ആയിരം തടാകങ്ങളുടെ നാട്,സോണാ ബാത്തിൻ്റെ  നാട്,സാന്താ ക്ലോസിൻ്റെ  നാട്,   കൂടാതെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതയുടെ നാട് എന്നിവയൊക്കെയാണ് പൊതുവെ ഫിൻലൻഡ്‌ എന്ന രാജ്യത്തിൻറെ വിശേഷണം.എന്നാൽ ജീവിത ശൈലികൊണ്ടും സംസ്കാരം കൊണ്ടും തികച്ചും വ്യത്യസ്തരാണ് ഈ ദേശക്കാർ . തികച്ചും  അന്തർമുഖികളായ ഫിന്നിഷുകാരുടെ നാട്ടിൽ ജന്മമെടുത്ത വളരെ രസകരമായ ഒരു കായിക വിനോദമാണ് യൂകോൺകന്തൊഅഥവാ വൈഫ് ക്യാരിങ് കോമ്പറ്റിഷൻ‘. ഫിൻലൻഡിലെ സൊൻകയാർവി എന്ന സ്ഥലത്താണ് ഈ മത്സരം ജന്മമെടുത്തത്‌ .  ‘യൂകോൺകന്തൊ‘ എന്നാണ് ഫിന്നിഷ് ഭാഷയിൽ ഈ കായിക വിനോദത്തിന്റെ പേര്. പല സംസ്കാരങ്ങളുടെയും ഭാഗമായി പല നാടുകളിൽ വ്യത്യസ്തങ്ങളായ  കായിക വിനോദങ്ങളുണ്ടെകിലും, തികച്ചും രസകരമായ ഈ കായിക വിനോദം ഈ രാജ്യത്തിൻറെ മാത്രം സവിശേഷതയാവും .  

 

എല്ലാ വർഷവും ജൂലൈ മാസത്തിലാണ് ഇവിടെ ലോക ചാംപ്യൻഷിപ് നടത്തുന്നത് . അതിശയോക്തി തോന്നാമെങ്കിലും വളരെയധികം സ്പോർട്സ്മാൻ സ്പിരിറ്റോട് കൂടിയാണ്  ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള   ദമ്പതിമാർ  ആവേശത്തോടു കൂടി ഈ കായികവിനോദത്തിൽ പങ്കെടുക്കുന്നത്. ഭർത്താവ് തന്റെ ഭാര്യയെയും ചുമലിലേറ്റി കൊണ്ട് പ്രതിസന്ധികൾ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കണം. ഇനിയിപ്പോൾ വിവാഹം കഴിക്കാത്തവരാണെങ്കിൽ തങ്ങളുടെ പെൺ സുഹൃത്തിനെ ചുമലിൽ ഏറ്റിയാലും മതിയാവും. ഏറ്റവും വേഗത്തിൽ ഈ പ്രതിസന്ധികൾ തരണം ചെയ്തുകൊണ്ട്  ഫിനിഷിങ് ലൈനിൽ എത്തുന്നവരാണ് വിജയികൾ. വിജയികൾക്കു എന്താണ് സമ്മാനം എന്നറിയണ്ടേ? ഭാര്യയുടെ ശരീര ഭാരത്തിനു തുല്യമായുള്ള ബിയർ ബോട്ടിൽസ് ! രണ്ടും മൂന്നും സ്ഥാനക്കാർക്കും സമ്മാനങ്ങളുണ്ട് .അതുകൂടാതെ ഏറ്റവും നല്ല വേഷം ധരിച്ചവർകാണികളെ ഏറ്റവും കൂടുതൽ രസിപ്പിച്ച ദമ്പതികൾ ,ഏറ്റവും ശക്തനായ ഭർത്താവ്  അങ്ങനെ രസകരമായ സമ്മാനങ്ങൾ വേറെയുമുണ്ട്‌. 

 

ഇനി ഈ മത്സരത്തിന്റെ നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മറ്റേതൊരു കായികമത്സരവും പോലെ നിയമങ്ങൾ തയ്യാറാക്കുന്നതിന് പ്രത്യേകം കമ്മിറ്റിയുമുണ്ട്‌ ഇന്റർനാഷണൽ വൈഫ് ക്യാരിങ് കോമ്പറ്റിഷൻ റൂൾസ് കമ്മിറ്റി‘. ഭർത്താവ് തന്റെ  ഭാര്യയെയും  ചുമന്നുകൊണ്ട് ഓടേണ്ടത് 253 .5 മീറ്ററാണ് . ഈ ദുർഘടം പിടിച്ച പാതയിൽ മൂന്നു വിധത്തിലുള്ള വിഘ്‌നങ്ങൾ പ്രതിരോധിക്കേണ്ടതുണ്ട്. ഇതിൽ  പൂഴിമണ്ണും, വേലിക്കെട്ടുകളും ഏകദേശം ഒരു മീറ്റർ ആഴമുള്ള വെള്ളക്കെട്ടും ഉൾപ്പെടും. ഭാര്യക്ക് അല്ലെങ്കിൽ പെൺസുഹൃത്തിനു കുറഞ്ഞത് 17 വയസെങ്കിലും പ്രായമുണ്ടാവണം . കൂടാതെ കുറഞ്ഞത്‌  49 കിലോഗ്രാം ഭാരവും ഉണ്ടാവണം. ഇനിയിപ്പോൾ അതിലും കുറവാണ് ശരീര ഭാരമെങ്കിൽ അതിനു തുല്യമായ ഭാരമുള്ള ചാക്ക് കെട്ടി ഭർത്താവ് താൻ  ചുമക്കുന്ന ഭാരം ക്രമീകരിക്കണം. സുരക്ഷക്കുവേണ്ടി ഭാര്യക്ക് ഹെൽമെറ്റും ഭർത്താവിന് ബെൽറ്റും ധരിക്കാവുന്നതാണ്. മത്സരസമയത്തെ    തങ്ങളുടെ സുരക്ഷ ക്രമീകരണങ്ങൾ  ദമ്പതികൾ  പൂർണമായും  ഏറ്റെടുക്കേണ്ടതാണ്. വേണമെങ്കിൽ അവർക്കു ഇൻഷുറൻസ് പരിരക്ഷയും  തേടാവുന്നതാണ്‌. 

