ഞാനൊരിക്കലും എന്റെ പ്രായത്തെകുറിച്ചോ ലിംഗത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല. വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി ഞങ്ങള്‍ക്ക് ഒരുപാട് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു‘. –  ഈ വാക്കുകൾ അവരുടേതാണ്!  മുപ്പത്തി നാലാമത്തെ  വയസിൽ ഫിൻലൻഡ്‌ പ്രധാന മന്ത്രിയായശേഷം മാധ്യമങ്ങളെകണ്ട,   ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി സന്ന മാരിന്റേത്‌  . സ്വവർഗ ദമ്പതികളാൽ  വളർത്തപ്പെട്ട മാരിൻ, ഈ പദവിയിൽ എത്തിച്ചേർന്നത് , ആയിരക്കണക്കിന് ജാതിമതസമവാക്യങ്ങളുടെ കണക്കുകൂട്ടലിലോ , പതിനായിരക്കണക്കിന് ചെറുകിട രാഷ്‌ട്രീയ പാർട്ടികളുടെ ‘വനിതാ സീറ്റ് സംവരണത്തിന്റെ’ ആനുകൂല്യത്തിലോ  അല്ല. മറിച്ചു അതിന് ഒരു സമൂഹത്തിന്റെ മുഴുവൻ കരുതലിന്റെ ആവരണമുണ്ട് !


ഒരു പക്ഷെ നമ്മുടെ നാടുകളിൽ ഒരിക്കലും മുഖ്യധാരയിലേക്ക് ഉയർന്നുവരുവാൻ സാധിക്കാത്ത, ജീവിത സാഹചര്യങ്ങളിൽ  വളർന്നു വന്ന ഒരു സാധാരണ പെൺകുട്ടി .  മനുഷ്യന്റെ ബയോളജിക്കൽ അവസ്ഥാന്തരങ്ങളെ തികച്ചും സ്വാഭാവികമായി കാണുന്ന ഒരു പറ്റം  ജനതയുടെ നാട്ടിൽ, ആൺമേൽക്കോയ്മയുടെ അടിച്ചമർത്തലുകൾ ഇല്ലാത്ത ഒരു നാട്ടിൽ, ആയിരക്കണക്കിന് ജാതിമതങ്ങളുടെ നേതാക്കന്മാരെ സീറ്റ് സംവരണങ്ങളിൽ‘  സന്തുഷ്ടരാക്കേണ്ടാത്തവരുടെ  നാട്ടിലെ  ഒരു സ്വാഭാവിക അവസ്ഥ. മന്ത്രിസഭയിലെ ഏറിയ പങ്കും  വനിതാ മന്ത്രിമാർ.മാത്രമല്ല  രാജ്യത്തെ പ്രധാനപ്പെട്ട ഒൻപതു പാർട്ടികളിൽ ആറിന്റെയും നേതാക്കൾ വനിതകൾ.140 കോടിയോളം വരുന്ന ജനങ്ങളുടെ ഇടയിൽ  സ്വാതന്ത്ര്യം  ലഭിച്ചു 74  വർഷങ്ങൾക്കു  ശേഷവും   നമുക്ക് എടുത്തു പറയാവുന്നത് ഒരു വനിതാ പ്രധാനമന്ത്രിയെയോപ്രസിഡന്റിനേയോ ഒക്കെ  മാത്രമാണ്. 

 

വനിതാ ദിനം ….പൂക്കളും,സമ്മാനങ്ങളും കോലാഹലമുണ്ടാക്കുന്ന പതിവുപോലെ വർഷത്തിലെ മറ്റൊരു ദിനം.വനിതാ ദിനങ്ങൾ ആഘോഷമാകുമ്പോൾ  പുകഞ്ഞുവരുന്ന ചില  മറുചോദ്യങ്ങൾ 

ഇപ്പോഴും പെൺകുട്ടിയാണെന്ന പേരിൽ നിശബ്ദമായി ഭ്രൂണഹത്യകൾ നടക്കുന്ന, അല്ലെങ്കിൽ പെൺകുഞ്ഞായിപോയതിന്റെ പേരിൽ പരോക്ഷമായി  പീഡനങ്ങൾ ഏൽക്കുന്നവരുടെ  ഇടയിൽ  പരിഷ്കൃത ലോകമെന്നു നാം വിളിക്കുന്ന 2021   ഓരോ  വനിതാ ദിനങ്ങളും തികച്ചും പ്രാധാന്യം അർഹിക്കുന്നു . മൂല്യാധിഷ്ഠിത സമൂഹമെന്ന് സ്വയം  പ്രസംഗിക്കുമ്പോഴും അഹങ്കരിക്കുമ്പോളും, ഒരു പെൺകുഞ്ഞായി  തന്റെ അമ്മയുടെ ഉദരത്തിൽ  കൊരുത്തത്തിന്റെ പേരിൽ  മാത്രംവിടരും മുൻപേ അടർത്തിയെടുത്തു ആകാശങ്ങളുടെ  അനന്തതയിൽ അസ്തമിക്കപ്പെടുന്ന ആ കുഞ്ഞു മാലാഖമാരെവിടെ. ..

