കിടകത്തിന്റെ ദുരിതങ്ങൾ താണ്ടി പ്രതീക്ഷയുടെ ആവണിമാസം ഇനിയും പുലരട്ടെ. ഓരോ ഓണക്കാലവും നമുക്ക് പുതു ജീവനത്തിൻ്റെ പ്രതീക്ഷകൾ നൽകട്ടെ. ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുരക്ഷിതമായ ഒരു ഓണക്കാലം ആശംസിക്കുന്നു.