മലയാളിയുടെ സ്കാൻഡിനേവിയൻ മഞ്ഞുകാല പരാക്രമങ്ങൾ…….

(മനോരമഓൺലൈനിൽ പ്രസിദ്ധീകരിച്ചത് ..)
 
 
 

 

മഞ്ഞു പുതച്ചു നിൽക്കുന്ന അദ്ഭുത നാട്! സംശയമില്ല ചന്തമുള്ള കാഴ്ച! എന്നാൽ മഞ്ഞിന്റെ ആദ്യത്തെ ആവേശവും ആനന്ദവും കഴിഞ്ഞാൽ പിന്നെ ശരീരവും മനസും മരവിയ്ക്കാതിരിക്കുവാൻ പലതും ചെയ്യേണ്ടതുണ്ട് . ചെറുപ്പം മുതലേ മഞ്ഞിലും, വല്ലപ്പോഴും വരുന്ന വെയിലിലും, മഴയിലും പുറത്തു സമയം ചിലവഴിച്ചും വ്യായാമം ചെയ്തും ശീലമുള്ള നാട്ടുകാർക്ക് ജനുവരിയിലെ തണുപ്പും ഇരുട്ടുമൊക്കെ നിസാരം.

 

 

എന്നാൽ  നമ്മൾ (ഞാൻ) അങ്ങനല്ലല്ലോ.. ഇടവപ്പാതിയിലെ ഒരു ചാറ്റൽ മഴ വന്നാൽ പോലും പുറത്തിറങ്ങാൻ മടി കാണിച്ചിരുന്ന എനിക്ക് വേഗത്തിൽ ഒരു പാരഗൺ ചെരുപ്പുമിട്ടു ഒരു സിമ്പിൾ ചുരിദാറും ധരിച്ചു പുറത്തിറങ്ങാമെന്നൊന്നും വിചാരിക്കേണ്ട . പല പാളിയുള്ള വേഷവിധാനങ്ങളെല്ലാം ധരിക്കാൻ കുറഞ്ഞത് 30 മിനിറ്റ് സമയമെങ്കിലും എടുക്കും. മൈനസ് പത്തിലും താഴെ താപനില പോയാൽ പിന്നെ കുറഞ്ഞത് മൂന്നു പാളി തുണിത്തരങ്ങൾ എങ്കിലുംശരീരത്തിൽ ഉണ്ടാവണം .

 

ഇനി കാറിൽ പോകാമെന്നു വച്ചാൽ മഞ്ഞു മൂടിക്കിടക്കുന്ന കാറിന്റെ ഐസ് ഇളക്കുവാനും അത്ര തന്നെ സമയം വേണം . കൂടാതെ പ്രീ ഹീറ്റ് ചെയ്തു കാറും ചൂടാക്കണം. ഇനി വേഷമെല്ലാം ഇട്ടു എല്ലാവരും തയ്യാറായി നിൽക്കുമ്പോളാവും കുട്ടികളുടെ നെയിച്ചേഴ്സ് കോൾ . വീണ്ടും അവരുടെ വേഷവിധാനങ്ങളെല്ലാം അഴിച്ചു കാര്യം കഴിഞ്ഞു വീണ്ടും തയ്യാറായി വരുമ്പോൾ തന്നെ പുറത്തു പോകണോ വേണ്ടയോ എന്നുള്ള ചാഞ്ചാട്ടം നമ്മുടെ മനസിലും വരാതില്ല .

 

 എന്നാൽ ഇതെല്ലാം സഹിച്ചു തണുപ്പത്തു കാറിൽ കയറി പുറത്തു പോയി, ഒരു ചൂട് പരിപ്പുവടയും ചായയും കഴിക്കാമെന്നു വച്ചാൽ അങ്ങനെയൊരു കട ഈരാജ്യത്തു വേണ്ടേ ഇഷ്ടാ? .. സ്വന്തമായി അടുക്കളയിൽ കയറി പരിപ്പ് വെള്ളത്തിൽ ഇട്ടു 4 മണിക്കൂറുകഴിഞ്ഞു മിക്സിയിൽ അരച്ച് ഉണ്ടാക്കി കഴിക്കുന്ന കാര്യമോർക്കുമ്പോൾ തല്ക്കാലം ആഗ്രഹം ഒരു ചായയിൽ ഒതുക്കി നിർവൃതി അടയും അല്ലെങ്കിൽ അപ്പോഴേക്കും ആഗ്രഹം പോയിട്ടുമുണ്ടാവും….