നൂറിന് നൂറും സാക്ഷരത  കൈവരിച്ചവരുടെ നാട്ടിൽ, ദിനപത്രങ്ങളിൽ ഒരു  പേജ് പൂർണമായും പീഡനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന വലിയ സമൂഹം. വലുതാകുന്നുവെന്ന്  സ്വയം  അഹങ്കരിക്കുമ്പോഴും വീണ്ടും വീണ്ടും ചെറുതാകുന്നവർ !ആത്മഹത്യയും പീഡനങ്ങളും  തുടർക്കഥയാവുന്ന നാട്ടിൽ , ‘ഇരകൾഎന്ന് സമൂഹം ഓമനപ്പേരിട്ട് വിളിക്കുന്നവർ പെരുകുന്നവരുടെ  നാട്ടിൽഒരു വ്യാഴവട്ടക്കാലം കണ്ണിൽ എണ്ണ ഒഴിച്ച്  നീതിക്കുവേണ്ടി കാത്തിരിക്കുന്നവരുടെ നാട്ടിൽ ഓരോ വനിതാ ദിനങ്ങളും എന്തെങ്കിലും പുനർവിചിന്തനങ്ങൾ നടത്തിയാൽ നന്ന്.

 

ഈ അടുത്ത കാലത്തു വായിക്കുവാൻ ഇടയായിതന്റെ 4 പെണ്മക്കളെ ഒറ്റയ്ക്ക് വളർത്തി നല്ല രീതിയിൽ വിവാഹം കഴിപ്പിച്ചുവിട്ട അമ്മയെ വാഴ്ത്തുന്ന സമൂഹ മാധ്യമ  പോസ്റ്റുകൾ.ഒറ്റയ്ക്ക് നമ്മുടെ സമൂഹത്തിൽ മക്കളെ വളർത്തി വലുതാക്കിയ അമ്മയുടെ കഴിവിനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് തന്നെ മറ്റൊരു കാര്യം പറയുവാൻ ആഗ്രഹിക്കുന്നു ..ഇവിടെയാണ് നമ്മുടെ ചിന്താഗതികൾ മാറേണ്ടത്..കൈ നിറയെ വിദ്യാഭ്യാസവുംസ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കുവാനുള്ള ജീവിത ശീലങ്ങളും,   നന്മ തിന്മകൾ വേർതിരിച്ചു കാണുവാനുള്ള  പാകബുദ്ധിയും, സമൂഹത്തിൽ തന്റേടത്തോടെ നിലയുറച്ചു ജീവിക്കാനുമുള്ള  ആത്മവിശ്വാസവും ശിക്ഷണവും അറിവുകളുമാവട്ടെ   ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ മാതാപിതാക്കളും തങ്ങളുടെ  മക്കൾക്ക്   പകർന്നു നൽകുന്നത് ..

 

പെൺകുട്ടിയുണ്ടാകുമ്പോൾ തന്നെ സമ്പാദ്യ ശീലത്തിന് പ്രേരിപ്പിക്കുന്ന മറ്റൊരു കൂട്ടരുണ്ട്  . വർഷങ്ങളായി നമ്മൾ കെട്ടിയുണ്ടാക്കിയ  വിവാഹക്കച്ചവടത്തിനു തങ്ങളുടെ മക്കളെയും തയ്യാറാക്കുവാൻനമ്മുടെ ക്ഷേമം കാംക്ഷിക്കുന്നവരിൽ നിന്നും ലഭിക്കുന്ന സൗജന്യമായ ചില ഉപദേശങ്ങൾ   . ‘സ്ത്രീഎന്ന വിലമതിക്കാനാവാത്ത ധനത്തിനെ പുച്ഛിക്കുന്ന, വെറും 100 പവൻ മാത്രം വിലയിടുന്ന, കുടുംബങ്ങൾ തമ്മിലുള്ള  വിവാഹക്കച്ചവടത്തിലെ പിൻവാതിലിൽ നടക്കുന്ന വിലയുറപ്പിക്കൽ ചടങ്ങുകൾ .

