തിരിച്ചുപോക്കില്ലാത്ത നല്ലിടങ്ങൾ …..ഈ വിദ്യാലയപ്പടികൾ ..
ചിലയിടങ്ങൾ അങ്ങനെയാവും ..ഓർമ്മത്തോണിയിൽ ഉലയാതെ ചിതലരിക്കാതെ നമ്മുടെ കൂടെകൂടും…നല്ലോർമകൾ വാരിവിതറിക്കൊണ്ട് നമ്മുടെ ബാല്യകൗമാരങ്ങൾക്ക് വീണ്ടും വീണ്ടും നിറമേകിക്കൊണ്ടിരിക്കും..മുൻപോട്ടുള്ള ജീവിതത്തിലെ പലവിധ റോളുകളിൽ അഭിനയിച്ചു മുന്നേറുമ്പോഴും നീലപ്പാവാട അണിഞ്ഞ ആ ഒരു കൂട്ടം പെൺകുട്ടികളുടെ നിഷ്കളങ്കമായ കലപില ശബ്ദങ്ങൾ ഒരു ചെറു പുഞ്ചിരിയായി എവിടെയോ മായാതെ കിടക്കും..
ഓണപ്പരീക്ഷകളും യൂത്ത് ഫെസ്റ്റിവലുകളും വാർഷിക ആഘോഷങ്ങളും അതിരമ്പുഴ പള്ളിപെരുനാളും കഴുന്നു പ്രദക്ഷിണവും, പരീക്ഷക്കാലത്തു മാർക്ക് കുറയാതിരിക്കുവാൻ പുണ്യാളനെ അകമഴിഞ്ഞ് പ്രാർത്ഥിച്ച ആ പള്ളിമുറ്റങ്ങളും ഒരു ദശാബ്ദക്കാലം കൂട്ടായ കാലം..
ആ അവസാനദിനം ഇന്നും ഓർമയിലുണ്ട്… ഇനിയൊരിക്കലും തിരിച്ചുവരാത്ത ,അവസാനിക്കുവാൻ പോകുന്ന ആ സ്കൂൾ ജീവിതത്തിന്റെ വിങ്ങലുകൾ, കയ്യിൽ ചേർത്തു പിടിച്ചിരുന്ന എസ് എസ് ൽ സി ബുക്കിനെ നനയ്ക്കാതിരിക്കുവാൻ അന്ന് ഞാൻ നന്നേ പണിപ്പെട്ടിരുന്നു. പിന്നീട് എപ്പൊഴൊക്കെയോ പൂർവ വിദ്യാർത്ഥിയായി ആ വേദിയിൽ മസിലുപിടിച്ചു ഇരിക്കേണ്ടി വന്നപ്പോഴും ആ വിദ്യാലയ മുറികളിലൂടെ പാറിനടക്കുവാൻ വെറുതെ മോഹിച്ചിരുന്നു ..
വർഷങ്ങൾക്കു ശേഷം ഇന്നീ അക്ഷരമുറ്റത്തു നിൽക്കുമ്പോൾ വീണ്ടും ഞാൻ കണ്ടുമുട്ടി , കുട്ടിക്കാലത്തെ വീണ്ടും വീണ്ടും പ്രണയിച്ചുകൊണ്ടു ആ വിദ്യാലയ മുറ്റത്തേക്ക് ആർത്തിയോടെ ഉറ്റുനോക്കുന്ന ആ പഴയ പെൺകുട്ടിയെ…..