 

ഈ രസകരമായ കായിക വിനോദം ജന്മമെടുത്തതിനെച്ചൊല്ലി പല കഥകളും പ്രചരിക്കുന്നുണ്ട് . എല്ലാ കഥകളും  പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇവിടെ ജീവിച്ചിരുന്ന  റോൻകൈനെൻ  എന്ന തസ്കരവീരനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിൽ ഒരു കഥ, റോൻകൈനെനും തൻ്റെ കൂട്ടാളികളായ  കള്ളന്മാരും കൂടി അടുത്തുള്ള ഗ്രാമത്തിൽ ചെല്ലുകയും അവിടെയുള്ള ഭക്ഷണങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ഇതിനിടയിൽ അവിടെ നിന്നും ഓടി രക്ഷപെടുമ്പോൾ അവർ ആ ഗ്രാമത്തിലെ സ്ത്രീകളെയും തോളിലേറ്റി  മോഷ്ടിച്ചുകൊണ്ടു പോയത്രേ .  മറ്റൊരു കഥ റോൻകൈനെനും കൂട്ടാളികളും മറ്റു പുരുഷന്മാരുടെ ഭാര്യമാരെ മോഷ്ടിക്കുവാൻ  മാത്രമായി അടുത്തുള്ള ഗ്രാമത്തിൽ പോകുകയും അവരെ മോഷ്ടിച്ചുകൊണ്ടുവന്നു തങ്ങളുടെ ഭാര്യമാരാക്കുകയും ചെയ്തുവത്രെ. വേറൊരു കഥ, റോൻകൈനെൻ തന്റെ ചങ്ങാതിമാരെ പരിശീലിപ്പിക്കുന്നതിനു വേണ്ടി ചാക്കുകളും മറ്റു ഭാരമുള്ള വസ്തുക്കളും ചുമലിൽ ഏറ്റിക്കൊണ്ടു പലപ്പോഴും ഓടിച്ചിരുന്നുവത്രെ! 

 

കഥ എന്തുതന്നെ  ആയിരുന്നാലും എല്ലാ വർഷവും നല്ല പ്രസരിപ്പോടു കൂടി പല രാജ്യങ്ങളിൽ നിന്നും ദമ്പതികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.കഴിഞ്ഞ രണ്ടു തവണയും  വിജയിച്ചത് ലിത്തുവേനിയൻ ദമ്പതികളാണ് .  കഴിഞ്ഞ വർഷം   കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകചാമ്പ്യൻഷിപ് സംഘാടകർ നടത്തിയിരുന്നില്ല . ആധുനിക വൈഫ് ക്യാരിങ് കോമ്പറ്റിഷൻ‘  ആരംഭിച്ചത് 1992 ലാണ്. 1995 മുതൽ മറ്റു രാജ്യക്കാരും ഇതിൽ പങ്കെടുക്കുവാൻ തുടങ്ങി. മറ്റു  പല രാജ്യങ്ങളും ഫിൻലന്റിലെ ഈ മത്സരം ചുവടുപിടിച്ചു സമാനമായ രീതിയിൽ ഇപ്പോൾ മത്സരങ്ങൾ    നടത്താറുണ്ട്. എന്തായാലും  മത്സരത്തിൽ ജയിച്ചാലും തോറ്റാലും ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ഊഷ്‌മള ബന്ധം ഊട്ടി ഉറപ്പിക്കുവാൻ ഈ രസകരമായ കായികവിനോദം  സഹായിക്കുന്നുണ്ടത്രെ!  

 

എല്ലാ ദമ്പതികൾക്കും ലോക ചാമ്പ്യന്മാരാവാൻ ഈ കായികവിനോദം ഒരു പ്രോത്സാഹനമാവട്ടെ! നിങ്ങൾ വളരെ സ്പോർട്സ്മാൻ സ്പിരിറ്റുള്ള ദമ്പതികളാണെങ്കിൽ, നിങ്ങളുടെ ഭാര്യയെയും  ചുമലിലേറ്റിക്കൊണ്ടു ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് ലക്ഷ്യസ്ഥാനത്തു  എത്തിച്ചേരുവാനുള്ള മനക്കരുത്തുണ്ടെങ്കിൽ ഫിൻലൻഡിലെ ഈ രസകരമായ മത്സരത്തിൽ പങ്കെടുക്കാം! നിങ്ങൾക്കും ലോകജേതാക്കളാവാം!