വീടും സമ്പാദ്യവും വിറ്റുപെറുക്കി പെണ്മക്കളെന്ന  ‘ഭാരംഇറക്കിവച്ചു  മറ്റൊരുതനു  കൈപിടിച്ചു  കൊടുക്കുമ്പോൾ ചുക്കി ചുളുങ്ങിയ വൃദ്ധജനങ്ങളുടെ മുഖത്ത് തെളിയുന്ന നിർവൃതി കാണുമ്പോൾ പലപ്പോഴും ഭയം തോന്നാറുണ്ട് . വിവാഹത്തിലൂടെ മാതാപിതാക്കളുടെ ജീവിത ഭാരംഇറക്കി വയ്ക്കുകയെന്ന പോഷത്തരങ്ങൾ എന്നാണ് നമ്മുടെ മസ്തിഷ്കത്തിൽ നിന്നും ഉന്മൂലനം ചെയ്യുന്നത്

 

അവഗണയും വേദനകളും ഉള്ളിലൊതുക്കി ആത്മാവിനെ ഞെരിച്ചമർത്തി ശ്വാസം മുട്ടിച്ചുകൊണ്ടു ഏതെങ്കിലും അടുക്കള കോലായിലെ ചുവരുകളിൽ അമരുന്ന ആത്മസംഘർഷങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്തിയെ മതിയാവു. പെണ്ണുങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്തുന്നത്  ആൺവിരോധമല്ല. സ്ത്രീത്വം മാത്രമാണ് മഹത്തരമെന്ന് സ്ഥാപിക്കുവാനല്ല. ശബ്ദം ഉയർത്തുവാൻ കെൽപ്പില്ലാത്ത, പെണ്ണായി പിറന്നതിന്റെ പേരിൽ നീതി നിഷേധിക്കപ്പെടുന്നവർക്കുവേണ്ടിയുള്ള വേറിട്ട ശബ്ദമാണ് . അത് ചിലപ്പോൾ അംഗീകരിക്കുവാൻ സാധിക്കാത്തവർക്ക് വെറും മീൻ കഷ്ണം കിട്ടാത്തതിന്റെ ‘  മറ്റൊരു ട്രോളൻ വാർത്തയാവും. വിരോധാഭാസമെന്നു തോന്നിയാലും, പല സന്ദർഭങ്ങളിലും സ്ത്രീകളെ  മൂഢവിശ്വാസങ്ങളുടെ  ഉരുക്കു ചട്ടക്കൂടിനുള്ളിൽ തളച്ചിടുന്നത് ശിലായുഗനാരി‘  സങ്കല്പമുള്ള സ്ത്രീകൾ തന്നെയാണെന്ന് തോന്നിപ്പോകാറുണ്ട് .



ഈ വനിതാ ദിനത്തിൽ അവൾക്കു വേണ്ടത് പൂക്കളും പൂച്ചെണ്ടുകളുമല്ല  …അവളുടെ മുട്ടോളമുള്ള കുഞ്ഞു സ്വപ്‌നങ്ങൾ വാരിപ്പുണരുവാൻ,   തൻ്റെ   കുഞ്ഞു ലോകത്തു സ്വതന്ത്രമായി വിരാജിക്കുവാൻ , അവളുടെ വാതായനങ്ങൾ തുറന്നു കൊടുത്താൽ മതിയാവും!

അഭിവാദ്യങ്ങളും ഉപചാരങ്ങളുമല്ല …ഇഷ്ടമുള്ള വേഷം ധരിക്കുവാനും ഇഷ്ടമുള്ള പാത പിന്തുടരുവാനും നിങ്ങളുടെ നിശബ്ദ സമ്മതം മതി. വേഷമല്ല, മാന്യമായ പെരുമാറ്റത്തിലാവട്ടെ  സമൂഹമെന്ന കോടതി‘  അവൾക്കു മാർക്കിടുന്നത് . സദാചാര പോലീസിന്റെ കണ്ണിൽ നിന്നും അന്ധകാരത്തിൽ ഓടിയൊളിക്കുവാനല്ല ,  ആത്മവിശ്വാസത്തോടുകൂടി സമൂഹത്തിൽ തല ഉയർത്തി നടക്കുവാനുള്ള പ്രോത്സാഹനമാണ് അവൾക്കു വേണ്ടത് ! അവൾക്കു നേരെ വിരലുകൾ ചൂണ്ടാതെ , ‘കൂടെയുണ്ട് എന്ന തോന്നലുണർത്തുന്ന പറയാതെ പറയുന്ന ചില കരുതൽ സ്പർശങ്ങൾ.. അത്രമാത്രം  മതിയാവും !