  

ഏകദേശം പത്തു മണിക്ക് വരുന്ന സൂര്യൻ മൂന്നു മണി ആകുമ്പോൾ അതിന്ടെ പാട്ടിനു പോകും. പിന്നെ പുറത്തോട്ടു നോക്കിയാൽ പാതിരാക്കോഴിയുടെ ഒരു കുറവേ ഉള്ളു……. നമ്മുടെ നാട്ടിലെ നട്ട പാതിരാ സീൻ ! എന്നിരുന്നാലും സ്കൂളുകളും ജോലിസ്ഥലങ്ങളുമെല്ലാം പതിവുപോലെ ഉഷാർ തന്നെ! സൂര്യൻ പിണങ്ങി നിൽക്കുന്നതിനാൽ വിറ്റാമിൻ ഡി പതിവായി കഴിച്ചു കക്ഷിയുടെ കുറവു നികത്തണം . ഇല്ലെങ്കിൽ ഡിപ്രെഷൻ അടിച്ചു എവിടെയെങ്കിലും ഒരു മൂലയ്ക്ക് ഇരിക്കുവാൻ  തോന്നും. എന്തായാലും സൂര്യന്റെ വില രാജ്യത്തു വന്നപ്പോൾ ബോദ്ധ്യപ്പെട്ടു.

  

രണ്ടും കൽപ്പിച്ചു നാട്ടുകാരെപോലെ കാലാവസ്ഥയൊന്നും നമുക്കും ഒരു പ്രശ്നവുമില്ലെന്നും പറഞ്ഞു പുറത്തിറങ്ങി ഗമയിൽ നടക്കുമ്പോഴാവും ആരുടെയെങ്കിലും ഒരു ഫോൺ വിളി. കുറച്ചു സംസാരിക്കുമ്പോഴേക്കും വായും നാക്കും മരവിച്ചു വാക്കുകൾ കുഴയും. ഇനി ഹെഡ് ഫോൺ എടുക്കാൻ മറന്നുപോയാൽ പിന്നെ മൊബൈൽ കയ്യിൽ പിടിച്ചു കൈ പോസ്റ്റർ ആകുമെന്നുറപ്പ് .

  

ഐസിൽ തെന്നിയടിച്ചു ഒരു മാസം സിക്ക് ലീവുമായി മലർന്നു കിടക്കാതിരിക്കാൻ , ഷൂസുകളിൽ പ്രത്യേകം ഘടിപ്പിക്കുവാൻ ചെരിപ്പിന്റെ അടിഭാഗത്തുള്ള ആണികടകളിൽ നിന്നും പ്രത്യേകം വാങ്ങി വയ്ക്കാവുന്നതാണ് .പുറത്തു മാത്രമേ ഇതു ധരിക്കുവാൻ പാടുള്ളു. വീടുകളിലും കടകളിയും കയറുമ്പോൾ ഇതെടുത്തു മാറ്റിയില്ലെങ്കിൽ അവരുടെ ഭംഗിയുള്ള ഫ്ലോറുകൾ നശിപ്പിച്ചു കയ്യിൽ കൊടുക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

  

ഇവിടുത്തെ തണുത്തു മരവിച്ച കഥകൾ പറയുവാൻ നാട്ടിലുള്ള ചങ്ങാതിയെ ഫോൺ വിളിച്ചപ്പോൾ ഉടൻ തന്നെ അവിടുന്നു കേട്ടു പരിഭവം…..എന്റെ നവമീ ചൂട് കാരണം വല്ലാത്ത അവസ്ഥ .കാലം തെറ്റി വന്ന ഒരു ചൂടുകാലം .. ജനുവരിയിലും ഒരു രക്ഷയുമില്ല ….അവിടെ മഞ്ഞിൽ നല്ല രസമായിരിക്കുമല്ലേ………….

  

ആണെന്നോ അല്ലെന്നോ പറയാതെ എന്തൊക്കെയോ അലസമായി സംസാരിച്ചിട്ട് വീണ്ടും ഞാനെന്റെ ലോകത്തിലേക്ക് പോയിഅക്കരപ്പച്ച പിന്നെ നമ്മൾ മലയാളികൾ…. ലോകത്തിന്റെ ഏതു കോണിലും, ഏതു മഞ്ഞിലും വെയിലിലും പിടിച്ചുനിൽക്കുമല്ലോ അല്ലേ?……..

പിന്നെ വസന്തം മരങ്ങളെയും പൂക്കളെയും തൊട്ടു തലോടുമ്പോൾ ഈ രാജ്യം പൊളിയാണ് കേട്ടോ ..അതിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി  മാർച്ച് മാസം വരെ………….

 

വാൽകഷ്ണം: ഫേസ് ബുക്കിൽ മഞ്ഞുകാല ഫോട്ടോകൾ ഇട്ടു ലൈക് വാങ്ങിക്കുവാനുള്ള ആവേശത്തിനുവേണ്ടി കയ്യിലെ ഗ്ലൗസ് മാറ്റി ഫോട്ടോ എടുത്തു വിരലുകൾ മരവിച്ച കഥ അടുത്ത ലക്കത്തിൽ………..