ചായക്കപ്പിലെ ഭൂതകാലം

 
ഇന്ന് ഞാൻ ജനലിലൂടെ കാണുന്ന മഞ്ഞുമഴ..മനസിന്റെ ഓർമചെപ്പിലെ  വേനൽ മഴയോടൊരു  മൽപ്പിടുത്തമായിരുന്നു….കയ്യിലെ ചായക്കപ്പിൽനിന്നും ആർത്തിയോടെ പുറത്തുവരുന്ന ആവി, വേഗത്തിൽ  തണുത്തുമരവിക്കുവാനുള്ള  ആവേശത്തിലായിരുന്നു . ചായയുടെ ഗന്ധം എന്റെ നാസികകളെ  അലോസരപ്പെടുത്തിയോ അതോ ഇഞ്ചിയുടെ ഗന്ധം വമിക്കുന്ന ആ ചായക്കപ്പിനെ ഞാൻ പ്രണയിച്ചോ? അറിയില്ല 
രക്തം ഉറയുന്ന പുറത്തെ മഞ്ഞു മഴയിലും, ഉള്ളിലെ   മീനമാസ ചൂടിൽ  ആത്മാവിലെ  ആഴങ്ങളിൽ ഒരു ഭൂതത്തെപോലെ ഭൂതകാലം ഉന്മാദ നൃത്തം ആടുമ്പോൾ ഇന്നിന്റെ മഞ്ഞുമഴയാണോ ,  അതോ ഇന്നലകളിലെ പുതുമണ്ണിന്റെ ഗന്ധം പരത്തുന്ന ഇടവപ്പാതിയാണോ എനിക്ക്  പ്രിയപ്പെട്ടത്‌ ?..

നീലപ്പാവാടയിൽ നനഞ്ഞു കുതിർത്ത വൈകുന്നേരങ്ങളിൽ , സ്കൂൾ വിട്ടു വരുമ്പോൾ പാതയോരങ്ങളിലെ  ചെളിക്കുണ്ടുകളിൽ കൂട്ടുകാരുമൊത്തു കളിച്ചു തിമിർത്ത ബാല്യകാലം . ചേറുകളാൽ പലവിധ ചിത്രപണികൾ  വരച്ച കുഞ്ഞു പാവാടയിലെ ബാല്യകാലമാണോ , അതോ ശീതകാല ജാക്കറ്റുകളിൽ കൊടും തണുപ്പിനെ പടിഇറക്കിവിടുന്ന ഇന്നിന്റെ യൗവ്വനകാലമാണോ എനിക്ക് പ്രിയപ്പെട്ടത്‌ ?..


കുട്ടിക്കാലത്തെ രാത്രികളിൽ   അലോസരമായി തോന്നിയ ചീവീടിന്റെ ചിലമ്പൊച്ചകളും കുഞ്ഞു മണ്ഡൂകങ്ങളുടെ കോലാഹലങ്ങളും  ഇനിയും അറിയാത്ത ഏതൊക്കെയോ കിളികളുടെ ശബ്ദങ്ങളും ഈ മരവിച്ച പ്രകൃതിയിൽ  ഒരു വട്ടം കൂടി കേൾക്കുവാൻ ഇന്ന് ഞാൻ മോഹിക്കുന്നുണ്ടാവാം .
ഇന്നെന്റെ  കണ്ണുകളിൽ ഉടക്കി നിൽക്കുന്നത് ശിശിരകാലം ആഴത്തിൽ  തലോടിയ  മരച്ചില്ലകളാണ്. കൊടും തണുപ്പിനാൽ നിർജീവമായ ശിഖിരങ്ങൾ, ഒരു പക്ഷെ  വസന്തകാലത്തിനായി ആസക്തിയോടെയുള്ള  കാത്തിരുപ്പിലാവും. എന്നാൽ ഏതു കാലാവസ്ഥയിലും ‘ഇതൊക്കെ എന്ത്’  എന്ന് പറഞ്ഞു ഗമയോടെ  നിൽക്കുന്ന  ‘ക്രിസ്തുമസ് ചെടികൾ’  ഇതിനിടയിൽ ചിരിച്ചുനിൽപ്പുണ്ട്.  ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന കടുകുമണി പോലത്തെ മഞ്ഞകിളികളും , സന്ധ്യാസമയത് ഒരു മിന്നൽ പിണർ പോലെ പായുന്ന മുയല്കുട്ടന്മാരുമാണ് ഈ മരവിച്ച പ്രകൃതിയെ അല്പമെങ്കിലും ജീവനുള്ളതാക്കുന്നത്.

തണുത്ത ചായ ചുണ്ടിൽ മുട്ടിക്കുമ്പോളാണ് പുറകിൽ നിന്നുമൊരു വിളി .’ ചോറ് തിളച്ചു തൂവിയല്ലോ നവമി ‘…. സ്വപ്നം കണ്ടിരുന്നാൽ ‘അത്താഴ പഷ്ണി കിടക്കേണ്ടിവരുമല്ലോ’  എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ ഞാൻ , മരവിച്ച ചായ വാഷ് ബേസിനിൽ  ഒഴിച്ച് അടുക്കളയിലേക്കു ഓടിയ ഓട്ടം കണ്ടാൽ ഒരു പക്ഷേ  പി ടി  ഉഷപോലും അമ്പരക്കുമായിരിക്കും .